പെർമിറ്റില്ലാത്ത ടാക്സി 1217 വാഹനങ്ങൾ പിടിച്ചെടുത്തു, 2194 നിയമലംഘനങ്ങൾ
text_fieldsജിദ്ദ: രാജ്യത്തെ വിമാനത്താവളങ്ങളിൽ ടാക്സി പെർമിറ്റില്ലാതെ സർവിസ് നടത്തിയ 1217 വാഹനങ്ങൾ പിടിച്ചെടുത്തു. ഒരു മാസത്തിനിടെ ഗതാഗത അതോറിറ്റി നടത്തിയ പരിശോധനയിലാണ് ഇത്രയും വാഹനങ്ങൾ പിടിയിലായത്. 2194 നിയമലംഘകരെ നിരീക്ഷിക്കാൻ സാധിച്ചു. സൗദിയിലെ പ്രധാന വിമാനത്താവളങ്ങളിലാണ് നിരീക്ഷണ കാമ്പയിൻ നടത്തിയതെന്ന് അതോറിറ്റി വിശദീകരിച്ചു.
നിയമലംഘനത്തിന്റെ അനുപാതം ഏറ്റവും കൂടുതൽ ജിദ്ദ വിമാനത്താവളത്തിലാണ്. 38 ശതമാനം. റിയാദിലെ വിമാനത്താവളത്തിൽ 30 ശതമാനവും മദീന വിമാനത്താവളത്തിൽ15 ശതമാനവും ദമ്മാം വിമാനത്താവളത്തിൽ 12 ശതമാനവും ത്വാഇഫ് വിമാനത്താവളത്തിൽ അഞ്ച് ശതമാനവുമാണ്. യാത്രക്കാർക്കിടയിൽ സുരക്ഷിതത്ത്വത്തിന്റെ തോത് ഉയർത്തുക, യാത്രാ ഗതാഗത മേഖലയെ കൂടുതൽ ഫലപ്രദമായി സംഘടിപ്പിക്കുക, എല്ലാവർക്കും സുരക്ഷിതവും വിശ്വസനീയവുമായ യാത്രാനുഭവം ഉറപ്പാക്കുക, അതോറിറ്റിയുടെ ലൈസൻസുള്ള വിവിധ ഗതാഗത മാർഗങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കാമ്പയിനിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും നിയമംലംഘിച്ചുള്ള ഗതാഗതം നിരീക്ഷിക്കുന്നത് തുടരുകയാണെന്ന് ഗതാഗത അതോറിറ്റി വ്യക്തമാക്കി. നിയലംഘകർക്ക് 5000 റിയാൽ സാമ്പത്തിക പിഴയുണ്ടാകും. വാഹനം പിടിച്ചെടുക്കുകയും കണ്ടുകെട്ടുന്നതിനുള്ള ചെലവുകൾ നിയമലംഘകർക്ക് വഹിക്കേണ്ടിവരുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.