ഏഷ്യൻ ടൗണിലും ഐഡിയൽ സ്കൂളിലും കമ്യൂണിറ്റി ദേശീയദിന പരിപാടികൾ
text_fieldsദോഹ: ദേശീയദിനത്തോടനുബന്ധിച്ച് തൊഴിലാളികൾക്കായി കല -സാംസ്കാരിക പരിപാടി ബുധനാഴ്ച രണ്ടിടങ്ങളിലായി നടക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മുതൽ രാത്രി ഒമ്പത് വരെ ഇൻഡസ്ട്രിയൽ ഏരിയയിലെ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയം പാർക്കിങ് ഗ്രൗണ്ടിലും, ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിലുമായാണ് പരിപാടി നടക്കുക. വർക്കേഴ്സ് ആൻഡ് ഇൻഷുറൻസ് ഫണ്ടിന്റെ (ഡബ്ല്യു.എസ്.ഐ.എഫ്) ആഭിമുഖ്യത്തിലാണ് ദേശീയദിന പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഏഷ്യൻ ടൗണിൽ ഏഷ്യൻ ബാൻഡിന്റെ പ്രത്യേക സംഗീത കച്ചേരി, നറുക്കെടുപ്പും സമ്മാന വിതരണവും, സുരക്ഷാ ബോധവത്കരണ പരിപാടികൾ, ചലച്ചിത്ര പ്രദർശനം, വിവിധ സമൂഹങ്ങളുടെ പരമ്പരാഗത കലാ പരിപാടികൾ, സ്കൂൾ ടീമുകളുടെ സാംസ്കാരിക പ്രകടനങ്ങൾ, സ്വകാര്യ ക്ലിനിക്കുകളുടെ സൗജന്യ പരിശോധനകൾ എന്നിവ നടക്കും. ഐഡിയൻ ഇന്ത്യൻ സ്കൂളിൽ വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന പരിപാടിയിൽ ഏഷ്യൻ ഗായകരുടെ സംഗീതക്കച്ചേരി, നറുക്കെടുപ്പും സമ്മാന വിതരണവും, സുരക്ഷാ ബോധവത്കരണ പരിപാടികൾ, സാംസ്കാരിക പ്രകടനങ്ങൾ എന്നിവയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ബർവ, വസീഫ്, ഡബ്ല്യു.എസ്.ഐ.എഫ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ റാസ് ലഫാൻ കമ്യൂണിറ്റി ഔട്ട്റീച്ച് സംരംഭമായ ബെദാറിന്റെ ഭാഗമായി അൽഖോർ ബർവ വർക്കേഴ്സ് റിക്രിയേഷൻ കോംപ്ലക്സിലും ദേശീയദിനത്തോടനുബന്ധിച്ച് തൊഴിലാളികൾക്കായി കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. അർജന്റീന നൈബർഹുഡിലെ താമസക്കാർക്കായും ദേശീയദിനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.