റമദാൻ മുന്നൊരുക്കം: മദീന പള്ളിയിൽ സേവനത്തിന് 1350 വനിത സന്നദ്ധ പ്രവർത്തകർ
text_fieldsമദീന: റമദാൻ വ്രതാരംഭത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിശ്വാസികളെ സ്വീകരിക്കാൻ മദീനയിലെ മസ്ജിദുന്നബവി മുന്നൊരുക്കം തുടങ്ങി. കൂടുതൽ പേർക്ക് ഉംറ വിസകൾ അനുവദിച്ച പശ്ചാത്തലത്തിൽ തിരക്ക് വർധിക്കുന്നതിനാൽ മക്കയിലും മദീനയിലും അതനുസരിച്ച ഒരുക്കമാണ് നടത്തുന്നത്. മസ്ജിദുന്നബവിയിലെ ‘റൗദ’യിൽ പരവതാനികൾ മാറ്റി വിരിച്ചു. പള്ളിയിലെ മറ്റു ഭാഗങ്ങളിലും ആവശ്യമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കുകയാണ്. കാർപറ്റുകൾ വൃത്തിയാക്കലും അണുമുക്തമാക്കലും നടക്കുന്നു.
റമദാനിലെ തിരക്ക് നിയന്ത്രിക്കാനും കുറ്റമറ്റ സേവനം ഒരുക്കാനും മസ്ജിദുന്നബവിയിലെ ജനറൽ അതോറിറ്റി ഫോർ കെയർ ശിൽപശാല നടത്തി സന്നദ്ധപ്രവർത്തകരെ ഉൾപ്പടെ സജ്ജീകരണം പൂർത്തിയാക്കി. റമദാനിലേക്കുള്ള പ്രത്യേക ഒരുക്കം അവലോകനം ചെയ്തു. പള്ളിയിലെത്തുന്ന വനിത സന്ദർശകർക്ക് സേവനം നൽകുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും 1,350 വനിതാ സന്നദ്ധ പ്രവർത്തകരെയാണ് ഇത്തവണ പരിശീലനം നൽകി ഒരുക്കിയത്.
തീർഥാടകരുടെ തിരക്ക് നിയന്ത്രണം, അവരുമായുള്ള ആശയവിനിമയം, പ്രായമായവരെയും ഭിന്നശേഷിക്കാരെയും പരിചരിക്കൽ തുടുങ്ങിയ വിഷയങ്ങളാണ് പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയത്.
ഈ വർഷത്തെ ഇഫ്താറിന് മസ്ജിദുന്നബവിയിൽ 85 ലക്ഷത്തിലധികം ഭക്ഷണപ്പൊതികൾ വിശ്വാസികള്‍ക്ക് വിതരണം ചെയ്യുവാനുള്ള ഒരുക്കമാണ് പൂർത്തിയായി വരുന്നത്. 25 ലക്ഷത്തിലധികം സംസം ബോട്ടിലുകളാണ് ഈ റമദാൻ കാലത്ത് പള്ളിയില്‍ വിതരണം ചെയ്യുക. പള്ളിക്കുള്ളിൽ എല്ലായിടത്തും സംസം വെള്ളം ലഭ്യമാക്കാന്‍ 18,000 കണ്ടെയ്നറുകള്‍ സ്ഥാപിക്കുമെന്നും അതോറിറ്റി അറിയിച്ചു. റമദാനിലാണ് ഏറ്റവുമധികം തീർഥാടകർ മക്കയിലും മദീനയിലും എത്തുന്നത്.
ഉംറക്ക് എത്തുന്ന മിക്ക തീർഥാടകരും മദീന സന്ദർശിക്കുന്നത് പതിവാണ്. വ്രതമാസത്തെ സ്വീകരിക്കാനും വിശ്വാസികൾക്ക് പ്രാർഥന നിർവഹിക്കുന്നതിനും നോമ്പ് തുറക്കുന്നതിനും വിപുലമായ സൗകര്യമാണ് ഇരുഹറമിലും ഒരുക്കുന്നത്. റമദാൻ മാസത്തിൽ കൂടുതൽ സുരക്ഷയും ഒരുക്കാനുള്ള നടപടികളും അധികൃതർ പൂർത്തിയാക്കി വരികയാണിപ്പോൾ.
മക്കയിൽ ശുചീകരണത്തിന് 13,000 തൊഴിലാളികൾ
മക്ക: റമദാനിൽ മക്കയിലെ ശുചീകരണത്തിന് 13,000 തൊഴിലാളികളെ നിയോഗിച്ചു. മക്ക മുനിസിപ്പാലിറ്റിയാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്. പുണ്യമാസത്തിൽ സന്ദർശകരുടെയും തീർഥാടകരുടെയും എണ്ണത്തിൽ ഉണ്ടായേക്കാവുന്ന ഗണ്യമായ വർധനവിന് അനുസൃതമായാണിത്.
റമദാനെ സ്വീകരിക്കാൻ മുഴുവൻ സംവിധാനവും ഒരുക്കിയതായി മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു. മക്കയിലെ വ്യാപാര സ്ഥാപനങ്ങളിൽ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട നിരീക്ഷണം മുനിസിപ്പാലിറ്റി കർശനമാക്കി. മുനിസിപ്പൽ സ്ഥാപനങ്ങളുടെ പ്രവർത്തനം, പരിപാലനം, ശുചീകരണം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ, മുനിസിപ്പൽ സേവനങ്ങളുമായും മറ്റ് സേവനങ്ങളുമായും ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളുടെയും ഫീൽഡ് ഫോളോഅപ്പ് എന്നിവയാണ് നടത്തുന്നത്.
റമദാനിലേക്ക് മാത്രമായി നിജപ്പെടുത്തിയ മൊത്തം തൊഴിലാളികളുടെ എണ്ണം 13,549 ആണ്. ഇവർക്ക് 912 വിവിധയിനം ക്ലീനിങ് ഉപകരണങ്ങൾ നൽകി. മക്കയുടെ വിവിധ ഭാഗങ്ങളിലായി വ്യത്യസ്ത വലുപ്പത്തിലുള്ള 87,000ലധികം മാലിന്യ പാത്രങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. ഡങ്കിപ്പനി കൊതുകുകളെ ചെറുക്കുന്നതിനുള്ള പദ്ധതികൾക്കുള്ളിൽ പ്രാണികളെ നേരിടാൻ നിരവധി പ്രത്യേക ടീമുകളെ നിയോഗിച്ചിട്ടുണ്ട്. 686ലധികം ടെക്നീഷ്യൻമാരും സ്പെഷ്യലിസ്റ്റുകളും തൊഴിലാളികളും ഈ ടീമിലുണ്ട്. ഇവർക്ക് 550ലധികം ഉപകരണങ്ങളും വാഹനങ്ങളും സജ്ജീകരിച്ചിരിക്കുന്നു. മസ്ജിദുൽഹറാം ഉൾക്കൊള്ളുന്ന സെൻട്രൽ ഏരിയയിൽ 24 മണിക്കൂറും ശുചീകരണ സംഘങ്ങൾ പ്രവർത്തിക്കുമെന്നും മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.