15 ലക്ഷത്തിലധികം വിദേശ തീർഥാടകരെത്തി, ആഭ്യന്തര തീർഥാടകർ എത്തുന്നു
text_fieldsജിദ്ദ: ഹജ്ജ് കർമത്തിന് ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ വിദേശ തീർഥാടകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞതായി സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്) അറിയിച്ചു. ജൂൺ പത്തുവരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് മക്കയിലെത്തിയത് 15,47,295 പേരാണ്. സൗദിയുടെ വ്യോമ, കര, കടൽ പ്രവേശന കവാടങ്ങളിലൂടെയെത്തിയ മുഴുവൻ തീർഥാടകരുടെയും എണ്ണമാണിത്. ഇതിൽ 14,83,312 തീർഥാടകർ വ്യോമമാർഗമാണെത്തിയത്. റോഡ് മാർഗം 59,273 പേരും കപ്പൽ മാർഗം എത്തിയത് 4,710 പേരുമാണ്. വിവിധ ഭാഷ പരിജ്ഞാനമുള്ള ഉദ്യോഗസ്ഥരെ അണിനിരത്തിയും ഏറ്റവും പുതിയ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ചും തീർഥാടകരുടെ രാജ്യത്തേക്കുള്ള പ്രവേശന നടപടികൾ സുഗമമായി പൂർത്തിയാക്കാൻ കഴിഞ്ഞതായി പാസ്പോർട്ട് ഡയറക്ടറേറ്റ് അറിയിച്ചു.
വിദേശങ്ങളിൽനിന്നുള്ള തീർഥാടകരുടെ ഒഴുക്ക് മന്ദഗതിയിലായിട്ടുണ്ട്. ഇനി എത്താനുള്ളവരുടെ എണ്ണം കുറവാണ്. ജിദ്ദ വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനലിൽ തിരക്ക് കുറഞ്ഞിട്ടുമുണ്ട്. കേരളത്തിൽനിന്നുള്ള ഹാജിമാരുടെ വരവും പൂർത്തിയായിട്ടുണ്ട്. അതേസമയം സൗദി അറേബ്യക്കുള്ളിൽനിന്നുള്ള തീർഥാടകരുടെ ഒഴുക്കാണ് ഇനിയുണ്ടാവുക. രാജ്യത്തെ താമസക്കാരായ വിദേശികളും സ്വദേശികളുമടക്കം നല്ലൊരു പങ്ക് തീർഥാടകർ എത്താനുണ്ട്. രാജ്യത്തെ വിവിധ കോണുകളിൽനിന്ന് ബുധനാഴ്ച മുതൽ അവർ പുറപ്പെട്ട് തുടങ്ങിയിട്ടുണ്ട്. വരും ദിനങ്ങളിൽ കൂടുതൽ പേർ മക്കയിലേക്ക് ഒഴുകും. ഹജ്ജ് അനുമതി പത്രമുള്ളവരെ മാത്രമെ മക്കയിലെത്താൻ അനുവദിക്കൂ. അനുമതി പത്രമില്ലാതെ വരുന്നവരെ വഴിയിൽവെച്ച് പിടികൂടാൻ കർശന പരിശോധനകൾ പൊലീസ് ചെക്ക് പോയിൻറുകളിലും മറ്റും നടക്കുന്നുണ്ട്. ആഭ്യന്തര തീർഥാടകരിൽ ഏറെക്കുറെ എല്ലാവരും നേരെ മിനായിലെ ടെൻറുകളിലേക്കാണ് എത്തിച്ചേരുക.
വെള്ളിയാഴ്ചയാണ് ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തുടക്കം കുറിക്കുന്നത്. എന്നാൽ കനത്ത തിരക്ക് ഒഴിവാക്കാൻ തീർഥാടകർ വ്യാഴാഴ്ച തന്നെ മിനായിലെ ടെൻറുകൾ ലക്ഷ്യം വെച്ച് യാത്ര തിരിക്കും. തമ്പുകളുടെ നഗരിയായ മിനാ ഇനി ശുഭ്രവസ്ത്രധാരികളാൽ മിന്നിത്തിളങ്ങും. മിനായിലേക്കുള്ള തിരക്ക് കുറക്കാൻ വിവിധ ഹജ്ജ് മിഷനുകൾ ഹാജിമാരുടെ യാത്രകൾ ക്രമീകരിച്ചു തുടങ്ങും. അതിനുള്ള ഒരുക്കം വിവിധ സർക്കാർ വകുപ്പുകളും പൂർത്തിയാക്കിവരുകയാണ്. നിയമവിരുദ്ധ തീർഥാടകർക്കുള്ള ശക്തമായ മുന്നറിയിപ്പ് അധികൃതർ ആവർത്തിച്ചു.
അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നതും പുണ്യസ്ഥലങ്ങളിലേക്ക് കടന്നുകയറുന്നത് നിർദാക്ഷിണ്യം നേരിടുമെന്ന് സുരക്ഷ വിഭാഗം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. എസ്.എം.എസായി ഈ മുന്നറിയിപ്പ് രാജ്യത്തുള്ള മുഴുവനാളുകൾക്കും ദിവസവും ലഭിക്കുന്നുണ്ട്.
ഇന്ന് (വ്യാഴം) മുതൽ മാശാഇർ ട്രെയിൻ സർവിസ്
മക്ക: പുണ്യസ്ഥലങ്ങൾക്കിടയിൽ മശാഇർ ട്രെയിൻ സർവിസ് വ്യാഴാഴ്ച രാവിലെ ആരംഭിക്കുമെന്ന് സൗദി റെയിൽവേ വ്യക്തമാക്കി. മിന, മുസ്ദലിഫ, അറഫ എന്നിവക്കിടയിൽ തീർഥാടകരെ കൊണ്ടുപോകാൻ ട്രെയിനുകളും അതിനോടനുബന്ധിച്ച സംവിധാനങ്ങളും സജ്ജമാണ്. കഴിഞ്ഞ മൂന്ന് മാസമായി തയാറെടുപ്പുകൾ സജീവമായിരുന്നു. ട്രെയിനുകളുടെയും സ്റ്റേഷനുകളുടെയും അറ്റകുറ്റപ്പണികളും പരീക്ഷണ പ്രവർത്തനങ്ങളും പൂർത്തിയായതായി സൗദി റെയിൽവേ പറഞ്ഞു.
അനധികൃത വാഹനങ്ങളെ തടയാൻ തുടങ്ങി
മക്ക: പെർമിറ്റ് നേടാത്ത വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പുണ്യസ്ഥലങ്ങളിൽ പ്രവേശിക്കുന്നത് തടയാൻ തുടങ്ങിയതായി ട്രാഫിക് വകുപ്പ് വ്യക്തമാക്കി. ദുൽഹജ്ജ് അഞ്ച് അർധരാത്രി മുതൽ തീരുമാനം നടപ്പാക്കാൻ തുടങ്ങി. ദുൽഹജ്ജ് 13 വരെ തുടരും. അനധികൃത വാഹനങ്ങൾ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയാൻ പ്രത്യേക സംഘങ്ങൾ റോഡുകളിലുണ്ടാകും. തീർഥാടകർക്ക് അവരുടെ ആചാരങ്ങൾ സുരക്ഷിതമായും ആശ്വാസത്തോടെയും അനുഷ്ഠിക്കാൻ എല്ലാവരും ഹജ്ജിന്റെ ചട്ടങ്ങളും നിർദേശങ്ങളും പാലിക്കണമെന്നും ട്രാഫിക് വകുപ്പ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.