നിങ്ങളിനി അനാഥരല്ല: ചികിത്സയും സംരക്ഷണവും ഏറ്റെടുത്ത് ഖത്തർ
text_fieldsയുദ്ധത്തിൽ അനാഥരായ 3000 പേരുടെ സംരക്ഷണവും പരിക്കേറ്റ 1500 പേരുടെ ചികിത്സയും ഏറ്റെടുക്കാൻ നിർദേശിച്ച് അമീർ
ദോഹ: ഗസ്സയുടെ സമാധാനത്തിനായുള്ള ശ്രമങ്ങളും മാനുഷിക സഹായവും മാത്രമല്ല, ഇസ്രായേൽ കൂട്ടക്കുരുതിക്ക് ഇരയായ ഫലസ്തീനികളുടെ ചികിത്സയും അനാഥമക്കളുടെ സംരക്ഷണവും ഏറ്റെടുത്ത് ഖത്തറിന്റെ കാരുണ്യ ഹസ്തം. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് യുദ്ധത്തിൽ പരിക്കേറ്റ 1500 പേരെ ദോഹയിലെത്തിച്ച് മികച്ച ചികിത്സ നൽകാനും 3000ത്തോളം അനാഥമക്കളുടെ സംരക്ഷണം ഏറ്റെടുക്കാനും നിർദേശിച്ചത്.
രണ്ടു മാസത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ മധ്യസ്ഥ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുകയും, ഭക്ഷണവും മരുന്നുമായി മാനുഷിക സഹായങ്ങൾ ഒരുക്കുകയും ചെയ്ത് ശക്തമായ ഇടപെടൽ നടത്തുന്നതിനിടെയാണ് ഗസ്സയിലേക്ക് ഖത്തറിന്റെ കരുതൽ വീണ്ടുമെത്തുന്നത്. ഫലസ്തീന്റെ അയൽ രാജ്യമായ ഈജിപ്തുമായി സഹകരിച്ച് പരിക്കേറ്റവരെയും അവരുടെ ബന്ധുക്കളെയും ദോഹയിലെത്തിച്ചായിരിക്കും ചികിത്സ ഉറപ്പാക്കുന്നത്.
ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണങ്ങൾക്കിരയാകുന്ന ഫലസ്തീനികളെ നിർണായക ഘട്ടത്തിൽ ചേർത്തുനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തറിന്റെ ഇടപെടൽ. ഒക്ടോബർ ഏഴിന് ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഖത്തർ ചാരിറ്റി, ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് എന്നിവരുടെ നേതൃത്വത്തിൽ ഇതിനകം 36 വിമാനങ്ങളിലായി 1203 ടൺ മാനുഷിക സഹായങ്ങൾ എത്തിച്ചിട്ടുണ്ട്. അൽ അരിഷി വിമാനത്താവളത്തിലെത്തിച്ച ശേഷം റഫ അതിർത്തി വഴിയാണ് സഹായ വസ്തുക്കൾ ഗസ്സയിലെത്തിക്കുന്നത്. ആശുപത്രി ഉപകരണങ്ങളും ആംബുലൻസും താൽക്കാലിക താമസ സംവിധാനങ്ങളും ഉൾപ്പെടെയാണ് ഇതിനകം എത്തിച്ചത്.
ഇതിനുപുറമെ, ഖത്തറിൽ നിന്നുള്ള മാനുഷിക സഹായം ഏകോപിപ്പിക്കാൻ ഒരാഴ്ചയിലേറെയായി വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിറിന്റെ നേതൃത്വത്തിലുള്ള സംഘവും ഗസ്സയിലും ഈജിപ്തിലുമായി സജീവമാണ്. ഒക്ടോബർ ഏഴിന് ആരംഭിച്ച ആക്രമണങ്ങളിൽ 15,200ൽ ഏറെപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 6000ത്തോളം കുട്ടികളും കൊല്ലപ്പെട്ടു. 40,000ത്തിലേറെ വരും പരിക്കേറ്റവരും കണക്കുകൾ. ആശുപത്രികളും ആക്രമിക്കപ്പെട്ടതോടെ ചികിത്സ വഴിമുട്ടി ഫലസ്തീനികളിൽ പലരെയും റഫ അതിർത്തിക്കിപ്പുറം ഈജിപ്തിലെത്തിയാണ് ചികിത്സ നൽകുന്നത്.
89 ഫലസ്തീനികളെ ഖത്തറിലെത്തിച്ചു
ഖത്തറിൽ താമസക്കാരായ ഫലസ്തീനികൾക്കാണ് മടക്കയാത്രക്ക് വഴിയൊരുക്കിയത്
ദോഹ: ഗസ്സയിൽ യുദ്ധത്തെത്തുടർന്ന് ദുരിതത്തിലായി 89 ഖത്തർ താമസക്കാരായ ഫലസ്തീനികളെ ദോഹയിലെത്തിച്ച് വിദേശകാര്യ മന്ത്രാലയം. സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള ഖത്തർ റസിഡൻസുകളാണ് അൽ അരിഷിലേക്ക് മാനുഷിക സഹായങ്ങളുമായി പോയ വിമാനത്തിൽ ദോഹയിലെത്തിച്ചത്.
യുദ്ധ ഭൂമിയിൽനിന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഫലസ്തീനികൾക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായാണ് ഖത്തറിലെ താമസക്കാർക്ക് മടങ്ങാൻ വഴിയൊരുക്കിയത്. ഒരാഴ്ച മുമ്പും ഒരു സംഘം ഇതേവഴി ദോഹയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.