സർക്കാർ, സ്വകാര്യ മേഖലകളിലായി 1.3 കോടി തൊഴിലാളികളും 12 ലക്ഷം സ്ഥാപനങ്ങളും
text_fieldsറിയാദ്: സൗദിയിൽ സർക്കാർ, സ്വകാര്യ മേഖലകളിലായി 1.3 കോടിയോളം തൊഴിലാളികളുണ്ടെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനിയർ അഹമ്മദ് അൽറാജ്ഹി വ്യക്തമാക്കി. തൊഴിൽ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച ആറാമത് അന്താരാഷ്ട്ര സമ്മേളനത്തിലാണ് അൽറാജ്ഹി ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലാളികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. അതിനാൽ എട്ട് ഭാഷകളിൽ തൊഴിലാളികളെ പരിശീലിപ്പിക്കുന്നതിന് യോഗ്യതയുള്ള വകുപ്പുകളുമായി സഹകരിച്ച് മന്ത്രാലയം പ്രവർത്തിക്കുന്നു. എന്നാൽ ഈ ഭാഷകളുടെ എണ്ണം 40 ൽ ലെത്തിക്കാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് തൊഴിൽ സുരക്ഷ, ആരോഗ്യം എന്നീ മേഖലകളിൽ രാജ്യം നിരവധി വിജയങ്ങൾ നേടിയിട്ടുണ്ടെന്നും മാനവ വിഭവശേഷി മന്ത്രി പറഞ്ഞു.
രാജ്യത്ത് 12 ലക്ഷം സ്ഥാപനങ്ങളുണ്ടെന്ന് മന്ത്രി സൂചിപ്പിച്ചു. തൊഴിൽ സുരക്ഷക്കും ആരോഗ്യത്തിനുമുള്ള പ്രതിബദ്ധത 71.3 ശതമാനമായി ഉയർന്നു. തൊഴിൽ സുരക്ഷയ്ക്കായി 22 സംരംഭങ്ങൾ ആരംഭിച്ച പ്രത്യേക സമിതിയുടെ സാന്നിധ്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ചതാകാൻ മന്ത്രാലയം ആഗ്രഹിക്കുന്നു. തൊഴിൽ സുരക്ഷ, ആരോഗ്യ മേഖലയിൽ ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിലും പ്രാപ്തമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ‘നാഷനൽ സ്ട്രാറ്റജിക് പ്രോഗ്രാം ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത്’ മന്ത്രാലയം ആരംഭിച്ചു. ഇതിലുടെ ഒരു ലക്ഷം തൊഴിലാളികളിൽ തൊഴിലിടങ്ങളിലെ 416 പരിക്കുകൾ എന്നതിൽ നിന്ന് 288 പരിക്കുകളായി കുറഞ്ഞു. തൊഴിൽ സുരക്ഷ, ആരോഗ്യ മേഖലകളിലെ തൊഴിലാളികളുടെ എണ്ണം 24,000 ലെത്തി. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 11,000ത്തിലധികം തൊഴിലവസരങ്ങളാണ് മന്ത്രാലയം ഇതേ മേഖലയിൽ സൃഷ്ടിച്ചത്. 2025ഓടെ ഇതേ മേഖലയിൽ 44 800 വിദഗ്ധരിലെത്തിച്ചേരാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും മാനവ വിഭവ ശേഷി മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.