കലോത്സവം തലസ്ഥാനത്ത്; മാപ്പിളപ്പാട്ട് ‘എ ഗ്രേഡ്’ ദോഹയിൽ
text_fieldsദോഹ: തിരുവനന്തപുരത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇമ്പമേറിയ ഇശലുകളുമായി മാപ്പിളപ്പാട്ട് പാടിത്തിമിർത്തപ്പോൾ ‘എ ഗ്രേഡ്’ ചിരി ഇങ്ങ് ദോഹയിലായിരുന്നുവെന്ന് പറഞ്ഞാൽ തെറ്റില്ല. കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് മികച്ച ഗായകർ മാറ്റുരച്ച ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽനിന്ന് എ ഗ്രേഡുമായി മിടുക്കർ വേദിവിടുേമ്പാൾ അവരിൽ നാലുപേരുടെയും പാട്ടുകൾ പിറന്നത് ഖത്തറിൽ പ്രവാസിയായ മലപ്പുറം സ്വദേശിയുടെ വിരലുകളിലൂടെയായിരുന്നു. സൈബർ സെക്യൂരിറ്റി എൻജിനീയറായി ദോഹയിൽ പ്രവർത്തിക്കുന്ന മലപ്പുറം തിരൂർ സ്വദേശി ഷഹീർ ചേന്നരയെന്ന യുവ മാപ്പിള കവിയിൽനിന്ന്. കഴിഞ്ഞ ഏഴുവർഷമായി സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ മാപ്പിളപ്പാട്ടിൽ വിജയക്കൊടി പറത്തുന്ന ഗായകർക്ക് പിന്നിൽ അദൃശ്യമായൊരു സാന്നിധ്യം കൂടിയാണ് ഈ പാട്ടെഴുത്തുകാരൻ.
‘മതി ചിങ്ക പട പൊങ്കുൾ പൊടിയെങ്കും തുടി പൊങ്കും...
മദദുങ്കൾ എമെയ് പാകം അരുളെങ്കിൽ ഉമെയ് ലെങ്കും... ’
എന്ന് തുടങ്ങുന്ന ഖാദിസിയ്യ കൃതിയിൽനിന്നുള്ള ചരിത്രകഥയാണ് ഇത്തവണ സംസ്ഥാന കലോത്സവത്തിൽ ഷഹീറിനെ താരമാക്കിയത്. ഷഹീറിന്റെ പാട്ടുമായെത്തിയ നാലു പേർ ‘എ’ഗ്രേഡുമായി മടങ്ങിയതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹം. കൊല്ലം, വയനാട്, കാസർകോട്, ആലപ്പുഴ ജില്ലകളിൽനിന്നുള്ള മത്സരാർഥികളായിരുന്നു ഇത്തവണ ഷഹീറിന്റെ പാട്ടും പാട്ടി ‘എ ഗ്രേഡുമായി മടങ്ങുന്നത്.
മാപ്പിളപ്പാട്ടിന്റെ കുലപതികളായ മോയിന്കുട്ടി വൈദ്യരും, പുലിക്കോട്ടിൽ ഹൈദറും, ചേറ്റുവ പരീക്കുട്ടിയും മുതൽ ഒ.എം കരുവാരക്കുണ്ട് വരെയുള്ള കവികളുടെ പാട്ടുകളുമായാണ് സാധാരണ സംസ്ഥാന കലോത്സവം ഉൾപ്പെടെ വേദികളിൽ മത്സരാർഥികളെത്തുന്നത്. എന്നാൽ, കേട്ടുപതിഞ്ഞ പാട്ടുകളെ മാറ്റിപ്പിടിക്കാനും പുതുവഴികളിലൂടെ സഞ്ചരിക്കാനും കൊതിക്കുന്നവർക്ക് മികച്ച പാട്ടുകളൊരുക്കി കൈയടിനേടാൻ അവസരമൊരുക്കുകയാണ് ഷഹീർ ഉൾപ്പെടെ പുതുമുഖ കവികൾ. ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ‘ഗസ്വത്തുൽ ഖാദിസിയ്യാ’ കൃതിയിൽ നിന്നാണ് ആസിമ ബീവിയുടെ സഹോദരസ്നേഹം പാടുന്ന വരികൾ പിറന്നത്. ഇസ്ലാമിക ചരിത്രത്തിലെ ശ്രദ്ധേയ സംഭവങ്ങളിലൊന്നായ ഖാദിസിയ്യ യുദ്ധത്തിൽ ആസിമ ബീവിയുടെ ധീരോദാത്തമായ സംഭാവനകളാണ് വർണിക്കുന്നത്. ഇർഷാദ് സ്രാമ്പിക്കൽ ചിട്ടപ്പെടുത്തിയ പാട്ട് വിവിധ ജില്ലകളിൽ യു.പി തലത്തിലും വിദ്യാർഥികൾ മത്സരത്തിനായി തെരഞ്ഞെടുത്തിരുന്നു.
