യമനിൽ അസ്ഥിരത സൃഷ്ടിക്കുന്ന വിഭാഗങ്ങളെ ഖത്തർ പിന്തുണക്കില്ല
text_fieldsദോഹ: യമനിൽ അസ്ഥിരത സൃഷ്ടിക്കുന്ന ഒരു വിഭാഗത്തെയും പിന്തുണക്കാൻ ഖത്തർ തയ്യാറല്ലെന്ന് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി. യമനിലെ വിവിധ ഗ്രൂപ്പുകളെ ഒരു മേശക്ക് ചുറ്റും കൊണ്ടുവന്ന് ചർച്ച നടത്തുകയാണ് പ്രതിസന്ധി പരിഹരിക്കാനുള്ള ഏക പോംവഴിയെന്നാണ് ഖത്തർ മനസിലാക്കുന്നത്. പുറം രാജ്യത്തിെൻറ താൽപര്യത്തിൽ ഏതെങ്കിലും ഒരു ഗ്രൂപ്പിനെ പിന്തുണക്കാൻ തങ്ങൾക്കാവില്ല.
ബ്രസൽസിൽ യൂറോപ്യൻ യൂനിയൻ വിദേശകാര്യ മേധാവി ഫെഡറിക മുഗേരിനിയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. യമനിലെ സംഭവ വികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ് ഖത്തർ. മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിൽ യമനിലെ പ്രശ്ന പരിഹാരം അനിവാര്യമാണെന്ന് വിശ്വസിക്കുന്ന രാജ്യമാണ് ഖത്തർ. അറബ് ലീഗ് തീരുമാനം അനുസരിച്ച് യമനിൽ നിയമപരമായ ഭരണകൂടത്തേയാണ്അംഗീകരിക്കേണ്ടതെന്ന നിലപാടാണ് രാജ്യത്തിനുള്ളത്. ജി.സി.സി അംഗീകരിച്ച പ്രമേയവും അത് തന്നെയാണ്.
എന്നാൽ സഖ്യ രാജ്യങ്ങളിൽ ചിലർക്ക് യമനിൽ സ്വന്തം താൽപര്യങ്ങൾ നടപ്പിലാക്കാനുള്ള ആഗ്രഹത്തിനാണ് മുൻതൂക്കം. ഇത് ഒരു നിലക്കും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും വിദേശകാര്യ മന്ത്രി അഭിപ്രായപ്പെട്ടു. യമനിലെ പ്രതിസന്ധി സങ്കീർണമാക്കാനുള്ള ശ്രമം ആര് നടത്തിയാലും അത് ഇറാനാണെങ്കിലും ഖത്തർ ശക്തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യമനിൽ സുസ്ഥിരത കൈവരിക്കാൻ എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് ഇരുത്താനുള്ള ഏത് ശ്രമത്തെയും ഖത്തർ പിന്തുണക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.