ഗുസ്തി താരങ്ങളുടെ സമരത്തിന് എത്രയും വേഗം പരിഹാരമുണ്ടാക്കണം -നീരജ് ചോപ്ര
text_fieldsദോഹ: നീതിക്കുവേണ്ടി തെരുവിലിറങ്ങിയ ഗുസ്തി താരങ്ങളുടെ സമരം എത്രയും വേഗം തീർപ്പാക്കണമെന്ന് ഇന്ത്യയുടെ ഒളിമ്പിക്സ് ജാവലിൻ ചാമ്പ്യൻ നീരജ് ചോപ്ര. ദോഹ ഡയമണ്ട് ലീഗിൽ മിന്നും പ്രകടനത്തോടെ ഒന്നാമതെത്തിയതിനു പിന്നാലെ ഗുസ്തി താരങ്ങളുടെ സമരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ‘ഗൾഫ് മാധ്യമ’ത്തോട് പ്രതികരിക്കുകയായിരുന്നു നീരജ് ചോപ്ര. ഈ വിഷയത്തിൽ നേരത്തെ തന്നെ തന്‍റെ അഭിപ്രായം പ്രകടിപ്പിച്ചതാണെന്നും, എത്രയും വേഗം ചർച്ചയിലൂടെയും പ്രശ്നം പരിഹരിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും താരം പറഞ്ഞു. ഏഷ്യൻ ഗെയിംസ് ഉൾപ്പെടെ അന്താരാഷ്ട്ര മത്സരങ്ങൾ വരാനിരിക്കെ കായിക താരങ്ങളുടെ സമരം അനിശ്ചിതമായി നീട്ടികൊണ്ടുപോകരുതെന്നും നീരജ് ആവശ്യപ്പെട്ടു
‘രാജ്യത്തിന് അന്താരാഷ്ട്ര വേദികളിൽ വലിയ ബഹുമതികൾ സമ്മാനിച്ച് അഭിമാന താരങ്ങളായവരാണ് ഗുസ്തി താരങ്ങൾ. അവരുടെ ആത്മാഭിമാനത്തിന് വിലയുണ്ട്. ആവശ്യം എത്രയും വേഗത്തിൽ പരിഹരിക്കപ്പെടണം. ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പി.ടി. ഉഷ താരങ്ങളുമായി സംസാരിച്ചത് ശുഭസൂചനയാണ്’ -നീരജ് പറഞ്ഞു.
ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൻ സിങ്ങിനെതിരെ ഡൽഹിയിലെ ജന്തർമന്തറിൽ ഇന്ത്യയുടെ ഒളിമ്പിക്സ് മെഡൽ ജേതാക്കളായ ബജ്റങ് പൂനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവരുടെ നേതൃത്വത്തിൽ ഗുസ്തി താരങ്ങൾ സമരവുമായി രംഗത്തെത്തിയ ആദ്യ ഘട്ടത്തിൽ തന്നെ പരസ്യ പിന്തുണയുമായി നീരജ് ചോപ്ര രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെ പ്രതികരിച്ച നീരജ് അത്‍ലറ്റുകൾ നീതിക്കുവേണ്ടി തെരുവിൽ നിൽക്കേണ്ടി വരുന്നത് വേദനിപ്പിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു.
‘രാജ്യത്തെ പ്രതിനിധീകരിച്ച് ഇന്ത്യയുടെ അഭിമാനം ഉയർത്തിയവരാണ് അത്‍ലറ്റുകൾ. അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതും ആത്മാഭിമാനം സംരക്ഷിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്. ഒരിക്കലും സംഭവിക്കാത്തതാണ് ഇപ്പോൾ സംഭവിക്കുന്നത്. വളരെ വൈകാരികമായൊരു വിഷയമാണ്. ഇക്കാര്യത്തിൽ പക്ഷപാതിത്വമില്ലാതെയും സുതാര്യമായും തീരുമാനമെടുക്കണം’ -കഴിഞ്ഞ ഏപ്രിൽ 28ന് നീരജ് ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.
വെള്ളിയാഴ്ച രാത്രിയിൽ നടന്ന ദോഹ ഡയമണ്ട് ലീഗിൽ 88.67 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തി ചരിത്രം കുറിച്ചതിനു പിന്നാലെയായിരുന്നു ഇന്ത്യയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ വിഷയത്തിൽ നീരജ് ചോപ്ര പ്രതികരിച്ചത്. ദോഹയിൽ 90 മീറ്റർ ലക്ഷ്യം കണ്ടെത്താനാവാത്തതിന്‍റെ നിരാശയും നീരജ് പങ്കുവെച്ചു. ആഗസ്റ്റിൽ നടക്കുന്ന ലോകചാമ്പ്യൻഷിപ്പിന് നന്നായി ഒരുങ്ങുമെന്നും അദ്ദേഹം മത്സര ശേഷം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.