ചരിത്രത്തിലേക്കൊരു വിസിൽ മുഴക്കം
text_fieldsദോഹ: ഒരു വർഷം മുമ്പ് ലോക ഫുട്ബാളിൽ പുതുചരിത്രമായി വനിതാ റഫറിമാരുടെ അരങ്ങേറ്റം കുറിച്ച അതേ മണ്ണിലൂടെ ഏഷ്യൻ ഫുട്ബാളിലും ഇന്ന് ചരിത്രപ്പിറവി. ശനിയാഴ്ച ഉച്ചക്ക് അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിലെ അങ്കം നിയന്ത്രിക്കാനുള്ള നിയോഗവുമായി ജപ്പാനിൽ നിന്നുള്ള യോഷിമി യമാഷിതയിറങ്ങുമ്പോൾ പിറക്കുന്നത് പുതു ചരിത്രമാവും. 37കാരിയായ യോഷിമി ചരിത്രത്തിലേക്ക് വിസിൽ മുഴക്കുമ്പോൾ കിക്കോഫ് കുറിക്കാനുള്ള നിയോഗം ഇന്ത്യയുടെ ഇതിഹാസ താരം സുനിൽ ഛേത്രിക്കോ അല്ലെങ്കിൽ മറു പകുതിയിലെ ഓസീസ് മുന്നേറ്റ നിരക്കോ ആയിരിക്കും.
യോഷിമിയും ആസ്ട്രേലിയയുടെ കെയ്റ്റ് ജാസ്വിക്സുമാണ് ഏഷ്യൻ കപ്പ് മത്സരങ്ങൾ നിയന്ത്രിക്കാനുള്ള റഫറിമാരുടെ പട്ടികയിലെ വനിതകൾ. നിരവധി അന്താരാഷ്ട്ര മത്സരങ്ങളുടെ പരിചയമുള്ളവരാണ് ഇരുവരും. ഇവർക്കു പുറമെ മൂന്ന് അസിസ്റ്റന്റ് റഫറിമാരും വൻകര മേളയുടെ പട്ടികയിലുണ്ട്. ജപ്പാനിൽ നിന്നുള്ള ബൊസോനോ മകോടോ, തെഷിറോഗി നവോമി, ദക്ഷിണ കൊറിയയുടെ കിം യോങ് മിൻ എന്നിവരാണവർ.
ലോകകപ്പ് ഫുട്ബാളിന് ഫിഫ തിരഞ്ഞെടുത്ത ആറു പേരിൽ ഒരാളായിരുന്നു ടോക്യോയിൽ നിന്നുള്ള യോഷിമി. ലോകകപ്പിൽ മെയിൻ റഫറിയായി കളത്തിലിറങ്ങിയില്ലെങ്കിലും ആറു മത്സരങ്ങളുടെ ഫോർത് ഒഫീഷ്യലായി ഇവരുണ്ടായിരുന്നു. കഴിഞ്ഞ ജൂലൈയിൽ ആസ്ട്രേലിയയിൽ നടന്ന വനിത ലോകകപ്പിൽ മെയിൻ റഫറിയായി. ഒമ്പതു വർഷം മുമ്പായിരുന്നു യോഷിമിയുടെ റഫറിയിങ് യാത്രയുടെ തുടക്കം കുറിക്കുന്നത്. ഫിഫയുടെയും എ.എഫ്.സിയുടെയും റഫറിയിങ് ലൈസൻസ് സ്വന്തമാക്കിയതിനു പിന്നാലെ ജപ്പാൻ ആഭ്യന്തര ലീഗുകളിലൂടെ കളത്തിൽ സജീവമായിത്തുടങ്ങി. ജപ്പാൻ ലീഗിലെ മൂന്നാം ഡിവിഷനുകളിലും പിന്നീട്, രണ്ട്, ഒന്ന് ലീഗുകളിലും കളി നിയന്ത്രിച്ച ഇവർ 2019 വനിതാ ലോകകപ്പ്, ഒളിമ്പിക്സ് തുടങ്ങിയ അന്താരാഷ്്ട്ര മത്സരങ്ങളുടെയും ഭാഗമായി. അതിന്റെ തുടർച്ചയായാണ് കഴിഞ്ഞ ലോകകപ്പ് സംഘത്തിന്റെ ഭാഗമായത്. ജപ്പാൻ ലീഗിൽ വിവിധ ടൂർണമെന്റുകളിലും എ.എഫ്.സി ചാമ്പ്യൻസ് ലീഗിലും തുടങ്ങി പുരുഷ ഫുട്ബാളുകൾ നിയന്ത്രിച്ച പരിചയവുമായാണ് വൻകരയുടെ അങ്കത്തിനും വിസിൽ എടുക്കുന്നത്.
ഖത്തറിൽ നടന്ന ലോകകപ്പ് ഫുട്ബാളിൽ ബെൽജിയം-കാനഡ ഗ്രൂപ് മാച്ചിൽ ഫോർത് ഒഫീഷ്യലായാണ് സേവനം അനുഷ്ഠിച്ചത്. വനിതാ ലോകകപ്പിൽ നോർവേ- ന്യൂസിലൻഡ് മത്സരത്തിനിടെ ഗ്രൗണ്ടിൽ നിന്ന് വിഡിയോ അസി. റഫറിയുമായി മൈക്കിൽ സംസാരിച്ച് വനിതാ ഫുട്ബാളിൽ ആദ്യ പെനാൽറ്റി അനുവദിച്ച റഫറിയെന്ന റെക്കോഡും ഇവരുടെ പേരിലാണ്.
38കാരിയായ കെയ്റ്റ് ജാസ്വിസ് 2008 മുതൽ റഫറിയിങ്ങിൽ സജീവമാണ്. ആസ്ട്രേലിയൻ വനിതാ ലീഗിൽ മത്സരം നിയന്ത്രിച്ചുകൊണ്ടായിരുന്നു ഇവരുടെ തുടക്കം. 2020ലാണ് എ ലീഗ് റഫറിയായത്. 2019 വനിത ലോകകപ്പിൽ രണ്ടു മത്സരങ്ങൾ നിയന്ത്രിച്ചു, ഇക്കഴിഞ്ഞ വനിതാ ലോകകപ്പിലും രണ്ടു മത്സരങ്ങൾക്ക് വിസിലെടുത്തിരുന്നു.
ഇന്ത്യ - ആസ്ട്രേലിയ മത്സരം നിയന്ത്രിക്കുന്നത് ഇവർ
- മെയിൻ റഫറി: യോഷിമി യമാഷിത (ജപ്പാൻ)
- അസി. റഫറി: 1 ബൊസോനോ മകോടോ,
- 2 തെഷിറോഗി നവോമി (ഇരുവരും ജപ്പാൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.