ഖത്തർ ദേശീയ കായികദിനം ആഘോഷിച്ച് യൂത്ത് ഫോറം
text_fieldsദോഹ: ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് യൂത്ത് ഫോറം വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ദൈനംദിന ജീവിതത്തിൽ കായിക-വ്യായാമ പ്രവർത്തനങ്ങളുടെ നേട്ടത്തെയും ആരോഗ്യകരമായ ജീവിതശൈലി പ്രാവർത്തികമാക്കുന്നതിന്റെ പ്രാധാന്യത്തെയും കുറിച്ച് പ്രവർത്തകർക്കിടയിൽ അവബോധം ഉയർത്തുകയാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ അഭിപ്രായപ്പെട്ടു. മദീന ഖലീഫ സോണിൽ ‘രീഷ 2024’ എന്ന പേരിൽ ഇന്റർ യൂനിറ്റ് ബാഡ്മിന്റൺ സംഘടിപ്പിച്ചു. മെസീല ഇന്റർനാഷനൽ ബ്രിട്ടീഷ് സ്കൂളിൽവെച്ച് സംഘടിപ്പിച്ച ടൂർണമെന്റിൽ വിവിധ യൂനിറ്റുകളിൽനിന്നായി 10 ടീമുകൾ പങ്കെടുത്തു. ഡബിൾസ് ഫൈനലിൽ മദീന ഖലീഫ യൂനിറ്റിലെ റഷാദ്-അജ്മൽ സഖ്യം ജേതാക്കളായി. ദഫ്ന യൂനിറ്റിലെ ഖലീൽ-അഖീൽ സഖ്യം റണ്ണേഴ്സ് അപ്പായി. യൂത്ത് ഫോറം വൈസ് പ്രസിഡന്റ് ഫൈസൽ, കായികവിഭാഗം കൺവീനർ അഫ്സൽ എന്നിവർ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
തുമാമ സോണിൽ ‘തുമാമ സൂപ്പർ കപ്പ്’ എന്ന പേരിൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഒലിവ് ഇന്റർനാഷനൽ സ്കൂളിൽ നടന്ന ഇന്റർ യൂനിറ്റ് ടൂർണമെന്റ് കലാശപ്പോരിൽ മഅ്മൂറ എഫ്.സിയെ പരാജയപ്പെടുത്തി നാദി നുഐജ കിരീടം നേടി. മുഷ്താഖ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. കിരീടദാന ചടങ്ങിൽ ബിൻഷാദ് പുനത്തിൽ, ഹബീബ് റഹ്മാൻ, അസ്ലം തൗഫീഖ്, റഷാദ് മുബാറക് അമാനുള്ള, ഇർഫാൻ, മുഅ്മിൻ തുടങ്ങിയവർ പങ്കെടുത്തു. ദോഹ സോണിൽ ‘ദോഹ ലീഗ് സോക്കർ സാഗാ’ സംഘടിപ്പിച്ചു. വക്റ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ നടന്ന ടൂർണമെന്റിൽ നജ്മ എഫ്.സി ജേതാക്കളായി. സി.ഐ.സി ദോഹ സോൺ പ്രസിഡന്റ് ബഷീർ ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.മാഹിർ മുഹമ്മദ്, ബാസിത്, താലിഷ്, നജീബ്, അബ്ദുൽ റഹീം, നിഹാൽ എന്നിവർ നേതൃത്വം നൽകി. റയ്യാൻ സോണിൽ ‘കുർറയ്യാൻ’ എന്ന പേരിൽ ഇന്റർ യൂനിറ്റ് ഫുട്ബാൾ സംഘടിപ്പിച്ചു. ടൂർണമെന്റിൽ അൽ അത്വിയ്യ യൂനിറ്റ് ചാമ്പ്യന്മാരായി.
ഫൈനലിൽ അസീസിയ യൂനിറ്റ് റണ്ണേഴ്സ് അപ്പായി. മികച്ച താരമായി ഷാദ്, മികച്ച ഗോൾകീപ്പറായി ജൗഹർ എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു. സമാപന ചടങ്ങിൽ സോണൽ പ്രസിഡന്റ് തൗഫീഖ് എം.എസ്, സി.ഐ.സി റയ്യാൻ സോൺ പ്രസിഡന്റ് സുധീർ, യൂത്ത് ഫോറം കേന്ദ്ര സമിതി അംഗങ്ങളായ ഷുക്കൂർ, ആസാദ് എന്നിവർ പങ്കെടുത്തു. സോണൽ സമിതി അംഗവും ടൂർണമെന്റ് കൺവീനറുമായ അസ്ജദ് അലി, മറ്റു സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.