ഹറമിൽ സുഗന്ധം പുകയ്ക്കാനും പൂശാനും 150 പേർ
text_fieldsജിദ്ദ: മക്ക ഹറമിൽ സുഗന്ധം പുകയ്ക്കാനും പൂശാനും 150 പേർ. വിവിധ സമയങ്ങളിലായി ഹറമിെൻറ വിവിധ ഭാഗങ്ങളിൽ ഇവർ സുഗന്ധം പുകക്കും. അതിനായി 60 ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. കൂടാതെ, ദിവസവും ഹജ്റുൽ അസ്വദും മുൽതസമും റുക്നു യമാനിയും കഅ്ബയുടെ കിസ്വയും മേത്തരം ഊദ് ഉപയോഗിച്ച് സുഗന്ധം പുരട്ടുന്നുണ്ട്. മാസത്തിൽ 30 കിലോ മേൽത്തരം ഊദ് കഅ്ബയിൽ പുരട്ടാൻ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ചില സമയങ്ങളിൽ ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ഇതിൽ പങ്കാളിയാകാറുണ്ട്. ഏറ്റവും മുന്തിയ സുഗന്ധ പദാർഥമാണ് പുകക്കാനും ഉപയോഗിക്കുന്നത്.
ഹറമിൽ ദിനംപ്രതി വിതരണം ചെയ്യുന്നത് 1,20,000 ഇഫ്താർ പൊതികൾ
ജിദ്ദ: ഇഫ്താർ വേളയിൽ മക്ക ഹറമിൽ ദിവസം വിതരണം ചെയ്യുന്നത് 1,20,000 ഭക്ഷണപ്പൊതികൾ. ഹറം മുറ്റങ്ങളിൽ ഒരുക്കിയ സുപ്രകളിലാണ് ഇത്രയും പൊതികൾ വിതരണം ചെയ്യുന്നത്. നിരവധി ചാരിറ്റബ്ൾ ഓർഗനൈസേഷൻ, മക്ക ഗവർണറേറ്റിലെ ഭക്ഷണ വിതരണം കമ്മിറ്റി, നിരവധി സർക്കാർ വകുപ്പുകൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഇവ നൽകുന്നത്. വെള്ളം, ഈത്തപ്പഴം, ജ്യൂസ്, കേക്ക്, ഫതീറ എന്നിവ ഉൾക്കൊള്ളുന്ന പൊതികളാണ് വിതരണം ചെയ്യുന്നതെന്ന് വകുപ്പ് മേധാവി മൂസ ബിൻ മുഹമ്മദ് അൽകിയാദി പറഞ്ഞു.
100 ലധികം ജീവനക്കാരും ഇഫ്താർ സുപ്രകളുടെ മേൽനോട്ടത്തിനായിട്ടുണ്ട്. വിതരണത്തിൽ പുരുഷന്മാരും സ്ത്രീകളുമായി 80,000 പേരുണ്ട്. ചാരിറ്റബ്ൾ സുപ്രകളുടെ എണ്ണം 1000 ആണ്. ഒരോന്നിനും ഏകദേശം 12 മീറ്റർ നീളമുണ്ട്. മുറ്റത്ത് ഭക്ഷണം നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ചാരിറ്റബ്ൾ ഓർഗനൈസേഷന്‍റെ എണ്ണം 67 ആണ്. സുരക്ഷാവകുപ്പുമായി സഹകരിച്ചാണ് ഇഫ്താർ സുപ്രകൾക്കുള്ള സ്ഥലം നിർണയിക്കുന്നത്. നടപ്പാത, ഉന്തുവണ്ടി സേവനം, സ്ത്രീകൾക്കും പുരുഷന്മാർക്കു വെവ്വേറെ സ്ഥലങ്ങൾ തുടങ്ങിയവ സ്ഥലം നിർണയിക്കുമ്പോൾ പരിഗണിക്കുന്നുണ്ട്. സമയവും സ്ഥലത്തിന്‍റെ മഹത്ത്വവും കണക്കിലെടുത്തുള്ള ഭക്ഷണ വിതരണ രീതിയാണ് ഇഫ്താർ വേളയിൽ തെരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.