മസ്ജിദുൽ ഹറമിനെ പ്രകാശമാനമാക്കാൻ 1,20,000 ലൈറ്റിങ് യൂനിറ്റുകൾ
text_fieldsമക്ക: മസ്ജിദുൽ ഹറമിനെയും പരിസര പ്രദേശങ്ങളെയും രാവിൽ പ്രകാശമാനമാക്കാൻ ഒരുക്കിയ ബഹുമുഖ സംവിധാനങ്ങൾ ശ്രദ്ധേയമാകുന്നു. മസ്ജിദുൽ ഹറം പ്രദേശങ്ങൾ, സമീപ ഏരിയകൾ, മിനാരങ്ങൾ തുടങ്ങിയവയെ പ്രകാശിപ്പിക്കാൻ സവിശേഷമായ ലൈറ്റിങ് പാറ്റേണാണ് രൂപപ്പെടുത്തിയിരിക്കുന്നത്. മൊത്തം 1,20,000 ലൈറ്റിങ് യൂനിറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. നിലവിലെ ഹറമിെൻറ വാസ്തുശിൽപ ചാരുതക്ക് മാറ്റുകൂട്ടാൻ കഴിയുന്ന വിധത്തിലുള്ള ലൈറ്റിങ് സംവിധാനമാണ് ഹറമിൽ രൂപകൽപന ചെയ്തിട്ടുള്ളത്.
മികച്ച രീതിയിൽ ആധുനിക സാങ്കേതിക മികവോടു കൂടിയ പ്രകാശവിളക്കുകളുടെ അപൂർവ ശേഖരങ്ങൾ മസ്ജിദുൽ ഹറമിെൻറ പ്രകാശജ്വാലയെ കൂടുതൽ ആകർഷണീയമാക്കുന്നു. വിവിധ വലുപ്പത്തിലും ആകൃതിയിലുമുള്ള ലൈറ്റിങ് സമുച്ചയങ്ങൾ മസ്ജിദുൽ ഹറമിന് പ്രത്യേകം നിർമിച്ചവയാണ്. മസ്ജിദുൽ ഹറമിലെ ലൈറ്റിങ് സംവിധാനങ്ങൾ കാര്യക്ഷമമാക്കാനും അറ്റകുറ്റപ്പണികൾ നിരീക്ഷിക്കാനും പ്രത്യേക കൺട്രോൾ സ്േറ്റഷൻ തന്നെ ഒരുക്കിയിട്ടുണ്ട്. മസ്ജിദുൽ ഹറമിലുടനീളം ലൈറ്റിങ് യൂനിറ്റുകൾ ഏറെ ആസൂത്രണപൂർവം സംവിധാനിക്കുന്നതാണെന്നും എല്ലാം കൺട്രോൾ സ്റ്റേഷനുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഫീൽഡ് അഫയേഴ്സ് ഓപറേഷൻ ആൻഡ് മെയിൻറനൻസ് ജനറൽ അഡ്മിനിസ്ട്രേഷൻ അസിസ്റ്റൻറ് ഡയറക്ടർ അമീർ ബിൻ അവദ് അൽ ലുഖ്മാനി പറഞ്ഞു.
ഹറം വികസനത്തിെൻറ ഭാഗമായി വിവിധ ആകൃതിയിലും വലുപ്പത്തിലുമുള്ള 304 'ചാൻഡിലിയറുകൾ' (ബഹുശാഖാ ദീപം) ആണ് ഇപ്പോൾ ഹറമിൽ സംവിധാനിച്ചിട്ടുള്ളത്. 2,000 വാട്ട് വൈദ്യുതി ഉപയോഗിച്ചാണ് ലൈറ്റുകളുടെ യൂനിറ്റുകൾ ഒരുക്കിയിരിക്കുന്നത്.
അല്ലാഹുവിെൻറ നാമം ഉല്ലേഖനം ചെയ്ത പ്രകാശിപ്പിക്കുന്ന ചില ലൈറ്റിങ് യൂനിറ്റുകൾ പള്ളിക്കുള്ളിലെ വാസ്തുവിദ്യാ കമാനങ്ങളുടെ മുകളിലെ തൂണുകളെയും അതിെൻറ കമാനങ്ങളെയും ഏറെ ആകർഷണീയമാക്കുന്നു. കൂടാതെ മസ്ജിദുൽ ഹറമിെൻറ മുറ്റത്തും മതിലുകളിലും ഘടിപ്പിച്ചിരിക്കുന്ന ആയിരത്തിലധികം ലൈറ്റിങ് യൂനിറ്റുകളും രാത്രി കാഴ്ചയെ വർണാഭമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.