ഒരാഴ്ചക്കിടെ 13,939 വിദേശി നിയമലംഘകർ അറസ്റ്റിൽ
text_fieldsഅൽഖോബാർ: ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് താമസ, തൊഴിൽ, അതിർത്തിസുരക്ഷ ചട്ടങ്ങൾ ലംഘിച്ച 13,939 വിദേശികളെ അറസ്റ്റ് ചെയ്തു. ജൂലൈ 27 മുതൽ ആഗസ്റ്റ് രണ്ടു വരെ രാജ്യത്തുടനീളം സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
7894 താമസലംഘകരും 3839 അതിർത്തിസുരക്ഷാചട്ട ലംഘകരും 2206 തൊഴിൽ, നിയമ ലംഘകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 933 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 41 ശതമാനം യമനികളും 58 ശതമാനം ഇത്യോപ്യക്കാരും ഒരു ശതമാനം മറ്റു രാജ്യക്കാരുമാണ്.
44 പേർ സൗദി അറേബ്യയിൽനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടുവരുകയും അഭയംനൽകുകയും ചെയ്തവരും അവരെ ഒളിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുമായ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. മൊത്തം 37,794 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്.
അതിൽ 31,222 പുരുഷന്മാരും 6572 സ്ത്രീകളുമാണ്. ഇവരിൽ 31,109 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര ഓഫിസുകൾക്ക് റഫർ ചെയ്തു. 2019 നിയമലംഘകരുടെ ഫയലുകൾ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ കൈമാറി. 7969 നിയമലംഘകരെ നാടുകടത്തി.
നുഴഞ്ഞുകയറ്റക്കാർക്ക് രാജ്യത്തേക്കുള്ള പ്രവേശനം സുഗമമാക്കുകയോ ഗതാഗത, പാർപ്പിടസൗകര്യങ്ങൾ ഏർപ്പെടുത്തുകയോ ചെയ്താൽ 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ശിക്ഷയായി നൽകുമെന്നും വാഹനങ്ങളും താമസസൗകര്യങ്ങളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം താക്കീത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.