മശാഇർ ട്രെയിനുകൾ ഒരുങ്ങി; 17 ട്രെയിനുകളാണ് ഹജ്ജ് ദിനങ്ങളിൽ സർവിസ് നടത്തുക
text_fieldsജിദ്ദ: രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം മക്ക പുണ്യനഗരിയിൽ മശാഇർ ട്രെയിനുകളുടെ ചൂളം വിളിയുയരുന്നു. ഈ വർഷം മൂന്നര ലക്ഷം ഹാജിമാർക്കാണ് മശാഇർ ട്രെയിൻ ഉപയോഗപ്പെടുത്താനാവുക. മക്ക മസ്ജിദുൽ ഹറാം പരിസരത്തുനിന്ന് ആരംഭിച്ച് മിനായിലെ ജംറകളിൽ അവസാനിക്കുന്ന ട്രെയിൻ റൂട്ടിന് ഏകദേശം 18.1 കിലോമീറ്റർ ദൂരമുണ്ട്. മക്ക മസ്ജിദുൽ ഹറാം പരിസരത്തുനിന്ന് ആരംഭിച്ചതിന് ശേഷം അറഫ, മുസ്ദലിഫ എന്നിവിടങ്ങളിൽ മൂന്ന് വീതം, മിനയുടെ തുടക്കത്തിൽ ഒന്ന്, നടുവിൽ മറ്റൊന്ന്, ജംറ പാലത്തിന്റെ നാലാം നിലയിൽ ഒന്ന് എന്നിങ്ങനെ ഒമ്പത് സ്റ്റേഷനുകളിലൂടെയാണ് ട്രെയിൻ കടന്നുപോവുന്നത്.
ഓരോ സ്റ്റേഷനും 300 മീറ്റർ നീളമുണ്ട്. മൊത്തം 17 ട്രെയിനുകളാണ് ഹജ്ജ് ദിനങ്ങളിൽ സർവിസ് നടത്തുക. ട്രെയിനുകളെ കൂടാതെ 50,000 ബസുകളും തീർഥാടകരെ വഹിച്ചുകൊണ്ട് പുണ്യസ്ഥലങ്ങളിലുണ്ടാവും. 2008ൽ സൗദി റെയിൽവേ ലിമിറ്റഡിന്റെ നിർമാണത്തിനായുള്ള ചൈനീസ് കമ്പനി മുഖേന 665 കോടി റിയാൽ ചെലവിലാണ് മശാഇർ ട്രെയിൻ പദ്ധതി പൂർത്തിയാക്കിയത്.
2010 നവംബറിലായിരുന്നു ആദ്യമായി ട്രെയിൻ സർവിസ് ആരംഭിച്ചത്. ഒരു മണിക്കൂറിൽ 72,000 യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ ട്രെയിൻ സർവിസിനാവും. പുരുഷന്മാരും സ്ത്രീകളുമായി 7,000ത്തിലധികം ജീവനക്കാരാണ് ഹജ്ജ് സമയത്ത് മശാഇർ ട്രെയിനുകളിൽ ജോലിക്കാരായി ഉണ്ടാവുക. ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, സുരക്ഷിതവും വേഗത്തിലുള്ളതുമായ ഗതാഗതം സുഗമമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഈ വർഷത്തെ ഹജ്ജ് സർവിസിനായി ട്രെയിനുകളും സ്റ്റേഷനുകളും ഒരുക്കുന്ന ജോലികൾ പൂർത്തിയായതായി സൗദി റെയിൽവേ കമ്പനി (എസ്.എ.ആർ) അറിയിച്ചു. ഇതോടനുബന്ധിച്ച ട്രയൽ റൺ എല്ലാം നടത്തിക്കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.