സൗദിയിലെ ജയിലുകളിൽ 1,461 ഇന്ത്യക്കാർ
text_fieldsറിയാദ്: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് സൗദിയിലെ ജയിലുകളിൽ കഴിയുന്നത് 1,461 ഇന്ത്യക്കാർ. രാജ്യസഭയിൽ സി.പി.ഐ എം.പി. ബിനോയ് വിശ്വത്തിന്റെ ചോദ്യത്തിന് കേന്ദ്രമന്ത്രി വി. മുരളീധരൻ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. ഒമാനിലെ ജയിലുകളിൽ കഴിയുന്നവരിൽ മലയാളികൾ ഉണ്ടെന്നും ചിലരൊക്കെ നിസ്സാര കേസുകളിൽ തടവിലായവരാണെന്നും പ്രവാസി കമീഷൻ അംഗം പി.എം. ജാബിർ ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
വിശേഷാവസരങ്ങളിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രത്യേക മാപ്പ് നൽകി സ്വദേശി, വിദേശി തടവുകാരെ മോചിപ്പിക്കാറുണ്ട്. രണ്ട് പെരുന്നാൾ ദിനങ്ങൾ, ദേശീയ ദിനാഘോഷം തുടങ്ങിയ ആഘോഷവേളകളിലാണ് സുൽത്താൻ പൊതുമാപ്പ് നൽകാറുള്ളത്.
തടവിലാക്കപ്പെട്ടവരുടെ ശിക്ഷാ കാലാവധി കഴിയുന്ന മുറക്ക് അവരുടെ വിവരങ്ങൾ ഇന്ത്യൻ എംബസിക്ക് ഒമാൻ അധികൃതർ കൈമാറും. ഇങ്ങനെ മോചിപ്പിക്കപ്പെടുന്നവരുടെ രേഖകൾ ശരിയാക്കി എംബസിയാണ് ഇവരെ നാട്ടിലെത്തിക്കുന്നത്. എംബസിയുടെ ജയിൽസന്ദർശനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും ജയിലിൽ കിടന്നവർക്ക് നിയമസഹായം ലഭ്യമാക്കണമെന്നും പി.എം. ജാബിർ ആവശ്യപ്പെട്ടു.
അതേസമയം, ആകെ 8,330 ഇന്ത്യക്കാരാണ് വിദേശരാജ്യങ്ങളിലെ ജയിലുകളില് കഴിയുന്നതെന്ന് കേന്ദ്ര സർക്കാറിന്റെ കണക്കുകൾ പറയുന്നു. തടവുകാരിൽ ഭൂരിഭാഗവും യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലാണുള്ളത്.
പുറത്തുവിട്ട കണക്കുകൾ പ്രകാരം ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ ജയിലുകളിൽ 4,630 ഇന്ത്യൻ തടവുകാരാണുള്ളത്. ഇതിൽ 1,611 തടവുകാരുള്ള യു.എ.ഇയിലാണ് ഏറ്റവും കൂടുതൽ. സൗദി അറേബ്യയിൽ 1,461 ഇന്ത്യൻ തടവുകാരുണ്ട്, ഖത്തറിൽ 696 തടവുകാരുണ്ട്.
ഹോങ്കോങ്, യു.എ.ഇ, യു.കെ, റഷ്യ, ഇറാൻ, ഖത്തർ എന്നിവയുൾപ്പെടെ 31 രാജ്യങ്ങളുമായി 2018വരെ ശിക്ഷാവിധിയുള്ളവരെ കൈമാറുന്നതിനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചിട്ടുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. ശിക്ഷിക്കപ്പെട്ട വ്യക്തികളുടെ കൈമാറ്റം സംബന്ധിച്ച രണ്ട് കരാറുകളിലും ഒപ്പുവെച്ചിട്ടുണ്ട്.
അമേരിക്കയുമായും യൂറോപ്യൻ യൂനിയനുമായാണ് കരാറുള്ളത്. ഈ ഉടമ്പടികളിലൂടെ, അംഗരാജ്യങ്ങളിലെ ശിക്ഷിക്കപ്പെട്ട വ്യക്തികൾക്ക് അവരുടെ ശേഷിക്കുന്ന ജയിൽശിക്ഷ പൂർത്തിയാക്കാൻ അവരുടെ മാതൃരാജ്യങ്ങളിലേക്ക് മാറ്റാൻ അഭ്യർഥിക്കാവുന്നതാണ്. ഇന്ത്യൻ തടവുകാരുടെ സുരക്ഷ, ക്ഷേമം എന്നിവക്ക് കേന്ദ്ര സർക്കാർ ഏറ്റവും ഉയർന്ന പരിഗണനയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.