ഖത്തർ റെഡ് ക്രസന്റിന്റെ കാരുണ്യവർഷം
text_fieldsദോഹ: ദുരിതാശ്വാസ-വികസന പ്രവർത്തനങ്ങൾക്കായി ഖത്തർ റെഡ് ക്ര സന്റ് സൊസൈറ്റി ഈ വർഷം ചെലവഴിച്ചത് 48.3 കോടി റിയാൽ. പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ 87 ലക്ഷം പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കളായത്.
അന്താരാഷ്ട്ര മാനുഷിക പ്രവർത്തന രംഗത്ത് ഗൾഫ് രാജ്യങ്ങളുടെ പങ്കിനെ പ്രതിനിധീകരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി അർഹരായ നിരവധി സംഘങ്ങളിലേക്കാണ് ഖത്തർ റെഡ്ക്രസന്റ് 2023ൽ പ്രവർത്തന മേഖല വ്യാപിപ്പിച്ചതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
സാമൂഹിക, മാനുഷിക ദൗത്യത്തിനായി ഖത്തർ റെഡ്ക്രസന്റ് ചുമതലകൾ നിർവഹിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. എല്ലായിടങ്ങളിലും ദുർബലരും, അരികുവത്കരിക്കപ്പെട്ടവരിലേക്കുമാണ് സഹായങ്ങൾ എത്തിച്ചേരുന്നത്. അന്താരാഷ്ട്ര മാനുഷിക പ്രവർത്തന രംഗത്ത് ഖത്തറിനെ മുന്നിലെത്തിക്കുന്നതിലും ഖത്തർ റെഡ്ക്രസന്റ് വലിയ പങ്ക് വഹിക്കുന്നു -പ്രസ്താവന വിശദീകരിച്ചു.
പ്രാദേശികാടിസ്ഥാനത്തിൽ 1.27 കോടി റിയാലിന്റെ വിവിധ പദ്ധതികളിലൂടെയും സീസണൽ പ്രോഗ്രാമുകളിലൂടെയും 10.62 ലക്ഷം ആളുകളിലേക്ക് സഹായങ്ങളെത്തിച്ചു.
വിവിധ പരിശീലന കോഴ്സുകളിൽ പങ്കെടുക്കുകയും നിരവധി സന്നദ്ധ പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്ത 29,645 സന്നദ്ധ പ്രവർത്തകരെ ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റിയിലുൾപ്പെടുത്തി.
അന്താരാഷ്ട്ര തലത്തിൽ 27 രാജ്യങ്ങളിലായി 59 ലക്ഷം ഗുണഭോക്താക്കളാണ് 15.41 കോടി റിയാലിന്റെ മാനുഷിക പദ്ധതികളുടെ ഗുണഭോക്താക്കളായത്. ഇവയിൽ സോമാലിയ, ഫലസ്തീൻ, ലെബനാൻ, വെനിസ്വേല, യമൻ, ജോർഡൻ, മൊറോക്കോ, സുഡാൻ, ഇറാഖ്, കെനിയ, അഫ്ഗാനിസ്താൻ, കിർഗിസ്താൻ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടും.
സിറിയ-തുർക്കിയ ഭൂകമ്പം, സുഡാനിലെ യുദ്ധം, ലിബിയയിലെ ഡാനിയൽ കൊടുങ്കാറ്റ്, മൊറോക്കോയിലുണ്ടായ ഭൂകമ്പം, ഗസ്സയിലെ യുദ്ധം എന്നിവയിലും ശ്രദ്ധേയമായ ഇടപെടൽ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.