'സ്നേഹപൂർവം കൊല്ലം' കെ.പി.എസ്.ജെ 15-ാം വാർഷികം ആഘോഷിച്ചു
text_fieldsജിദ്ദ: സർഗചേതനയുടെ മഴവിൽ വിതറിയ ഹൃദ്യമായ കലാപരിപാടികളോടെ കൊല്ലം പ്രവാസി സംഗമം ജിദ്ദ (കെ.പി.എസ്.ജെ) 15ാമത് വാർഷികം വിപുലമായി ആഘോഷിച്ചു. കുട്ടികളും മുതിർന്നവരും നിറഞ്ഞാടിയ വൈവിധ്യമാർന്ന കലാസന്ധ്യയും സാംസ്കാരിക സമ്മേളനവും സിനിമ പിന്നണി ഗായകൻ അഫ്സൽ നയിച്ച ഗാനസന്ധ്യയുമായിരുന്നു മുഖ്യ ഇനങ്ങൾ. അഫ്സലിനൊപ്പം മീഡിയവൺ പതിനാലാം രാവ് ഫെയിം ഹിബ അബ്ദുൽ സലാമും ജിദ്ദയിലെ മറ്റു ഗായകരും പങ്കെടുത്തു. എലൈറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജിദ്ദ നാഷനൽ ആശുപത്രി ചെയർമാൻ വി.പി. മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു.
ജിദ്ദയിലെ ജീവകാരുണ്യ പ്രവർത്തകൻ സുദർശന ബാബുവിനെയും ആതുരശുശ്രൂഷ രംഗത്തെ മികച്ച സംഭാവനക്ക് ജെ.എൻ.എച്ച് ചെയർമാൻ വി.പി മുഹമ്മദ് അലിയെയും കെ.പി.എസ്.ജെ ആദരിച്ചു. പ്രസിഡൻറ് ഷാനവാസ് കൊല്ലം സാംസ്കാരിക ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാനവാസ് സ്നേഹക്കൂട് സ്വാഗതവും സംഘടന പ്രവർത്തന റിപ്പോർട്ടും, വൈസ് പ്രസിഡന്റ് വിജാസ് ചിതറ ചാരിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ അഷ്റഫ് കുരിയോട് നന്ദി പറഞ്ഞു.
കെ.പി.എസ്.ജെയുടെ പുതിയ ഭാരവാഹികളെ മുൻ പ്രസിഡന്റും ചെയർമാനുമായിരുന്ന മുഹമ്മദ് ബൈജു സദസ്സിനു പരിചയപ്പെടുത്തി. പ്രോഗ്രാം കൺവീനർ മനോജ് മുരളീധരൻ, കൾച്ചറൽ സെക്രട്ടറി സജു രാജൻ, വനിത വേദി കൺവീനർ ഷാനി ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. എക്സിക്യൂട്ടിവ് അംഗങ്ങളായ ഷാജി ഫ്രാൻസിസ്, ഷമീം മുഹമ്മദ്, മാഹീൻ പള്ളിമുക്ക്, ബിബിൻ, കിഷോർ കുമാർ, ഷാബു പോരുവഴി, സോണി ജേക്കബ്, വിജയകുമാർ, വനിതവേദി ജോ. കൺവീനർ ബിൻസി സജു, സോഫിയ സുനിൽ മറ്റു അംഗങ്ങളായ ധന്യ കിഷോർ, ലിൻസി ബിബിൻ, മിനി സോണി, ഷെറിൻ ഷാബു, വിജി വിജയകുമാർ, ഷിബിന മാഹീൻ എന്നിവർ മറ്റു സാങ്കേതിക സഹായങ്ങൾ നൽകി. സഗ്ന വിജയകുമാർ, ഹിബ അബ്ദുൽസലാം എന്നിവർ അവതാരകരായിരുന്നു.
നൃത്താധ്യാപിക പുഷ്പ സുരേഷ് ക്ലാസിക്കൽ ഡാൻസിലൂടെ ചിട്ടപ്പെടുത്തിയ അമ്മയുടെ പ്രാധാന്യം അറിയിക്കുന്ന 'അമ്മ' ചിത്രീകരണം, ജുവി നൗഷി, സലീന മുസാഫിർ, ഷാനി ഷാനവാസ്, ധന്യ കിഷോർ, ജിയാ അബീഷ്, സോഫിയ സുനിൽ എന്നിവർ ചിട്ടപ്പെടുത്തിയ സിനിമാറ്റിക് ഡാൻസുകൾ, സെമി ക്ലാസിക്കൽ ഡിവോഷനൽ ഡാൻസ്, കശ്മീരി ഡാൻസ്, വെസ്റ്റേൺ ഡാൻസ്, അഫ്സൽ ഹിറ്റ്സ്, കിഡ്സ് ഡാൻസ് മുതലായവ വേദിയിൽ അരങ്ങേറി. വേണു പിള്ള സംവിധാനം ചെയ്ത് യമുന വേണു നൃത്തം ചിട്ടപ്പെടുത്തിയ വയലാർ രാമവർമയുടെ പ്രസിദ്ധമായ പ്രൊക്രൂസ്റ്റസ് എന്ന കവിതയുടെ ആവിഷ്കാരം എന്നിവ സദസ്സ് ഏറ്റുവാങ്ങി. വനിത വേദി കൺവീനർ ഷാനി ഷാനവാസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.