ഹജ്ജ് തീർഥാടകരുടെ ബസുകളിൽ 1,700 ഗൈഡുകൾ
text_fieldsജിദ്ദ: വിദേശ തീർഥാടകരെ കൊണ്ടുപോകുന്ന ബസുകളിൽ പരിശീലനം നേടിയ 1,700 ഗൈഡുകൾ. ഹജ്ജ് ബസുകൾക്കായുള്ള ഗൈഡൻസ് സെന്ററാണ് സ്ത്രീകളും പുരുഷന്മാരുമായ ഇത്രയുംപേരെ സേവനത്തിനായി നിയോഗിച്ചിരിക്കുന്നത്. ഇവർക്കാവശ്യമായ പരിശീലനം നൽകുന്നതിന് കേന്ദ്രത്തിനു കീഴിൽ വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പരിശീലന പരിപാടികളിലൂടെയും കോഴ്സുകളിലൂടെയും ബസ് ഗൈഡുകൾക്ക് വിവിധതരം പരിശീലനങ്ങളാണ് നൽകിവരുന്നതെന്ന് ബസ് ഗൈഡൻസ് ഡയറക്ടർ ജനറൽ അബ്ദുല്ല സിന്ദി പറഞ്ഞു. ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച സ്വാഗത ബാഗ്, ‘അർശിദ്നീ’ പ്ലാറ്റ്ഫോം, ബസ് റൂട്ട് മാപ്പ് എന്നിവയിലുള്ള പരിശീലനം ഇതിലുൾപ്പെടും. കൂടാതെ തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്തുന്നതിനായി ഹജ്ജ്, ഉംറ സംവിധാനങ്ങളായ ഇലക്ട്രോണിക് ട്രാക്കിലുള്ള പരിശീലനവും നൽകിയിട്ടുണ്ട്. തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിന് വിപുലമായ സ്മാർട്ട് സംവിധാനത്തോടെയാണ് കേന്ദ്രം പ്രവർത്തിക്കുന്നതെന്ന് സിന്ദി പറഞ്ഞു.
ഈ വർഷത്തെ ഹജ്ജ് സീസണിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കേന്ദ്രം അതിന്റെ പ്രവർത്തനങ്ങൾ നേരത്തെ ആരംഭിച്ചിട്ടുണ്ട്. അൽ നവാരിയയിലെ മദീന-മക്ക റോഡിലെ തീർഥാടകരുടെ സ്വീകരണ കേന്ദ്രം വഴി 22600ലധികം തീർഥാടകരുമായെത്തിയ 600ലധികം ബസുകൾ ഇതിനകം സ്വീകരിച്ചു. അവർ അവർക്കാവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കുകയും അവരുടെ താമസ സ്ഥലങ്ങളിലേക്ക് നയിക്കാൻ ഗൈഡുകൾ അവരെ അനുഗമിക്കുകയും ചെയ്തു. തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മികച്ചതാക്കാൻ കേന്ദ്രം അതിന്റെ ഫീൽഡ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നത് തുടരുകയാണ്. വിദേശ തീർഥാടകർക്ക് സേവനത്തിനായുള്ള ഏകോപന സമിതിയുമായി സഹകരിച്ച് ജനറൽ ഓട്ടോമൊബൈൽ സിൻഡിക്കേറ്റിന്റെ പങ്കാളിത്തത്തിൽ ഹജ്ജ്, ഉംറ മന്ത്രാലയത്തിെൻറ നേരിട്ടുള്ള മേൽനോട്ടത്തിലാണിതെന്നും സിന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.