വൈറലായി സ്രാവിനൊപ്പം സൗദി യുവാവിെൻറ സാഹസിക നീന്തൽ
text_fieldsയാംബു: സ്രാവിൻെറ പുറത്തുകയറി സൗദി യുവാവ് കടലിൽ നടത്തിയ സാഹസിക നീന്തൽ അഭ്യാസ പ്രകടനം വിസ്മയമായി. യാംബുവിലെ ചെങ്കടൽ ഭാഗത്താണ് അബൂ വദീഹ് എന്ന യുവാവ് സുഹൃത്തുക്കളോടൊപ്പം ബോട്ടിൽ സഞ്ചാരം നടത്തുന്നതിനിടയിൽ ബോട്ടിനടുത്ത് നീന്തുകയായിരുന്ന സ്രാവിൻെറ പുറത്തേക്ക് എടുത്തുചാടി അഭ്യാസപ്രകടനം നടത്തിയത്. ബോട്ടിൽ നിന്നുകൊണ്ട് സുഹൃത്തുക്കൾ പകർത്തിയ വിഡിയോ ദൃശ്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെയാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് വൈറലാക്കിയത്. യുവാവ് സ്രാവിൻെറ പുറത്തേറി പോകുന്നതും യുവാവിനെ ബോട്ട് പിന്തുടരുന്നതും സാഹസികതയെ അഭിനന്ദിച്ചുകൊണ്ടുള്ള ആർപ്പുവിളികളും അടങ്ങുന്ന വിഡിയോ ദൃശ്യങ്ങൾ ഇതിനകം അറബ് മാധ്യമങ്ങളിൽ വലിയ വാർത്തയുമായി. ചെങ്കടലിൽ അപൂർവമായി കാണപ്പെടുന്ന സ്രാവ് 'തിമിംഗല സ്രാവ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. വംശഭീഷണി നേരിടുന്ന വർഗമാണിത്.
19 മീറ്റർ വരെ ഈ ഭീമന് നീളമുണ്ടാവും. ലോകത്താകെ പതിനായിരത്തോളം എണ്ണം മാത്രമേ ഉള്ളൂവെന്നാണ് ജന്തുശാസ്ത്ര രംഗത്തുള്ളവർ പറയുന്നത്. സാവധാനത്തിൽ നീന്തുന്ന ഇവ ചില സമുദ്രപ്രദേശങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ വിനോദസഞ്ചാരികളെ അവയുടെ വർണാഭമായ കാഴ്ചയും വലുപ്പവും ഏറെ ആകർഷിക്കുന്നു. ചാര, നീല നിറങ്ങളിലും പച്ച കലർന്ന തവിട്ടു നിറത്തിലും കാണപ്പെടുന്ന ഇൗ ജീവികളുടെ ശരീരത്തിൽ നേർത്ത മഞ്ഞയോ വെള്ളയോ പുള്ളികളുണ്ട്. ചെറിയ വായും വലുപ്പമേറിയ മേൽചുണ്ടുമാണ് ഇവയുടെ പ്രത്യേകത. തടിച്ചുപരന്ന രൂപത്തിലാണ് തിമിംഗല സ്രാവിൻെറ തല. ആഴക്കടലിലും പവിഴപ്പുറ്റുകൾക്കിടയിലും ഇവയെ കാണുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.