മതനിരപേക്ഷത തകർക്കപ്പെട്ടാൽ ഇന്ത്യ ജീവിക്കുകയില്ല –കെ.ഇ.എൻ
text_fieldsജുബൈൽ: വൈവിധ്യങ്ങളുടെ സങ്കരഭൂമിയായ ഇന്ത്യ നിലനിൽക്കണമെങ്കിൽ മതനിരപേക്ഷതക്ക് പരിക്കുണ്ടാക്കുന്ന ഒരു പ്രവർത്തനവും ഉണ്ടാവുകയില്ല എന്ന് ഉറപ്പുവരുത്തേണ്ടത് ഓരോ ഇന്ത്യക്കാരൻെറയും പ്രാഥമിക നൈതിക ദൗത്യമാണെന്ന് എഴുത്തുകാരനും ഇടതുചിന്തകനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ്. പ്രവാസി സാംസ്‌കാരിക വേദി ജുബൈൽ ഘടകം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 'മതേര ഇന്ത്യ വർത്തമാനകാല വിചാരങ്ങൾ'എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷത തകർക്കപ്പെട്ടാൽ ഇന്ത്യ ജീവിക്കുകയില്ല. ജീവിതത്തിൻെറ സമസ്ത മണ്ഡലങ്ങളിലും ജനാധിപത്യം സാക്ഷാത്കരിക്കുന്ന അവസ്ഥയാണ് മതനിരപേക്ഷത എന്ന് വിളിക്കേണ്ടത്.
ജനാധിപത്യത്തിൻെറതന്നെ സാക്ഷാത്കാരമാണ് മതനിരപേക്ഷത. മത സ്വാതന്ത്ര്യം, ആചാരപരമായ നിഷ്പക്ഷത, പരിഷ്കരണപരമായ നീതി, സംവാദാത്മകമായ ആശയലോകത്ത് കടക്കാനുള്ള പൗരൻെറ അവകാശം എന്നിങ്ങനെ നാല് കാര്യങ്ങളിലാണ് മതേതര ഇന്ത്യയെ നോക്കി കാണേണ്ടത്. മഹാത്മാഗാന്ധിയുടെ വധത്തെ തുടർന്ന് ഒറ്റപ്പെട്ട ഫാഷിസ്റ്റുകൾ ജനമനസ്സിൽ കുറുക്കുവഴികളിലൂടെ വേരാഴ്ത്താൻ, മത വികാരത്തിന് തിരികൊളുത്താൻ നടത്തിയ ശ്രമത്തിൻെറ ഭാഗമാണ് ബാബർ പള്ളിയിൽ രാമവിഗ്രഹം സ്ഥാപിച്ചത്. കെ.കെ. നായർ എന്ന മലയാളി കലക്ടർ പ്രധാനമന്ത്രി നെഹ്റുവിൻെറ നിർദേശം ചെവിക്കൊള്ളാതെ പള്ളി പൂട്ടിയിട്ടു. ഇന്ന് കെ.കെ. നായരും ആരാധ്യനാണ് സംഘ്പരിവാറുകാർക്ക്. പള്ളി പൊളിച്ചശേഷം അദ്വാനി രാഷ്ട്രത്തോടു മാപ്പ് ചോദിക്കുകയും നരസിംഹറാവു പള്ളി അവിടെത്തന്നെ പുനർനിർമിക്കുമെന്ന് വാഗ്ദാനം നൽകുകയും ചെയ്തിരുന്നു. ബാബരി മസ്ജിദ് തകർത്ത സംഭവം തമസ്കരിക്കാനുള്ള ഫാഷിസ്റ്റ് തന്ത്രമാണ് ആഗസ്റ്റ് അഞ്ചിന് നടന്നത്. അതൊരു വലിയ അട്ടിമറിയാണ്.
കോൺഗ്രസ് സംഘ്പരിപാറിനെ അനുകരിക്കുന്ന അവസ്ഥയിലേക്ക് ചുരുങ്ങിപ്പോയോ എന്ന ആശങ്ക ജനാധിപത്യ വിശ്വാസികൾക്കുണ്ടായി. ഇന്ത്യ നിലനിൽക്കണമെങ്കിൽ മത നിരപേക്ഷതക്ക് പരിക്കുണ്ടാക്കുന്ന ഒരു പ്രവർത്തനവും ഉണ്ടാവുകയില്ല എന്ന് ഉറപ്പുവരുത്തേണ്ടത് ഓരോ ഇന്ത്യക്കാരൻെറയും പ്രാഥമിക നൈതിക ദൗത്യമാണ്. പ്രാണനുള്ളിടത്തോളം നമ്മൾ അത് കത്ത് സൂക്ഷിക്കേണ്ടതുണ്ട്. മത നിരപേക്ഷത ഉയർത്തിപ്പിടിക്കാൻ ഞാൻ മുന്നിൽ എന്ന് ഓരോരുത്തരും പ്രതിജ്ഞയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാസി ജുബൈൽ പ്രസിഡൻറ് ഡോ. പി.കെ. ജൗഷീദ് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി മുഖ്യ പ്രഭാഷണം നടത്തി. എൻ. സനിൽകുമാർ, നവാഫ്, അഷ്‌റഫ് മൂവാറ്റുപുഴ, അഷ്‌റഫ് കൊടുങ്ങല്ലൂർ, ഉസ്മാൻ ഒട്ടുമ്മൽ, അൻവർ സലീം എന്നിവർ സംസാരിച്ചു. നസീബ അനുശോചന പ്രമേയം അവതരിപ്പിച്ചു. നസീർ ഹനീഫ സ്വാഗതവും നിയാസ് നന്ദിയും പറഞ്ഞു. സാബു മേലതിൽ അവതാരകനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.