ലോകകപ്പിന് മൊഞ്ചാകാൻ "സീന"
text_fieldsദോഹ: ലോകകപ്പിന്റെ ഭാഗമായി വീടുകളും സ്ഥാപനങ്ങളും അലങ്കരിക്കാൻ പൗരന്മാർക്കും സ്വദേശികൾക്കും അവസരമൊരുക്കി ബ്യൂട്ടിഫിക്കേഷൻ ആൻഡ് സൂപ്പർവൈസറി കമ്മിറ്റി. വിവിധ മന്ത്രാലയങ്ങൾ, ലോകകപ്പ് പ്രദേശിക സംഘാടക സമിതിയായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി എന്നിവരുടെ നേതൃത്വത്തിലാണ് അശ്ഗാലിനു കീഴിലെ ബ്യൂട്ടിഫിക്കേഷൻ ഓഫ് റോഡ്സ് ആൻഡ് പബ്ലിക് പ്ലേസസ് സൂപ്പർവൈസറി കമ്മിറ്റി പദ്ധതി നടപ്പാക്കുന്നത്.
'സീന'ക്ക് കീഴിൽ പ്ലാസകൾ, പാർക്കുകൾ, പൊതു കെട്ടിടങ്ങൾ, ചത്വരങ്ങൾ തുടങ്ങിയ സ്ഥലങ്ങൾക്ക് പുറമേ, തൊഴിലിടങ്ങളുടെ പൂമുഖങ്ങളും സ്കൂളുകളും സർവകലാശാലകളും റിയൽ എസ്റ്റേറ്റ് കെട്ടിടങ്ങളും അലങ്കരിക്കും.
മുനിസിപ്പാലിറ്റി മന്ത്രാലയം, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, സാംസ്കാരിക മന്ത്രാലയം, ഖത്തർ മ്യൂസിയംസ്, സെൻട്രൽ മുനിസിപ്പൽ കൗൺസിൽ എന്നിവയും സഹകരിക്കും. ബുധനാഴ്ച നടന്ന വാർത്തസമ്മേളനത്തിൽ ഇതുസംബന്ധിച്ച് വിശദീകരിച്ചു.
ലോകകപ്പ് 2022 തയാറെടുപ്പുകളുടെ ഭാഗമായുള്ള ആഘോഷ പരിപാടികൾക്ക് പ്രചാരം നൽകാനും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മുനിസിപ്പാലിറ്റികൾ, കമ്യൂണിറ്റികൾ എന്നിവരെ തങ്ങളുടെ ആഘോഷങ്ങൾ പ്രകടിപ്പിക്കുന്നതിന് പ്രോത്സാഹിപ്പിക്കാനും കായിക മാമാങ്കത്തെ വ്യാപകമായി ഉയർത്തിക്കൊണ്ടുവരാനും ലക്ഷ്യമിട്ടാണ് 'സീന'ക്ക് രൂപംനൽകിയിരിക്കുന്നത്. ലോകകപ്പിനായി ഖത്തറിലെത്തുന്ന സന്ദർശകർക്കും ഫുട്ബാൾ ആരാധകർക്കും ഏറ്റവും മികച്ച ആഘോഷാന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ഖത്തർ ശ്രമങ്ങളുടെ ഭാഗമായാണിത്.
രണ്ട് ഭാഗങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. പൗരന്മാർക്കും താമസക്കാർക്കും താമസ സൗകര്യങ്ങൾ അലങ്കരിച്ചുകൊണ്ട് പദ്ധതിയിൽ അവരുടെ പങ്കാളിത്തം ഉറപ്പാക്കാം. രണ്ടാമത്തേതിൽ മൂന്ന് വിഭാഗങ്ങൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന മത്സരമാണ്.
