അക്കൗണ്ടിൽനിന്ന് പണം തട്ടിയ 11പേർ അറസ്റ്റിൽ
text_fieldsഅനീസുദ്ദീൻ ചെറുകുളമ്പ്
യാംബു: ബാങ്ക് ജീവനക്കാരെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച് ബാങ്ക് അക്കൗണ്ടുകളിൽനിന്ന് പണം തട്ടുന്ന സംഘത്തിലെ 11 പേരെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് അക്കൗണ്ട് അപ്‌ഡേറ്റ് ചെയ്യണമെന്നും എ.ടി.എം കാർഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും തെറ്റിദ്ധരിപ്പിച്ച് വ്യക്തിപരമായ വിവരങ്ങളും അക്കൗണ്ട് വിവരങ്ങളും ചോർത്തി തട്ടിപ്പ് നടത്തൽ തൊഴിലാക്കിയവരാണ് പിടിയിലായതെന്ന് പബ്ലിക്ക് പ്രോസിക്യൂഷൻ അറിയിച്ചു.
കൂടുതൽ പ്രതികളുണ്ടോ എന്നതടക്കം ശക്തമായ അന്വേഷണം നടത്തുകയാണ്. ബാങ്ക് ഉദ്യോഗസ്ഥനാണെന്നുപറഞ്ഞ് ഫോൺ വിളിച്ച് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞും സന്ദേശങ്ങളയച്ചും നടത്തുന്ന തട്ടിപ്പിൽ നിരവധിയാളുകൾ ഇരകളാവുകയാണ്.
ഇത്തരം തട്ടിപ്പുകളെക്കുറിച്ച് രാജ്യത്തെ പൗരന്മാരും താമസക്കാരും ജാഗ്രത പുലർത്തണമെന്നും ഒരിക്കലും ഫോണിലൂടെ വ്യക്തിവിവരങ്ങൾ കൈമാറരുതെന്നും പ്രോസിക്യൂഷൻ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി.
ഇപ്പോൾ വലയിലായ സംഘം ഒരു വീട് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിവന്നിരുന്നതെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനും മോഷ്ടിച്ച പണം നിക്ഷേപിച്ച അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പ്രത്യേക സമിതി രൂപവത്കരിക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ബാങ്ക് ഇടപാടുകാർ തട്ടിപ്പിനെതിരെ ശ്രദ്ധപുലർത്തണമെന്നും ബാങ്ക് അക്കൗണ്ടുകളുമായും എ.ടി.എം കാർഡുകളുമായും ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്താൻ സർക്കാർ വകുപ്പുകളും ധനകാര്യ സ്ഥാപനങ്ങളും ആവശ്യപ്പെടില്ലെന്നും സൗദി സെൻട്രൽ ബാങ്ക് അധികൃതർ അറിയിച്ചു.
ബാങ്ക് വിവരങ്ങൾ ആരുചോദിച്ചാലും ഫോൺ വഴി നൽകരുത്. ബാങ്കിലേക്ക് നേരിട്ടുവരാമെന്ന് മറുപടി നൽകണം.
സംശയം തോന്നുന്ന ഫോൺ നമ്പറിനെക്കുറിച്ച് അധികൃതരെ അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.