അനിയന്റെ പാട്ടെഴുത്തുകാരനായി തുടക്കം
നാട്ടിലെ നബിദിന പരിപാടികളിലും ദഫ് വേദികളിലും പാട്ടുകമ്പമൊതുക്കിയ ഷഹീർ എട്ടു വർഷം മുമ്പാണ് പാട്ടെഴുത്തിലേക്ക് തിരിയുന്നത്. പത്താം ക്ലാസുകാരനായ സഹോദരൻ ഷഹീദ് ചേന്നരക്ക് കലോത്സവത്തിൽ പാടാൻ വരികളെഴുതികൊണ്ടായിരുന്നു ആ തുടക്കം. ചേട്ടനെഴുതിയ പാട്ട് പാടി അനിയൻ സംസ്ഥാന വേദിയിൽ വിജയിച്ചതോടെ ഷഹീർ ശ്രദ്ധേയനായി. തുടർന്നുള്ള വർഷങ്ങളിൽ ജില്ലയിലും പുറത്തുനിന്നും അന്വേഷണങ്ങളെത്തിയതോടെ പാട്ടെഴുത്ത് ഗൗരവത്തിലെടുത്തു. കൂടുതൽ ഗവേഷണങ്ങളും പഠനങ്ങളുമായി പാട്ടിന്റെ വഴികളിൽ സജീവമായി. എം.എച്ച് വള്ളുവങ്ങാട്, അഷ്റഫ് പാലപ്പെട്ടി, അഷ്റഫ് പുന്നത്ത് തുടങ്ങിയ മാപ്പിളപ്പാട്ട് ഗുരുക്കൻമാരിലൂടെ കൂടുതൽ അഭ്യസിച്ചു. ഇപ്പോൾ ഏഴു വർഷമായി സ്കൂൾ കലോത്സവ വേദികളിൽ ഷഹീറിന്റെ പാട്ടുകളുമായി വിദ്യാർഥികളെത്തുന്നു.
2019ൽ ഷഹീർ എഴുതിയ പാട്ടുകളുമായി രണ്ടു പേർ വിജയിച്ചതോടെ അന്ന് 24കാരൻ പാട്ടഴെത്തുകാരൻ വാർത്തകളിലും നിറഞ്ഞു. ഔസാഫുൽ മുസ്തഫ, ഖിസ്സത്തു അസാദുള്ളാഹി വ അസദു റസൂലിഹി തുടങ്ങിയ രചനകളുടെ അണിയറയിലാണ് ഷഹീറിപ്പോൾ. മാപ്പിളപ്പാട്ടിന്റെ തനിമയും പുതുമയും ചേർത്തിണക്കിയ രചനകളാണ് യുവകവിയെ വ്യത്യസ്തനാക്കുന്നത്. സാഹിത്യോത്സവ്, സർഗലയം, തുടങ്ങി അഖില കേരള മത്സര വേദികളിലും ഷഹീറിന്റെ രചനകൾക്ക് മികച്ച സ്വീകാര്യതയാണ്. നിലവിൽ സൈബർ സുരക്ഷ എൻജിനീയറായി ഖത്തറിൽ ജോലി ചെയ്യുന്ന ഇദ്ദേഹം പ്രവാസലോകത്തെ മത്സരവേദികളിൽ വിധികർത്താവ് കൂടിയാണ്. താഹിറ, ഖാലിദ് എന്നിവരാണ് മാതാപിതാക്കൾ, ഭാര്യ സബീഹത്ത്, മകൻ അഹ്മദ് ശംലാൻ രിഫാഇ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.