പത്താമത് സൗദി ചലച്ചിത്രോത്സവത്തിന് പ്രൗഢോജ്ജ്വല തുടക്കം
text_fieldsദമ്മാം: സൗദി ചലച്ചിത്രോത്സവത്തിന്റെ പത്താം പതിപ്പിന് ദമ്മാം കിംങ് അബ്ദുൽ അസീസ് വേൾഡ് കൾച്ചർ ‘ഇത്ര’യിൽ പ്രൗഢോജ്ജ്വല തുടക്കം. വ്യാഴം രാത്രി 8.30ന് ഇത്ര തിയറ്ററിൽ നടന്ന ചടങ്ങിന് അറബ് സിനിമാ ലോകത്തെ പ്രശസ്തർ ഉൾപ്പെടെ ആയിരങ്ങൾ സാക്ഷിയായി. സൗദിയുടെ ചരിത്രവും വർത്തമാനവും ഇഴപിരിയുന്ന ഉജ്ജ്വല കാഴ്ചകളെ സമന്വയിപ്പിച്ച് സൗദി സിനിമാ ലോകത്തിന്റെ അതുല്ല്യ നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ചടങ്ങുകൾ. സൗദി ദേശീയഗാനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സൗദി സിനിമാ അസോസിയേഷൻ ബോർഡ് ചെയർമാൻ ഹന്ന അൽ ഒമൈർ ആമുഖപ്രഭാഷണം നടത്തി. അത്യന്താധുനികതയിലേക്കുള്ള സൗദിയുടെ വളർച്ചകളിൽ സാംസ്കാരിക ചലനമായി ചലച്ചിത്രോത്സവം മാറിയതായി അവർ പറഞ്ഞു. തുടർന്ന് പ്രതീക്ഷകളുടെ ആകാശവും, സ്വപ്നങ്ങളുടെ നിറക്കൂട്ടുകളും നമുക്കുള്ളതാണെന്ന് തുടങ്ങുന്ന മനോഹരമായ ഗാനത്തിനൊപ്പം അതിവ്യത്യസ്ഥമായ നൃത്തച്ചുവടുകളുമായി സൗദിയിലെ പ്രശസ്തമായ കൊറിയോഗ്രാഫി സംഘം വേദിയിലെത്തി. ചലച്ചിത്രമേളയുടെ മേധാവികൂടിയായ അഹമദ് അൽ മുല്ലലെ അവരെ അഭിനന്ദിച്ചു. ചലച്ചിത്ര മേളയുടെ പത്ത് വർഷത്തെ അനർഘ നിമിഷങ്ങൾ അടങ്ങുന്ന ഡോക്യൂമെന്ററി പ്രദർശനവും നടന്നു.
36 അവാർഡുകളാണ് മേളയിൽ നൽകുന്നത്. 76 ചലച്ചിത്രങ്ങൾ മേളയിൽ മാറ്റുരക്കും. കൂടാതെ തിരക്കഥ, ഡോക്യൂമെന്ററി തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലെ മത്സരങ്ങളുമുണ്ടാകും. സൗദി സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള ഫിലിം കമ്മീഷന്റെ പിന്തുണയോടെ, സിനിമാ സൊസൈറ്റിയാണ് സൗദി ചലച്ചിത്രമേള ഒരുക്കുന്നത്. സൗദി സംവിധായകൻ ഇബ്രാഹിം അണിയിച്ചൊരുക്കിയ 'അണ്ടർ ഗ്രൗണ്ട്' എന്ന ഡോക്യൂമെന്ററിയോടെയാണ് ചലച്ചിത്രമേള ആരംഭിച്ചത്. രാജ്യത്തെ പ്രതികൂല കാലാവസ്ഥയിലും സംഗീത വഴിയിലൂടെ സഞ്ചരിക്കുകയും ഒടുവിൽ രാജ്യം ഏറെ ഇഷ്ടത്തോടെ ഏറ്റെടുക്കുകയും ചെയ്ത നാല് പേരുടെ ജീവിതം പറയുന്ന ചിത്രമാണ് 'അണ്ടർ ഗ്രൗണ്ട്'. സയൻസ് ഫിക്ഷൻ സിനിമകളാണ് ഈ വർഷത്തെ ചലച്ചത്രോത്സവത്തിന്റെ പ്രമേയം.
മത്സര നിലവാരം ഉയർത്തുന്നതിനായി ഇത്തവണ സമ്മാനങ്ങൾ പുനഃക്രമീകരിച്ചിട്ടുണ്ട്. മേളയുടെ സാങ്കേതിക സമിതി നാമനിർദേശം ചെയ്യുന്ന ദൈർഘ്യമേറിയതും ഹ്രസ്വവുമായ 53 ഡോക്യുമെന്ററികളും 36 സമ്മാനങ്ങൾക്കായി മത്സരിക്കുകയും മേളയിൽ മൂന്ന് വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുകയും ചെയ്യും. ഫിലിം മത്സരം, നടപ്പാക്കാത്ത തിരക്കഥ മത്സരം, പ്രൊഡക്ഷൻ മാർക്കറ്റ് പ്രോജക്ട് മത്സരം. പരിസ്ഥിതിയെക്കുറിച്ചുള്ള മികച്ച സൗദി ഡോക്യുമെന്ററിയും ആനിമേറ്റഡ് ഷോർട്ട് ഫിലിം തുടങ്ങിയുള്ള മത്സരങ്ങൾക്ക് ഇത്തവണ രണ്ടാം സ്ഥാനത്തിനും അവാർഡുകൾ നൽകും. ഡോക്യൂമെന്ററി വിഭാഗത്തിലെ വിധികർത്താക്കളിൽ ഒരാളായി ചലച്ചിത്ര നിരൂപകനും, മലയാളിയുമായ വി.കെ ജോസഫ് ദമ്മാമിലെ ത്തിയിട്ടുണ്ട്. അദ്ദേഹം എഴുതിയ പുസ്തകവും അറബിയിലേക്ക് മൊഴിമാറ്റി പ്രകാശനം ചെയ്യുന്നുണ്ട്. പ്രൊഡക്ഷൻ മാർക്കറ്റ് കൂടുതൽ നിലവാരമുള്ളതാക്കാൻ ലക്ഷ്യമിട്ട് രണ്ട് പരിശീലന ശിൽപശാലകളും , സിനിമാ പ്രഫഷണലുകൾക്കായി വിവിധ പരിശീലനങ്ങളും സംഘടിപ്പിക്കും. ഒരു സിമ്പോസിയവും സിനിമാറ്റിക് വിഷയങ്ങൾ ഉൾക്കൊള്ളുന്ന 13 മാസ്റ്റർ ക്ലാസുകളും നടക്കും. ഉച്ചക്ക് രണ്ട് മുതൽ രാത്രി 11 വരെയാണ് പ്രദർശനങ്ങൾ. ചിത്രങ്ങൾ കാണാനെത്തുന്നവർക്ക് ഫെസ്റ്റിവൽ മ്യൂസിയവും സന്ദർശിക്കാം, അവിടെ മേളയുടെ വർണാഭമായ ചരിത്രം പ്രദർശിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.