ഈ വർഷം സൗദിയിൽ 12,000 ഹോട്ടൽ മുറികൾ തുറക്കും -ടൂറിസം മന്ത്രി
text_fieldsജിദ്ദ: ഈ വർഷം സൗദിയിൽ പുതുതായി 12,000 ഹോട്ടൽ മുറികൾ തുറക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്വീബ് പറഞ്ഞു. റിയാദിൽ നടക്കുന്ന ആറാമത് നിക്ഷേപ ഉച്ചകോടിയോടനുബന്ധിച്ച് 'അൽ അറബിയ' ചാനലിന് നൽകിയ അഭിമുഖത്തിലാണ് ടൂറിസം മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിരവധി ഹോട്ടലുകളിൽ പുതുതായി കൂടുതൽ മുറികൾ ഉൾപ്പെടുത്താനോ പുതിയ ഹോട്ടലുകൾ ആരംഭിക്കാനോ ലൈസൻസ് നൽകിക്കഴിഞ്ഞു. ഒറ്റ വർഷംകൊണ്ട് ഇത്ര എണ്ണം ഹോട്ടൽ മുറികൾ ലഭ്യമാക്കുകയെന്നത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. നിലവിലെ മുറികളുടെ എണ്ണത്തിൽ ഇത് ആറുശതമാനം വളർച്ചയാണ്.
രാജ്യത്ത് വിവിധ സീസൺ ആഘോഷങ്ങളും നിരവധി പരിപാടികളും നടക്കുന്നതിനാൽ അത്രയധികം ആൾക്കാർ എത്തുകയും ചെയ്യുന്നുണ്ട്. അവർക്കെല്ലാം മതിയായ താമസസൗകര്യമൊരുക്കാനാണ് ഹോട്ടൽ മുറികളുടെ എണ്ണം വർധിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. റിസോർട്ട് ടൂറിസത്തിനുപുറമെ യുനെസ്‌കോയിൽ രജിസ്റ്റർ ചെയ്ത അഞ്ച് പൈതൃക കേന്ദ്രങ്ങൾ രാജ്യത്തിനുണ്ട്. ഏതുതരം വിനോദസഞ്ചാരികളെയും ആകർഷിക്കാൻ വേണ്ട വൈവിധ്യമാർന്ന വിനോദസഞ്ചാര വിഭവശേഷി രാജ്യത്തിനുണ്ട്.
ടൂറിസം മേഖല ലോക സമ്പദ്‌വ്യവസ്ഥയുടെയും തൊഴിലവസരങ്ങളുടെയും 10 ശതമാനത്തെയാണ് പ്രതിനിധാനംചെയ്യുന്നത്. കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത് ടൂറിസം മേഖലയെ ആയിരുന്നു. എന്നാൽ, ആ പ്രതിസന്ധി അതിജീവിച്ച് തിരിച്ചുവരവിന്റെയും വളർച്ചയുടെയും പാതയിലാണ് ലോക വിനോദസഞ്ചാര മേഖല. ഈ വർഷം, കോവിഡിന് മുമ്പുണ്ടായിരുന്ന അവസ്ഥയുടെ 70 ശതമാനത്തിലേക്ക് തിരിച്ചെത്തിയതായും മന്ത്രി പറഞ്ഞു.
വിനോദസഞ്ചാര നഗരങ്ങളെ നോൺ സ്റ്റോപ് വിമാന സർവിസുകളിലൂടെ ബന്ധിപ്പിക്കുന്നത് വളരെ പ്രധാനമാണെന്ന് വ്യോമയാന മേഖലയെക്കുറിച്ച് സംസാരിക്കവേ മന്ത്രി പറഞ്ഞു. സൗദി അറേബ്യയിൽ ഒരു പുതിയ ദേശീയ വിമാനക്കമ്പനി ഉണ്ടാകുന്നത് വളരെ പ്രധാനമാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കയറ്റുമതി നഗരങ്ങളുമായുള്ള സൗദി അറേബ്യയുടെ ബന്ധം ഇത് വർധിപ്പിക്കും. സൗദി നഗരങ്ങളിലേക്കുള്ള പ്രവേശന നിരക്ക് കൂട്ടുകയും രാജ്യം സന്ദർശിക്കാനുള്ള വിനോദസഞ്ചാരികളുടെ ആഗ്രഹം വർധിപ്പിക്കുകയും ചെയ്യും. സൗദി അറേബ്യ വളരെ വിശാലമാണ്.
ബീച്ചുകളിൽ റിസോർട്ടുകളുണ്ട്. മലകളും മരുഭൂമികളുമുണ്ട്. ശൈത്യകാലത്ത് കാലാവസ്ഥ സൗമ്യമാണ്. അതിനാൽ എല്ലാ വിഭാഗങ്ങളെയും ഞങ്ങൾ ലക്ഷ്യമിടുന്നുവെന്ന് 'വിനോദസഞ്ചാര വൈവിധ്യം' എന്ന വിഷയത്തിൽ മന്ത്രി പറഞ്ഞു. ആഡംബര ടൂറിസത്തെ ആകർഷിക്കുന്ന ചെങ്കടൽ പദ്ധതികൾ പോലെയുള്ള വൻ പദ്ധതികളുണ്ട്. വിശാലമായ ഇടത്തരം ധാരാളം പദ്ധതികൾ ജിദ്ദയിലും കിഴക്കൻ പ്രവിശ്യയിലുമുണ്ട്. ഈ പദ്ധതികളിലൂടെയെല്ലാം ഞങ്ങൾ എല്ലാവരെയുമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.