മൂന്ന് വിഭാഗങ്ങളിൽ മത്സരങ്ങൾ; കൈനിറയെ സമ്മാനം
ലോകകപ്പ് കാലത്ത് അണിഞ്ഞൊരുങ്ങുന്നതിനായി മൂന്നു വിഭാഗങ്ങളിൽ മത്സരാധിഷ്ടിതമായിരിക്കും. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾ, സ്കൂളുകൾ, സർവകലാശാലകൾ, കിന്റർഗാർട്ടനുകൾ, മുനിസിപ്പാലിറ്റികൾ എന്നിവരാണ് ഈ വിഭാഗത്തിലുള്ളത്. സ്കൂൾ, കിന്റർഗാർട്ടനുകൾ ഉൾപ്പെടുന്ന വിഭാഗത്തിലെ മത്സരത്തിൽ വിജയികളാവുന്നവർക്ക് 40,000 റിയാൽ സമ്മാനത്തുക ലഭിക്കും. കിന്റർഗാർട്ടൻ, പ്രൈമറി, പ്രിപ്പറേറ്ററി, സെക്കൻഡറി, കമ്പെയിൻഡ് സ്കൂൾ പ്രായപരിധിയിലുള്ളവർക്കാണ് മത്സരം. വിജയിക്കുന്നവരിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 40,000, 30,000, 20,000 റിയാൽ വീതം സമ്മാനത്തുക ലഭിക്കും. യൂനിവേഴ്സിറ്റി വിഭാഗത്തിലെ വിജയികൾക്ക് യഥാക്രമം 60,000, 50,000, 40,000 റിയാൽ വീതവും ലഭിക്കും. മുനിസിപ്പാലിറ്റികൾക്ക് സമ്മാനത്തുകയില്ലെങ്കിലും ആദരമായി പ്രശസ്തിപത്രം സമ്മാനിക്കും. പൗരന്മാരിൽനിന്നും താമസക്കാരിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്നവ പ്രത്യേകം തയാറാക്കിയ വേദികളിൽ പ്രദർശിപ്പിക്കുകയും അവർക്ക് ഇലക്ട്രോണിക് സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്യും.
ഈ ചിത്രങ്ങളും പങ്കാളിത്തവും ലോകകപ്പിന്റെ ലെഗസി പ്രവർത്തനങ്ങളായി രേഖപ്പെടുത്തപെടും. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തെ സർട്ടിഫിക്കറ്റ് നൽകി ആദരിക്കും. 'സീന' പദ്ധതിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ https://zeeenah.ashghal.gov.qa/ വെബ്സൈറ്റ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സരത്തിന്റെയും പങ്കാളിത്തത്തിന്റെയും പൂർണ വിവരങ്ങളും നിബന്ധനകളും നിർദേശങ്ങളുമെല്ലാം വെബ്സൈറ്റിൽ ലഭ്യമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
●ടൂർണമെന്റ് ലോഗോ ഉൾപ്പെടെയുള്ള ഔദ്യോഗിക മുദ്രകൾ അലങ്കാരത്തിന് ഉപയോഗിക്കരുത്
● മതവിശ്വാസത്തിനും ആചാരങ്ങൾക്കും ഖത്തറിന്റെ സംസ്കാരത്തിനും വിരുദ്ധമായവയൊന്നും ഉപയോഗിക്കരുത്
●രാഷ്ട്രീയ, മത, സാമൂഹിക വിഷയങ്ങൾ പാടില്ല. ഉള്ളടക്കം ഫുട്ബാളും സ്പോർട്സുമായിരിക്കണം
●മറ്റുള്ളവരുടെ വസ്തുക്കളിൽ അനുമതിയില്ലാതെ അലങ്കാരം നടത്തരുത്.
●പ്രവേശന കവാടങ്ങൾ, ജനലുകൾ, വാതിലുകൾ എന്നിവ തടസ്സപ്പെടുത്തരുത്
●അപകടസാധ്യത ഒഴിവാക്കുന്നവിധത്തിൽ അലങ്കാരം നടത്തുക.
●ലേസർ വെളിച്ചം ഉപയോഗിക്കരുത്.
●അലങ്കാരത്തിന് ഉപയോഗിക്കുന്ന എല്ലാം 2023 ജനുവരി 31നുമുമ്പ് നീക്കംചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.