റഷ്യയിൽനിന്ന് മോചിപ്പിച്ച 10 യുദ്ധതടവുകാരെ റിയാദിലെത്തിച്ചു
text_fieldsജിദ്ദ: റഷ്യൻ - യുക്രെയിൻ യുദ്ധത്തിനിടെ റഷ്യയിൽ തടവിലാക്കപ്പെട്ട വിവിധ രാജ്യക്കാരുടെ മോചനത്തിന് വേണ്ടി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ ശ്രമങ്ങൾ ഫലം കണ്ടു. ഇരുരാജ്യങ്ങളുമായി നടത്തിയ നിരന്തര മധ്യസ്ഥശ്രമങ്ങളുടെ ഫലമായി 10 തടവുകാരെ മോചിപ്പിക്കാനായെന്ന് സൗദി വിദേശകാര്യാലയം അറിയിച്ചു.
മൊറോക്കോ, അമേരിക്ക, ബ്രിട്ടൻ, സ്വീഡൻ, ക്രോയേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 10 തടവുകാരെയാണ് റഷ്യയിൽനിന്ന് മോചിപ്പിച്ച് സൗദി അറേബ്യയിലെത്തിച്ചത്. റിയാദിൽനിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് അവർക്ക് മടങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
റഷ്യയും യുക്രെയിനും തമ്മിൽ തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് ധാരണയിലായതിന്റെ ഭാഗമാണ് മോചനം. ഈ കൈമാറ്റ ഉടമ്പടിയിലേക്ക് ഇരു കക്ഷികളെയും എത്തിക്കാൻ അമീർ മുഹമ്മദ് ബിൻ സൽമാന്റെ ഇടപെടലാണ് ഫലം ചെയ്തത്.
തടവുകാരെ റഷ്യയിൽനിന്ന് സ്വീകരിച്ച് റിയാദിലെത്തിക്കാൻ സൗദിയിലെ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരാണ് പോയത്. ഇവരുടെ മോചനത്തിന് വഴിയൊരുക്കാ സന്ധി ചെയ്ത റഷ്യ, യുക്രെയിൻ ഭരണകൂടങ്ങൾക്ക് സൗദി വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. സൗദി കിരീടാവകാശിക്കും റഷ്യ, യുക്രെയിൻ ഗവൺമെന്റുകൾക്കും തടവുകാരും നന്ദി പറഞ്ഞു.
തടവുകാരെ കൈമാറുന്ന പ്രക്രിയയിൽ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ ബ്രിട്ടീഷ് പ്രധാനമന്ത്രി ശ്ലാഘിച്ചു. യൂറോപ്യൻ യൂനിയനിലെ വിദേശകാര്യ മന്ത്രിമാർ യുക്രെയിനുമായി അടിയന്തര യോഗം ചേരാനിരിക്കെയാണ് ഈ സംഭവവികാസങ്ങളുണ്ടായത്.
കിരീടാവകാശി ജിദ്ദയിൽ യുക്രെയിൻ പ്രസിഡൻറിന്റെ ഉപദേശകനും പ്രത്യേക ദൂതനുമായ റുസ്തം ഒറിയോവുമായി കൂടിക്കാഴ്ച നടത്തിയത് ചൊവ്വാഴ്ചയായിരുന്നു. റഷ്യൻ - യുക്രെയിൻ പ്രതിസന്ധി രാഷ്ട്രീയമായി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ അന്താരാഷ്ട്ര ശ്രമങ്ങൾക്കും സൗദിയുടെ പിന്തുണ കൂടിക്കാഴ്ചക്കിടയിൽ കിരീടാവാകാശി ഉറപ്പുനൽകിയിരുന്നു.
ജൂണിൽ ഗൾഫ് സഹകരണ കൗൺസിലിലെ വിദേശകാര്യ മന്ത്രിമാർ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി റിയാദിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രെയിനിലെ പ്രതിസന്ധിയിൽ ഗൾഫ് നിലപാട് ഏകീകൃതമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.