ക്രൂയിസ് കപ്പലുകൾ ഓടാൻ 16 വ്യവസ്ഥകൾ
text_fieldsറിയാദ്: വിനോദസഞ്ചാരത്തിനുള്ള ക്രൂയിസ് കപ്പലുകൾ സൗദി അറേബ്യയിൽ പ്രവർത്തിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും നടപടിക്രമങ്ങളും നിർണയിച്ചു. സൗദി റെഡ് സീ അതോറിറ്റി ഇതിന് അംഗീകാരം നൽകി. ക്രൂയിസ് കപ്പലുകളുടെ നടത്തിപ്പുകാർ പാലിക്കേണ്ട 16 വ്യവസ്ഥകൾ ഇതിലുൾപ്പെടും.
കപ്പൽ യാത്രക്കാർ ഏതെങ്കിലും സുരക്ഷിത കേന്ദ്രങ്ങളുടെയോ നിയന്ത്രിത പ്രദേശങ്ങളുടെയോ സൈനിക താവളങ്ങളുടെയോ ചിത്രങ്ങൾ എടുക്കുന്നില്ലെന്നും ആ സ്ഥലങ്ങളെ സമീപിക്കുന്നില്ലെന്നും ഉറപ്പാക്കണം.
പൈതൃക സ്ഥലങ്ങളെയും വസ്തുക്കളെയും പാരിസ്ഥിതിക അടയാളങ്ങളെയും സമുദ്രജീവികളെയും പ്രകൃതിദത്തമായ വസ്തുക്കളെയും സാമുദ്രിക പരിസ്ഥിതിയെയും ഏതെങ്കിലും വിധത്തിൽ നശിപ്പിക്കുകയോ കേടുവരുത്തുകയോ ചെയ്യില്ലെന്ന ഉറപ്പും യാത്രക്കാരുടെ മേൽ ഷിപ് ഓപറേറ്റർ ഉറപ്പാക്കണം.
യാത്രക്കാർക്ക് ആവശ്യമായ എല്ലാവിധ പരിചരണവും നൽകണം. അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കണം. വിഭിന്ന ശേഷിക്കാർക്ക് ക്രൂയിസ് കപ്പലിലേക്കും അതിന്റെ എല്ലാ ഭാഗങ്ങളിലേക്കും പ്രവേശന സ്വാതന്ത്ര്യവും മതിയായ സൗകര്യങ്ങളും നൽകണം.
ക്രൂയിസ് കപ്പലുകൾക്ക് ബാധകമായ എല്ലാ വേഗപരിധികളും പാലിക്കുന്നുണ്ടെന്നും മറ്റ് കപ്പലുകളിൽനിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. സംരക്ഷിത സമുദ്ര പ്രദേശങ്ങൾ, നിയന്ത്രിത പ്രദേശങ്ങൾ എന്നിവയിൽനിന്ന് എല്ലായ്പ്പോഴും സുരക്ഷിതമായ അകലം പാലിക്കണം.
നിയമപരമായ എല്ലാ പരിശോധനകളും പരിസ്ഥിതി സംരക്ഷണവും കസ്റ്റംസ്, സുരക്ഷാ പരിശോധനകളും നടത്തുന്നതിന് യോഗ്യതയുള്ള അധികാരികളെ കപ്പലിൽ അനുവദിക്കണം. ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കാൻ ഓപ്പറേറ്റർ ബാധ്യസ്ഥനാണെന്നും നിയന്ത്രണങ്ങൾ നിഷ്കർഷിക്കുന്നു.
അടിയന്തര സന്ദർഭങ്ങളിൽ ക്രൂയിസ് കപ്പലുകൾക്ക് പെർമിഷൻ ഇല്ലാതെയും സൗദി അറേബ്യയുടെ ഭൂപരിധിക്കുള്ളിൽ പ്രവേശിക്കാമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.