സൗദിയിൽ ഒരാഴ്ചക്കിടെ 14,740 നിയമവിരുദ്ധർ അറസ്റ്റിൽ
text_fieldsജുബൈൽ: ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാചട്ടങ്ങളും ലംഘിച്ച 14,740 പേരെ അറസ്റ്റ് ചെയ്തു.
ഡിസംബർ 29 മുതൽ ജനുവരി നാലുവരെയുള്ള കാലയളവിൽ സുരക്ഷസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത പരിശോധനക്കിടെയാണ് അറസ്റ്റ്. ഇതിൽ 8,058 താമസ നിയമലംഘകരും 4,283 അതിർത്തി സുരക്ഷാചട്ട ലംഘകരും 2,399ലേറെ തൊഴിൽ നിയമലംഘകരും ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തി വഴി കടക്കാൻ ശ്രമിക്കുന്നതിനിടെ 832 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 53 ശതമാനം യമൻ പൗരന്മാരും 44 ശതമാനം ഇത്യോപ്യക്കാരും മൂന്നു ശതമാനം മറ്റു രാജ്യക്കാരും ഉൾപ്പെടും.
61 നിയമലംഘകർ സൗദി അറേബ്യയിൽനിന്ന് പുറത്തുകടക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ടു. താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരുകയും അഭയം നൽകുകയും ചെയ്യുന്നതും മറച്ചുവെക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതുമായ 15 പേർ അറസ്റ്റിലായി. 34,103 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. ഇതിൽ 32,468 പുരുഷന്മാരും 1,635 സ്ത്രീകളുമാണ്.
24,440 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് റഫർ ചെയ്തു. 2,600 നിയമലംഘകരെ അവരുടെ യാത്ര റിസർവേഷൻ പൂർത്തിയാക്കാൻ റഫർ ചെയ്തു. 11,762 നിയമലംഘകരെ നാടുകടത്തി. അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ ഏതെങ്കിലും വിധത്തിൽ സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
10 ലക്ഷം റിയാൽ വരെ പിഴ കൂടാതെ അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ഗതാഗത മാർഗങ്ങൾ, അഭയത്തിനായി ഉപയോഗിച്ച താമസസ്ഥലം എന്നിവ കണ്ടുകെട്ടുകയും ചെയ്യും. സംശയാസ്പദമായ ലംഘനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911ലും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996ലും റിപ്പോർട്ട് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.