മദീന വിനോദസഞ്ചാര മേഖലക്ക് 1.3 ബില്യൺ ഡോളറിെൻറ പദ്ധതി
text_fieldsജുബൈൽ: മദീന നഗരത്തിെൻറ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി സൗദി അറേബ്യയുടെ ടൂറിസം വികസന ഫണ്ട് (ടി.ഡി.എഫ്) റിയാദ് ബാങ്കുമായി സഹകരിച്ച് 1.3 ബില്യൺ ഡോളറിെൻറ പദ്ധതി നടപ്പാക്കുന്നു. മദീനയിലെ 68,000 ചതുരശ്ര മീറ്റർ പ്രദേശത്ത് ടൂറിസം വികസിപ്പിക്കുന്നതിനുള്ള ധനസഹായം നൽകുന്നതിന് നോളജ് ഇക്കണോമിക് സിറ്റി റിയാദ് ബാങ്കുമായി കരാർ ഒപ്പിട്ടു. മൾട്ടി പർപ്പസ് പദ്ധതിയിൽ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ, നിരവധി ടൂറിസ്റ്റ് വിനോദ സൗകര്യങ്ങൾ, ഷോപ്പിങ് മാളുകൾ, റസ്റ്റാറൻറുകൾ, കോഫി ഷോപ്പുകൾ എന്നിവ ഉൾപ്പെടുന്നു.
സൗദി അറേബ്യയിലെ ടൂറിസം മേഖല സൗദി ബാങ്കുകളുമായുള്ള പങ്കാളിത്തത്തിൽനിന്ന് നേട്ടമുണ്ടാക്കാൻ തുടങ്ങിയതായി ടി.ഡി.എഫ് സി.ഇ.ഒ ഖുസായ് അൽ ഫഖ്രി വ്യക്തമാക്കി. നിക്ഷേപകർക്ക് ധനസഹായം നൽകുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തിെൻറ വിവിധ പ്രദേശങ്ങളിൽ വിവിധ ടൂറിസ്റ്റ് പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ടൂറിസം മേഖലയുടെ സംഭാവന ജി.ഡി.പിയുടെ 10 ശതമാനമായി ഉയർത്താനും 2030ഓടെ ഒരു ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതുമൂലം കഴിയും.
സാമ്പത്തിക മന്ത്രാലയം, സൗദി ടൂറിസം അതോറിറ്റി, ടൂറിസം െഡവലപ്മെൻറ് കൗൺസിൽ എന്നിവ ഉൾപ്പെടുന്ന ടൂറിസം വികസന ഘടനക്കുള്ളിൽ നിക്ഷേപകരുടെ പങ്കാളിയെന്ന നിലയിൽ ടി.ഡി.എഫിനു സുപ്രധാന പങ്കുണ്ട്. ടി.ഡി.എഫ് മറ്റ് വിവിധ തരത്തിലുള്ള കമ്പനികളെ ശാക്തീകരിക്കുന്നതിനും ബിസിനസ് സംരംഭകരെ ലാഭകരമായ ടൂറിസ്റ്റ് പദ്ധതികളിൽ നിക്ഷേപിക്കാൻ പ്രാപ്തരാക്കുന്നതിനും സഹായിക്കും. സംസ്കാരം, പൈതൃകം, ഭൂമിശാസ്ത്രപരമായ സ്വഭാവം, വൈവിധ്യമാർന്ന ടൂറിസ്റ്റ് സാധ്യതകൾ എന്നിവ കണ്ടെത്തി സുരക്ഷിതവും സംഘടിതവുമായ നിക്ഷേപ അന്തരീക്ഷത്തിലൂടെ ടൂറിസം മേഖലയിലെ മികച്ച അവസരങ്ങൾ രാജ്യം വാഗ്ദാനം ചെയ്യുന്നു. നിക്ഷേപകർക്ക് നൽകുന്ന പിന്തുണ അതിെൻറ ഫലപ്രാപ്തി വർധിപ്പിക്കും.
ടൂറിസത്തിനും പൈതൃകത്തിനുമുള്ള അന്താരാഷ്ട്ര സ്ഥാനം നേടുക എന്നതിനപ്പുറം ഇസ്ലാമിക ലോകത്തെ മദീനയുടെ പദവി വലിയ തോതിൽ ഉയർത്താൻ പദ്ധതിക്ക് കഴിയും. 2019ലെ മികച്ച 100 നഗരങ്ങളുടെ പട്ടികയിൽ 23ാം സ്ഥാനത്താണ് മദീന. കോവിഡിനുമുമ്പ് ഒമ്പത് ദശലക്ഷം സഞ്ചാരികൾ മദീന സന്ദർശിച്ചതായി യൂറോമോണിറ്റർ ഇൻറർനാഷനൽ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.