11 കോടി രൂപയുടെ അത്ഭുത കോവിഡ് മാസ്ക് റിയാദിൽ
text_fieldsറിയാദ്: ലോകത്തിലെ ഏറ്റവും വിലകൂടിയ കോവിഡ് മാസ്ക് റിയാദ് സീസണിൽ പ്രദർശനത്തിനെത്തി. സീസൺ പ്രധാന വേദികളിൽ ഒന്നായ റിയാദ് ഫ്രണ്ടിലെ ജ്വല്ലറി സലൂൺ പ്രദർശന മേളയിലാണ് ആഡംബര മാസ്ക് സന്ദർശകരെ അത്ഭുതപ്പെടുത്തുന്നത്. 3608 കറുപ്പും വെളുപ്പും വജ്ര കല്ലുകളും സ്വർണവും ഉപയോഗിച്ചാണ് മാസ്കിെൻറ നിർമിതി. 15 ലക്ഷം അമേരിക്കൻ ഡോളർ (ഏകദേശം 11 കോടിയിലധികം രൂപ) വിലയ്ക്ക് വിറ്റ മാസ്ക് ആണിത്. അമേരിക്കൻ നഗരമായ ലോസ് ആഞ്ചെലസ് സ്വദേശിയാണ് ഈ അത്ഭുത മാസ്ക് ലോകത്തിലെ ഏറ്റവും വലിയ വില െകാടുത്ത് സ്വന്തമാക്കിയത്. അദ്ദേഹത്തിെൻറ ആവശ്യപ്രകാരമാണ് മാസ്ക് നിർമിക്കാൻ കമ്പനി തയാറായത്. വാങ്ങുന്നയാളുടെ പേര് രഹസ്യമായി വെക്കണമെന്ന നിബന്ധന നിർമാണത്തിന് മുമ്പേ കരാറിലുള്ളത്തിനാൽ പേര് വിവരങ്ങൾ കമ്പനി അധികൃതകർ പുറത്ത് വിട്ടിട്ടില്ല.
ഉപഭോക്താവ് കച്ചവടക്കാരനെല്ലന്നും ഇത്തരം അപൂർവയിനം വസ്തുക്കൾ ശേഖരിക്കുന്നതിൽ താൽപര്യമുള്ള ആളാണെന്നുമുള്ള സൂചന മാത്രമാണ് നൽകുന്നത്. പ്രമുഖ അമേരിക്കൻ വജ്രാഭരണ ബ്രാൻഡായ 'ഇവൽ' ജ്വല്ലറിയാണ് നിർമാതാക്കൾ. കമ്പനിയുടെ സ്ഥാപകനും ഉടമസ്ഥനുമായ ഇസാഖ് ലെവിയാണ് മാസ്ക് ഡിസൈൻ ചെയ്തത്. കോവിഡ് കാലത്തെ ദുഷ്കരമായ പ്രതിസന്ധി മറികടക്കാൻ ഈ അവസരം കമ്പനി ഉപയോഗപ്പെടുത്തിയതായി റിയാദിലെത്തിയ ജ്വല്ലറി പ്രതിനിധകൾ പറയുന്നു.
മൂന്ന് പാളികളിൽ തീർത്ത മാസ്കിെൻറ ആദ്യ പാളി പൂർണമായും അപൂർവയിനം വജ്രം ഉപയോഗിച്ചാണ് നിർമിച്ചിട്ടുള്ളത്. രണ്ടാം പാളി എൻ 99 മാസ്കും മൂന്നാം പാളി ഫിൽട്ടറുമാണ്.
(മാസ്ക് നിർമാണത്തിനിടെ)
വെറും ഒരു ഫാൻസി മാസ്ക് മാത്രമല്ല ഇത്. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരവും നേടിയിട്ടുണ്ട്. വജ്രങ്ങളുടെയും സ്വർണത്തിെൻറയും കമനീയമായ ഭംഗി ചേരുന്ന മാസ്കിെൻറ ചാരുത ഹൃദയാവർജകമാണ്.
രസകരമായ വെല്ലുവിളിയായിട്ടാണ് മാസ്ക് നിർമാണം ഇവൽ ഗ്രൂപ്പ് ഏറ്റെടുത്തത്. വജ്ര, സ്വർണ പണി രംഗത്തെ 41 കലാകാരന്മാർ ഒമ്പത് മാസമെടുത്താണ് മാസ്ക് നിർമിച്ചത്. ഈ അപൂർവ നിർമിതി കാണാൻ റിയാദ് ഫ്രണ്ട് വേദിയിൽ ഇതിനോടകം ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ എത്തിയതായി സംഘാടകർ അറിയിച്ചു. ലോകത്തിലെ പ്രമുഖ ആഭരണ കമ്പനികളുടെ അതുല്യമായ ഉൽപന്നങ്ങൾ കാണുന്നതിനും വാങ്ങുന്നതിനും സന്ദർശകർ ഈ അവസരം ഉപയോഗപ്പെടുത്തി. കുട്ടികൾക്കും മുതിർന്നവർക്കും ഇവിടെ പ്രവേശനാനുമതിയുണ്ട്. പ്രവേശന ഫീസ് പ്രവൃത്തി ദിവസങ്ങളിൽ 55 റിയാലും വാരാന്ത്യങ്ങളിൽ 110 റിയാലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.