75 ലക്ഷം മരങ്ങൾ നനക്കാൻ 1350 കിലോമീറ്റർ ജലസേചന ശൃംഖല
text_fieldsറിയാദ്: സൗദി തലസ്ഥാനത്ത് നടപ്പാക്കിവരുന്ന ‘ഗ്രീൻ റിയാദ്’ ഹരിതവത്കരണ പദ്ധതി പൂർത്തിയാകുന്നതോടെ നട്ടുപിടിപ്പിക്കപ്പെടുന്ന മരങ്ങൾ നനക്കാൻ 1350 കിലോമീറ്റർ നീളത്തിൽ ജലനിർഗമന കുഴലുകളുടെ ശൃംഖലയുമായി അധികൃതർ. പദ്ധതി പൂർണ യാഥാർഥ്യമാകുന്നതോടെ റിയാദിന്റെ മണ്ണിൽ വേരാഴ്ത്തുന്ന 75 ലക്ഷം വൃക്ഷത്തൈകൾക്ക് ജലസേചനം നടത്താനാണ് 1350 കിലോമീറ്റർ നീളമുള്ള കുഴൽശൃംഖല സ്ഥാപിക്കുന്നത്.
പദ്ധതികൾ പൂർത്തിയാകുന്നതോടെ പ്രതിദിനം 17 ലക്ഷം ക്യുബിക് മീറ്റർ ശുദ്ധീകരിച്ച വെള്ളം ജലസേചന ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകും. ഹരിത റിയാദ് പദ്ധതിയുടെ ഭാഗമായി ഹരിതയിടങ്ങളിൽ സുസ്ഥിര ജലസേചനം എന്ന ലക്ഷ്യത്തോടെയാണ് കുഴൽശൃംഖല സ്ഥാപിക്കുന്നതെങ്കിലും നഗരത്തിലെ ഇതര വികസന പദ്ധതികൾക്കും വെള്ളം പ്രയോജനപ്പെടുത്തും. 1.2 മുതൽ 2.4 മീറ്റർ വരെ വ്യാസമുള്ള പൈപ്പുകളാണ് ഇതിനായി സ്ഥാപിക്കുന്നത്. റിയാദിലെ എല്ലാ പാർപ്പിടകേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ഉപപദ്ധതികളുമുണ്ടാകും. നഗരത്തിലെ വാഹനഗതാഗതത്തെ ബാധിക്കാത്ത തരത്തിൽ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ചും വേഗത്തിലുമാകും പദ്ധതി നടപ്പാക്കുക.
ഏറ്റവും മികച്ച സാങ്കേതികവിദ്യകളെ ആശ്രയിച്ചുള്ള നിയന്ത്രണവും നിരീക്ഷണസംവിധാനവുമായിരിക്കും ഈ വിദൂര ജലസേചന പദ്ധതിക്ക്. പുനരുപയോഗ വിഭവങ്ങളിൽനിന്ന് പ്രയോജനം നേടാനുള്ള ഗ്രീൻ റിയാദ് പദ്ധതിയുടെ പ്രതിബദ്ധത സ്ഥിരീകരിക്കുംവിധം 100 ശതമാനം ശുദ്ധീകരിച്ച വെള്ളമാണ് ഉപയോഗിക്കുക. ‘ജലസേചനത്തിലെ സുസ്ഥിരത’ എന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാണ് പദ്ധതിക്ക് തുടക്കമിട്ടിട്ടുള്ളത്. ഏകോപന പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും തടസ്സങ്ങൾ മറികടക്കാനും ജലസേചന ശൃംഖലകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാനും സർക്കാർ ഏജൻസികളും സ്വകാര്യ മേഖലയിലെ വിദഗ്ധരുമടങ്ങുന്ന പ്രത്യേക സാങ്കേതിക സംഘം ഇതിനകം രൂപവത്കരിച്ചിട്ടുണ്ട്.
പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയം (മേവ), സൗദി ഇറിഗേഷൻ ഓർഗനൈസേഷൻ, നാഷനൽ വാട്ടർ കമ്പനി എന്നിവയുമായി ഏകോപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. റിയാദിലെ പബ്ലിക് ഇൻവെസ്റ്റ്മെൻറ് ഫണ്ട് (പി.ഐ.എഫ്), ദറഇയ ഗേറ്റ് ഡെവലപ്മെൻറ് അതോറിറ്റി (ഡി.ജി.ഡി.എ), കിങ് സൽമാൻ പാർക്ക്, സ്പോർട്സ് ബൊളിവാർഡ്, കിങ് അബ്ദുൽ അസീസ് പൊതുഗതാഗത പദ്ധതി എന്നിവക്കു പുറമേ റിയാദിലെ നിരവധി പ്രധാന പദ്ധതികൾക്കുംകൂടി പ്രയോജനപ്പെടത്തക്കവിധത്തിലാണ് ജലസേചന ശൃംഖലകൾ സ്ഥാപിക്കുക.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ മുൻകൈയിൽ സൽമാൻ രാജാവ് ആരംഭിച്ച റിയാദിലെ നാലു പ്രധാന പദ്ധതികളിലൊന്നായ ഗ്രീൻ റിയാദ് ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിലൊന്നായ ഹരിതവത്കരണ പരിപാടിപ്രകാരം 1000 കോടി വൃക്ഷത്തൈകൾ രാജ്യത്താകമാനം വെച്ചുപിടിപ്പിക്കാനുള്ള പദ്ധതിയുമായി സൗദി ഗ്രീൻ ഇനിഷ്യേറ്റിവ് (എസ്.ജി.ഐ) മുന്നോട്ടുപോവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.