നിയോമിൽ 10 കോടി മരങ്ങൾ: മരുഭൂമിയെ ഹരിതവത്കരിക്കുന്നതിന് 'റീഗ്രീനിങ്' വരുന്നു
text_fieldsയാംബു: സൗദിയിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയായ നിയോമിൽ ദേശീയ സസ്യ സംരക്ഷണ കേന്ദ്രവുമായി സഹകരിച്ച് മരുഭൂമിയെ ഹരിത വത്കരിക്കുക എന്ന ലക്ഷ്യത്തോടെ 'റീഗ്രീനിങ്' സംരംഭത്തിന് തുടക്കം കുറിച്ചു.
1.5 ദശലക്ഷം ഹെക്ടർ ഭൂമി പുനരധിവസിപ്പിക്കാൻ സജ്ജമാക്കുക എന്ന പരിപാടിയുടെ ഭാഗമായി 2030 ഓടെ 100 ദശലക്ഷം മരങ്ങളും കുറ്റിച്ചെടികളും പുല്ലുകളും നടീൽ പൂർത്തിയാക്കാനാണ് ബൃഹദ് പദ്ധതി നടപ്പാക്കുന്നത്. നാഷനൽ സെന്റർ ഫോർ ദി വെജിറ്റേഷൻ കവർ ഡെവലപ്‌മെന്റ് ആൻഡ് കോമ്പാറ്റിങ് ഡെസർട്ടിഫിക്കേഷനും മറ്റു സന്നദ്ധ വിഭാഗവും ചേർന്ന് സംഘടിപ്പിച്ച റിയാദിലെ വനവത്കരണ സാങ്കേതിക വിദ്യകൾക്കായുള്ള ഇന്റർനാഷനൽ എക്‌സിബിഷൻ ആൻഡ് ഫോറത്തിലാണ് 'നിയോം റീഗ്രീനിങ് ഇനിഷ്യേറ്റിവ്' പ്രഖ്യാപിച്ചത്.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ പദ്ധതിയായി ആരംഭിച്ച സൗദി വിഷൻ 2030, സൗദി ഗ്രീൻ ഇനിഷ്യേറ്റിവ്, മിഡിൽ ഈസ്റ്റ് ഗ്രീൻ ഇനിഷ്യേറ്റിവ് എന്നിവയെ പിന്തുണക്കുകയാണ് പരിപാടി വഴി ലക്ഷ്യമിടുന്നത്. സസ്യങ്ങളുടെ സംരക്ഷണവും നിലനിർത്തലും, ഉപയോഗശൂന്യമായ സ്ഥലങ്ങളുടെ പുനരുദ്ധാരണം, മരുഭൂമിയിൽ ഉദ്യാനങ്ങളുടെ നിർമാണം എന്നിവ പദ്ധതി വഴി പൂർത്തിയാക്കാനും കഴിയുമെന്നും അധികൃതർ കണക്കു കൂട്ടുന്നു.
പ്രകൃതിദത്തമായ ഭൂപ്രകൃതി സംരക്ഷിക്കുകയും മനുഷ്യ-പ്രകൃതിദത്ത ആവാസവ്യവസ്ഥകളുടെ സഹവർത്തിത്വം ഉറപ്പാക്കുകയും ചെയ്യുക എന്നത് നിയോമിന്റെ മുഖ്യമായ ഒരു ലക്ഷ്യമാണെന്ന് നിയോം ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ നദ്‌മി അൽ നസ്ർ പറഞ്ഞു.
റീഗ്രീനിങ് ഇനിഷ്യേറ്റിവ് ആരംഭിക്കുന്നതിലൂടെ, ലോകത്തിലെ ഏറ്റവും മികച്ച പ്രകൃതിദത്ത പരിസ്ഥിതികളിലൊന്നായി പ്രദേശത്തെ മാറ്റിയെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ വികസന പദ്ധതികളെയും സാമ്പത്തിക വൈവിധ്യവത്കരണത്തെയും പിന്തുണച്ച്, ഹരിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും 2060 ഓടെ കാർബൺ ന്യൂട്രാലിറ്റിയിലെത്തുന്നതിനും സംഭാവന നൽകാനാണ് സൗദി ഗ്രീൻ ഇനിഷ്യേറ്റിവ് ലക്ഷ്യമിടുന്നത്.
നിയോമിലെ വൈവിധ്യമാർന്ന ബഹുമുഖ പദ്ധതികൾ പൂർത്തിയാകുന്നതോടെ രാജ്യത്തെ സാമ്പത്തിക മേഖലയുടെ വളർച്ചക്ക് വലിയ മുതൽ കൂട്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.