മദ്യം കടത്തിയതിന് 11 കോടിയുടെ പിഴ; മുനീറിന് പറയാനുള്ളത് ചതിയുടെ കഥ
text_fieldsദമ്മാം: ബഹ്റൈനിൽ നിന്ന് സൗദിയിലേക്ക് ട്രെയിലറിൽ മദ്യം കടത്തിയതിന് പിടിക്കപ്പെടുകയും 11 കോടി രൂപയോളം (റിയാൽ) പിഴക്കും നാടുകടത്തലിനും ശിക്ഷ വിധിക്കപ്പെടുകയും ചെയ്ത കോട്ടയം ഈരാറ്റുപേട്ട സ്വദേശി ഷാഹുൽ മുനീറിന്റെ (24) വാർത്ത പ്രവാസികളെ അമ്പരപ്പിക്കുന്നതായിരുന്നു. ഒരു മാസത്തിനുള്ളിൽ അപ്പീൽ കോടതിയെ സമീപിക്കാൻ ദമ്മാം ക്രിമിനിൽ കോടതി സാവകാശം അനുവദിച്ചിട്ടുണ്ടെങ്കിലും ഈ വിധിയെ മറികടക്കാൻ അപ്പീൽ കോടതിയിൽ സാധിക്കുമോ എന്ന ആശങ്കയിലാണ് മുനീറിന്റെ ബന്ധുക്കൾ.
അപ്പീൽ കോടതിയും രക്ഷയായില്ലെങ്കിൽ ഭാരിച്ച തുകയുടെ പിഴ കെട്ടാതെ സൗദിയിലെ ജയിലിൽ നിന്ന് മോചിതനാവാൻ കഴിയില്ല. ജീവിതകാലം മുഴുവൻ തടവറയിൽ കഴിയേണ്ടിവരും. ഇത്രയും ഗൗരവമുള്ള ശിക്ഷ ക്ഷണിച്ചു വരുത്തിയ കേസിൽ അകപ്പെട്ടതിന് പിന്നിൽ ചതിയുടെ കഥയാണ് മുനീറിന് പറയാനുള്ളത്. കുടുംബത്തിന്‍റെ ദാരിദ്ര്യവും അനുജന്‍റെ കരൾ രോഗവും തനിക്ക് ബാധിച്ച അർബുദവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ഒരു കാലഘട്ടത്തിൽ ദമ്മാമിൽ വെച്ച് പരിചയപ്പെട്ട പെരിന്തൽമണ്ണ സ്വദേശി വാഗ്ദാനം ചെയ്ത സഹായത്തിന് പിന്നിലാണ് ചതി ഒളിച്ചിരുന്നത്. അത് യഥാസമയം മനസിലാകാതെ പോയതിൽ സ്വയം പഴിക്കുകയാണ് ഇന്ന് മുനീർ.
യുവാവിന്റെ കരളലയിക്കുന്ന അനുഭവങ്ങൾ കേട്ട പെരിന്തൽമണ്ണ സ്വദേശി സഹായിക്കാൻ തയാറാവുകയായിരുന്നു. ട്രെയിർ ഡ്രൈവറായ മുനീറിന് ബഹ്റൈനിലേക്ക് ഒരു ഓട്ടം നൽകി. ബഹ്റൈനിൽ പോയി സുഹൃത്ത് നൽകുന്ന സാധനങ്ങളുമായി തിരിച്ചെത്തിയാൽ 10,000 റിയാൽ നൽകാം എന്നായിരുന്നുവത്രേ വാഗ്ദാനം. നാട്ടിൽ പോകാൻ റീ എൻട്രി അടിച്ചിരുന്ന മുനീർ അതിന് മുമ്പ് ലഭിക്കാൻ സാധ്യതയുള്ള വലിയ തുക പ്രതീക്ഷിച്ചാണ് ഈ ജോലി ഏറ്റെടുത്തത്. തന്റെ നിസ്സഹായാവസ്ഥയിൽ സങ്കടം തോന്നി സഹായിക്കാൻ വന്ന ആൾ ചതിക്കുമെന്ന് സ്വപ്നതത്തിൽ പോലും കരുതിയതല്ലത്രേ.
