വാഹന അറ്റകുറ്റപ്പണി മേഖലയിൽ 16.5 ലക്ഷം തൊഴിലാളികൾ
text_fieldsയാംബു: സൗദി അറേബ്യയിൽ മൊത്ത, ചില്ലറ വ്യാപാര മേഖലയിലും വാഹനങ്ങളുടെ അറ്റകുറ്റപ്പണി മേഖലയിലും ജോലി ചെയ്യുന്നവരുടെ എണ്ണം 16.5 ലക്ഷമായി ഉയർന്നു. ഈ വർഷം ആദ്യ മൂന്ന് മാസത്തിൽ ഏകദേശം 16.53 ലക്ഷത്തിലെത്തിയതായി സൗദി പത്രം ‘അൽ ഇഖ്തിസാദിയ’യാണ് റിപ്പോർട്ട് ചെയ്തത്.
വ്യാപാര മേഖലയിലും വാഹന റിപ്പയറിങ് മേഖലയിലും ജോലി ചെയ്യുന്ന തൊഴിലാളികൾ ഇൻഷുറൻസ് നിയന്ത്രണങ്ങൾക്ക് വിധേയമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 4,451 സൗദി പുരുഷ-വനിതാ ജീവനക്കാരാണ് ഈ മേഖലയിൽ ചേർന്നത്. ഈ മേഖലയിലെ സൗദികളുടെ എണ്ണം 4,24,734 ആയി. ഇത് മൊത്തം ജീവനക്കാരുടെ 25.7 ശതമാനം വരും.
വിദേശ ജീവനക്കാരുടെ എണ്ണം 12,28,816 ആണ്. ഇത് 74.3 ശതമാനമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ചില്ലറ വ്യാപാര മേഖലയിലും വാഹനങ്ങളുടെ അറ്റകുറ്റപ്പണി മേഖലയിലും ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളുടെ മൊത്തം എണ്ണം ഏകദേശം 2,13,000 ആയി ഉയർന്നു.
ഇത് മൊത്തം സ്ത്രീ തൊഴിലാളികളുടെ എണ്ണത്തിന്റെ 17.4 ശതമാനമാണ്. ഈ മേഖലകളിൽ ജോലിചെയ്യുന്ന മൊത്തം സ്ത്രീ തൊഴിലാളികളിൽ 93.5 ശതമാനം സൗദി വനിതകളാണ്. വിദേശ വനിത തൊഴിലാളികളുടെ എണ്ണം 13,961 ആണ്. മൊത്തം തൊഴിലാളികളുടെ ഏറ്റവും ഉയർന്ന ശതമാനം റിയാദ് മേഖലയിലാണ്.
6,05,853 തൊഴിലാളികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നു. ഇത് 40.3 ശതമാനം വരും. മക്കയിൽ 4,42,166 തൊഴിലാളികളും രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ 2,46,860 തൊഴിലാളികളും സേവനം ചെയ്യുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.