ഇന്ത്യയിൽനിന്ന് സൗദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് ദുരിതത്തിലായി പതിനായിരങ്ങൾ
text_fieldsറിയാദ്: ഇന്ത്യയിൽനിന്ന് സൗദിയിലേക്കുള്ള സന്ദർശന വിസ സ്റ്റാമ്പ് ചെയ്യുന്നത് സൗദി എംബസിയിൽനിന്നും കോൺസുലേറ്റിൽ നിന്നും നിർത്തിവെച്ചതോടെ പെരുവഴിയിലായിരിക്കുകയാണ് പതിനായിരങ്ങൾ. സ്കൂൾ അവധിക്കാലമായതിനാൽ തങ്ങളുടെ കുടുംബങ്ങളെ സൗദിയിലെത്തിച്ച് അവധിക്കാലം ചെലവഴിക്കാൻ തീരുമാനിച്ചവരും മാതാപിതാക്കളെ സൗദിയിലെത്തിക്കാൻ ആഗ്രഹിച്ചവരുമെല്ലാം വിസ സ്റ്റാമ്പിങ് നടപടികളിലെ പുതിയ മാറ്റങ്ങളിൽ നിരാശയിലാണ്. നേരത്തേ സന്ദർശക വിസകളുടെ സ്റ്റാമ്പിങ്ങിന് സൗദി എംബസികളിലോ കോൺസുലേറ്റിലോ ബന്ധപ്പെട്ട ഏജൻസിയിലേക്കോ സന്ദർശകർ പോകേണ്ട ആവശ്യം ഇല്ലായിരുന്നു. രേഖകളും പണവും സർവിസ് ഏജൻസികളെ ഏൽപിച്ചാൽ നിശ്ചിത ദിവസത്തിനകം പാസ്പോർട്ടിൽ വിസ പതിച്ച് തിരിച്ചുകിട്ടുന്ന അവസ്ഥയുണ്ടായിരുന്നു.
എന്നാൽ, പുതിയനിയമം അനുസരിച്ച് ആരുടെ പേരിലാണോ വിസ നൽകുന്നത് അയാൾ വി.എഫ്.എസ് (വിസ ഫെസിലിറ്റേഷൻ സർവിസ്) സെന്ററിൽ നേരിട്ടെത്തി വിരലടയാളം നൽകണം. വിസ പാസ്പോർട്ടിൽ പതിക്കാതെ രേഖകൾ പരിശോധിച്ച് വി.എഫ്.എസ് വഴി ഇലക്ട്രോണിക് വിസ പേപ്പർ നൽകുന്ന പുതിയ നിയമം വന്നതോടെയാണ് പ്രതിസന്ധിയുടെ തുടക്കം. കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് വി.എഫ്.എസ് നിലവിലുള്ളത്. കേരളത്തിന്റെ രണ്ടറ്റത്തുനിന്നും വിരലടയാളം നൽകാൻ യാത്രക്കാർ കൊച്ചിയിലെത്തേണ്ട ദുരിതവും കൂടെ സമയത്ത് അപ്പോയ്ന്റ്മെന്റ് കിട്ടാത്ത ദുരവസ്ഥയുമുണ്ട്. ദൂരപ്രദേശങ്ങളിൽ നിന്നെത്തി കൊച്ചിയിൽ തങ്ങാനും യാത്രചെയ്ത് കൊച്ചിയിലെത്താനും ചെലവ് ഏറെയാണ്. വിസയേക്കാൾ വലിയ തുക ഇതിനായി ചെലവുണ്ട്. വിസ സർവിസ് ഏജൻസികൾക്ക് അപ്പോയിന്മെന്റ് എടുത്തുകൊടുക്കുക എന്നല്ലാതെ മറ്റൊരു സഹായവും ഇക്കാര്യത്തിൽ ചെയ്യാനാകാത്ത അവസ്ഥയാണ് നിലവിൽ ഉള്ളതെന്നും വിരലടയാളം ഉൾപ്പടെയുള്ള നിബന്ധനകൾ പിൻവലിച്ചാൽ അത് യാത്രക്കാർക്ക് വലിയ രീതിയിലുള്ള സഹായമാകുമെന്നും ബോംബെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കരീർലൈൻ ട്രാവൽസ് പ്രതിനിധി അമേഷ് മാത്യു അഭിപ്രായപ്പെട്ടു.
പൊരിവെയിലിൽ സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പടെ വി.എഫ്.എസിന് മുന്നിൽ കാത്തുനിൽക്കുന്നവരുടേത് ദുരിതക്കാഴ്ചയാണ്. നിലവിലെ പ്രതിസന്ധികളെല്ലാം സൗദി കോൺസുലേറ്റിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ലളിതവും അനുകൂലവുമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കംഫർട്ട് ട്രാവൽസ് സൗദി മേധാവി മുജീബ് ഉപ്പട പറഞ്ഞു. സ്കൂൾ അവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേ പ്രതിസന്ധികൾക്ക് പരിഹാരം ഇല്ലാതെവന്നതോടെ ഈ വർഷത്തെ സൗദി സന്ദർശനം ഉപേക്ഷിക്കേണ്ടിവന്ന നിരാശയിലാണ് കുട്ടികളും കുടുംബവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.