അഞ്ച് വർഷത്തിലധികമായി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മുനീർ ആദ്യമായാണ് ബഹ്റൈനിലേക്ക് ഓട്ടം പോകുന്നത്. ബഹ്റൈനിൽ എത്തിയ മുനീർ, പെരിന്തൽമണ്ണ സ്വദേശി നൽകിയ വിവരനുസരിച്ച് എത്തിയ മലയാളിക്ക് ട്രെയിലർ കൈമാറി. അതും കൊണ്ട് പോയ അയാൾ രണ്ടാം ദിവസം തിരിച്ചെത്തി ട്രെയിലർ മുനീറിനെ തിരിച്ചേൽപിച്ചു. അതുമായി സൗദിയിലേക്ക് തിരികെ വരും വഴിയാണ് കോസ്വേയിൽ വെച്ച് കസ്റ്റംസിനാൽ പിടിക്കപ്പെടുന്നത്. 4,000 മദ്യക്കുപ്പികളാണ് ട്രെയിലറിൽ ഉണ്ടായിരുന്നത്.
ബഹ്റൈനിലെ മദ്യം സൗദിയിലെത്തിച്ച് പത്തിരട്ടി വിലക്ക് വിൽക്കലാണത്രെ മദ്യക്കടത്തുകാരുടെ രീതി. അതിരാവിലെ തന്നെ ടെയിലറുമായി കോസ്വേയിൽ എത്തണമെന്ന് ഇരു മലയാളികളും നിർബന്ധിച്ചിരുന്നതായി മനീർ ഓർക്കുന്നു. എന്നാൽ മുനീർ അൽപം വൈകിയാണ് എത്തിയത്. പിടിക്കപ്പെട്ടപ്പോൾ മാത്രമാണ് ട്രെയിലറിൽ മദ്യമാണെന്ന് തിരിച്ചറിഞ്ഞതെന്നാണ് മുനീർ പറയുന്നു. യുവാവ് പിടിക്കപ്പെട്ടതോടെ രണ്ട് മലയാളികളും അപ്രത്യക്ഷരായി. ഇവരെ പിടികിട്ടിയാൽ മാത്രമേ തന്റെ നിരപരാധിത്വം മുനീറിന് സൗദി കോടതിയിൽ തെളിയിക്കാൻ സാധിക്കു.
ഒരു കുടുംബത്തിന്റെ അത്താണിയായ അവിവാഹിതനായ ചെറുപ്പക്കാരന്റെ ജീവിതമാണ് മദ്യ മാഫിയയുടെ കെണിയിൽപെട്ട് എരിഞ്ഞു തീരുന്നത്. കാൻസർ ബാധിതനായ മുനീർ രണ്ട് ഓപറേഷനുകൾക്ക് വിധേയനായിട്ടുണ്ട്. നാട്ടിൽ സഹോദരൻ കരൾ രോഗബാധിതനായി ചികിത്സയിലാണ്. നാട്ടിലെ നിർധന കുടുംബം ഈ ചെറുപ്പക്കാരനെ ആശ്രയിച്ചായിരുന്നു ജീവിതം മുന്നോട്ട് കൊണ്ടു പോയിരുന്നത്. അതാണ് ഇപ്പോൾ തടവറയുടെ ഇരുട്ടിൽ പെട്ടിരിക്കുന്നത്. മദ്യക്കടത്തായതിനാൽ സഹായിക്കാൻ സാമൂഹിക പ്രവർത്തകരും വിമുഖത കാണിക്കുകയാണ്. ഉന്നത ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ മുനീറിന്റെ ജീവിതം തടവറയിൽ അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.