അസീർ മേഖലയിലെ ജയിലുകളിൽ 115 ഇന്ത്യക്കാർ, 40ഓളം മലയാളികൾ
text_fieldsഅബഹ: സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യയായ അസീർ മേഖലയിലെ അബഹ, ഖമീസ് മുഷൈത്ത്, മൊഹയിൽ അസീർ ജയിലുകളിലായി 115 ഇന്ത്യക്കാരുണ്ടെന്ന് റിപ്പോർട്ട്. വിവിധ കുറ്റകൃത്യങ്ങളിലാണ് ഇവർ തടവിൽ കഴിയുന്നതെന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ജയിൽ സന്ദർശനത്തിൽ കണ്ടെത്തിയത്. കൊലപാതക കേസിൽ പ്രതിയായി 14 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന ഉത്തർപ്രദേശ് സ്വദേശിയും ഇതിൽ ഉൾപ്പെടുന്നു. വാഹനാപകട കേസിൽ മോചനദ്രവ്യം നൽകാൻ കഴിയാത്തതിന്റെ പേരിൽ പ്രതിയായ ഒരാളും മയക്കുമരുന്നുകളുടെ ഉപയോഗം, വിതരണം എന്നീ കുറ്റകൃത്യങ്ങളിൽപെട്ടവരും ജോലിസ്ഥലങ്ങളിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയവരും സർക്കാർ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ കൈക്കൂലി നൽകിയവരും നിയമലംഘകരെ സംരക്ഷിച്ചവരും മോഷണക്കുറ്റം ചുമത്തപ്പെട്ടവരുമാണ് ജയിലുകളിലുള്ളത്.
മദ്യപിച്ച് വാഹനമോടിച്ചു പൊലീസ് വാഹനം കേടുവരുത്തിയ ഒരു മലയാളിയും ഇതിൽ ഉൾപ്പെടുന്നു. പതിവിനു വിപരീതമായി കൂടുതൽ ആളുകൾ മലയാളികളാണ്. അടുത്തകാലത്ത് മയക്കുമരുന്ന് നിയന്ത്രണ കാമ്പയിനെ തുടർന്ന് പിടിയിലായവരാണ് മലയാളികളിൽ അധികവും. എട്ടും പത്തും വർഷം ജയിൽശിക്ഷയും വലിയ തുക പിഴയുമാണ് മയക്കുമരുന്നു കേസിൽ ഉൾപ്പെട്ടവർക്ക് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘം മേഖലയിലെ ജയിലുകൾ സന്ദർശിച്ചത്. ജയിൽ ശിക്ഷ കാലാവധി കഴിഞ്ഞിട്ടും മടക്കയാത്ര സാധ്യമാകാത്തവരെ ഉടനെ നാട്ടിലയക്കാൻ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി. കോൺസുലേറ്റ് ലേബർ വെൽഫെയർ കോൺസൽ മുഹമ്മദ് ഹാഷിം, സഹ ഉദ്യോഗസ്ഥൻ റിയാദ് ജീലാനി, കോൺസുലേറ്റ് ജീവകാരുണ്യ വിഭാഗം കമ്മിറ്റി പ്രതിനിധികളായ അഷ്റഫ് കുറ്റിച്ചൽ, ഇബ്രാഹിം പട്ടാമ്പി തുടങ്ങിയവരാണ് ജയിലുകൾ സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.