10 ഇന്ത്യക്കാർക്കും സൗദി പൗരനും ശിക്ഷ
text_fieldsദമ്മാം: അനധികൃതമായി പ്രവർത്തിച്ച പുകയില ഉൽപന്ന ഫാക്ടറി സൗദി സുരക്ഷ ഉദ്യോഗസ്ഥർ കണ്ടുകെട്ടി. ഉടമയായ സൗദി പൗരന് 10 വർഷം തടവും ജീവനക്കാരായ 10 ഇന്ത്യക്കാർക്കും ബംഗ്ലാദേശി പൗരനും ആറു മാസം വീതം തടവും വിധിച്ചു. പ്രതികൾക്കെല്ലാം വൻതുക പിഴയും ചുമത്തിയിട്ടുണ്ട്.
സൗദി കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫ് മേഖലയിലെ ഒരു കൃഷിയിടത്തിൽ പ്രവർത്തിച്ചിരുന്ന ഫാക്ടറിയാണ് രഹസ്യവിവരത്തെ തുടർന്ന് അന്വേഷണ സംഘം റെയ്ഡ് നടത്തിയത്. പ്ലാന്റിന്റെ ഉടമയും തൊഴിലാളികളും ലൈസൻസില്ലാത്ത വാണിജ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പുകയില, മൊളാസസ് മിശ്രിതങ്ങൾ തയാറാക്കി വാണിജ്യ ഡേറ്റയിൽ കൃത്രിമം കാണിച്ച് തെറ്റായ വിവരങ്ങൾ പായ്ക്കിൽ രേഖപ്പെടുത്തി പ്രാദേശിക വിപണികളിൽ വിൽക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് റെയ്ഡും ശിക്ഷാനടപടിയും.
ഉടമയെയും ജീവനക്കാരേയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. തടവിനു പുറമെ പ്രതികൾക്ക് 7,20,000 റിയാൽ പിഴയും ചുമത്തി. വാണിജ്യ തട്ടിപ്പിൽ ഉൾപ്പെട്ട പ്ലാന്റ് അടച്ചുപൂട്ടാനും പിടിച്ചെടുത്ത വ്യാജ ഉൽപന്നങ്ങൾ കണ്ടുകെട്ടാനും നശിപ്പിക്കാനും കോടതി വിധിച്ചു. വാണിജ്യ ചട്ടങ്ങൾ ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നത് തുടരുമെന്നും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വാണിജ്യ വഞ്ചന വിരുദ്ധ നിയമത്തിൽ മൂന്നു വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും വിധിക്കപ്പെടാവുന്നതാണ്. അതോടൊപ്പം രണ്ടു പ്രാദേശികപത്രങ്ങളിൽ ഉൾെപ്പടെ പ്രതികളുടെ ചെലവിൽ തന്നെ ഇതിന്റെ വിവരങ്ങൾ പ്രസിദ്ധീകരിപ്പിച്ച് സാമൂഹിക ശ്രദ്ധയിൽ പെടുത്താനും വിദേശ തൊഴിലാളികളെ നാടുകടത്താനും വ്യവസ്ഥകളുണ്ട്.
സമൂഹത്തെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ അതിശക്തമായ നിയമങ്ങളാണ് പ്രയോഗിക്കപ്പെടുന്നത്. പ്രധാനമായും വിദേശികളെ ലക്ഷ്യംവെച്ചുകൊണ്ടാണ് പുകയില ഉൽപന്ന ഫാക്ടറി പ്രവർത്തിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.