അബഹ നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് 17 പേർ നാടണഞ്ഞു
text_fieldsഖമീസ് മുശൈത്ത്: അബഹ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന മൂന്ന് മലയാളികൾ ഉൾപ്പെടെ 35 ഇന്ത്യക്കാരിൽ 17 പേർ നാട്ടിലേക്ക് മടങ്ങി. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിലാണ് ഇവരെല്ലാം യാത്രതിരിച്ചത്. അസീർ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറിയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യ വിഭാഗം അംഗവുമായ ബിജു കെ. നായരുടെ ശ്രമഫലമായാണ് നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാർക്ക് നാടണയാൻ സാധിച്ചത്. അബഹ നാടുകടത്തൽ കേന്ദ്രത്തിലെ ജവാസത്ത് മേധാവി കേണൽ മുഹമ്മദ് മാന അൽ ബിഷരി, ഉപമേധാവി സാലിം ഖഹ്താനി, കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, അബഹ നാടുകടത്തൽ കേന്ദ്രം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ നൽകിയ സഹകരണമാണ് നിയമപരമായ തടസ്സങ്ങൾ നീക്കി ഇന്ത്യക്കാരെ വേഗത്തിൽ നാട്ടിലയക്കാൻ സഹായകരമായത്. നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന ബാക്കിയുള്ള 18 പേരുടെ നിയമതടസ്സങ്ങൾ ഒരാഴ്ചക്കകം പരിഹരിച്ച് അവരെയും എത്രയും പെട്ടെന്ന് നാട്ടിലേക്കയക്കുമെന്ന് ബിജു കെ. നായർ അറിയിച്ചു. അസീർ ഇന്ത്യൻ അസോസിയേഷൻ അംഗങ്ങളും അബഹയിലെ സാമൂഹിക പ്രവർത്തകരുമായ മോഹൻദാസ് ആറന്മുള, പ്രകാശൻ നാദാപുരം, ഗഫൂർ പയ്യാനക്കൽ, ബിനു ജോസഫ് തുടങ്ങിയവരും സഹായങ്ങൾക്കായി രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.