ഒരാഴ്ചയ്ക്കിടെ 12,000 നിയമലംഘകർ അറസ്റ്റിൽ
text_fieldsറിയാദ്: ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാ ചട്ടങ്ങളും ലംഘിച്ച 12,000 പേരെ അറസ്റ്റ് ചെയ്തു. മേയ് 19 മുതൽ മേയ് 25 വരെയുള്ള കാലയളവിൽ സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസാത്ത്) നടത്തിയ സംയുക്ത ഫീൽഡ് കാമ്പയിനിടെയാണ് അറസ്റ്റ്.
അറസ്റ്റിലായവരിൽ 7626 താമസ നിയമ ലംഘകരും 3237 അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചവരും 1495ലേറെ തൊഴിൽ നിയമ ലംഘകരും ഉൾപ്പെടുന്നു. 67 ശതമാനം യമൻ പൗരന്മാരും 32 ശതമാനം ഇത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരും ഉൾപ്പെടെ രാജ്യത്തേക്ക് അതിർത്തിവഴി കടക്കാൻ ശ്രമിക്കുന്നതിനിടെ 117 പേരെ അറസ്റ്റ് ചെയ്തു.
നിയമലംഘകർക്ക് അഭയം നൽകിയ 19 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. നിലവിൽ ശിക്ഷാ നടപടികൾക്ക് വിധേയരായ മൊത്തം നിയമലംഘകരുടെ എണ്ണം 77,630ൽ അധികം പുരുഷന്മാരും 3793 സ്ത്രീകളും ഉൾപ്പെടെ 81,423 പേരാണ്.
അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
1 മില്യൺ റിയാൽ വരെ പിഴയും കൂടാതെ അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ഗതാഗത മാർഗങ്ങൾ, അഭയത്തിനായി ഉപയോഗിച്ച താമസസ്ഥലം എന്നിവ കണ്ടുകെട്ടുകയും ചെയ്യും. സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911ലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996ലും അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.