ചൈനീസ് സർവകലാശാലകളിൽ 174 സൗദി വിദ്യാർഥികൾ പഠിക്കുന്നു
text_fieldsജുബൈൽ: ചൈനീസ് സർവകലാശാലകളിൽ 174 സൗദി വിദ്യാർഥികൾ പഠനം നടത്തുന്നുണ്ടെന്ന് വിദ്യാഭ്യാസമന്ത്രാലയം വെളിപ്പെടുത്തി. സ്കോളർഷിപ് നേടിയ 131 പേരും സ്വാശ്രയ വിദ്യാർഥികളായ 43 പേരും ഉൾപ്പെടെ 174 ആൺപെൺ വിദ്യാർഥികളാണ് ചൈനീസ് സർവകലാശാലകളിൽ പഠിക്കുന്നത്.
സൗദി സർവകലാശാലകളിലെ ചൈനീസ് വിദ്യാർഥികൾക്കായി 477 വാർഷിക സ്കോളർഷിപ്പുകൾ സൗദി വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സൗദിയിലെ വിവിധ സർവകലാശാലകളിൽ 688 ചൈനീസ് വിദ്യാർഥികൾ പ്രവേശനം നേടിയിരുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സൗദി അറേബ്യയും ചൈനയും തമ്മിലുള്ള സഹകരണം വ്യക്തമായ ഭാവി ലക്ഷ്യമിട്ടുള്ളതാണ്.
സൗദിയിലെ കിങ് സഊദ് യൂനിവേഴ്സിറ്റി, കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി, നൂറ ബിൻത് അബ്ദുറഹ്മാൻ യൂനിവേഴ്സിറ്റി, ജിദ്ദ യൂനിവേഴ്സിറ്റി എന്നീ നാല് പൊതു സർവകലാശാലകൾ ചൈനീസ് ഭാഷ പഠിപ്പിക്കുന്നതിന് വിവിധ പദ്ധതികൾ നടപ്പാക്കിവരുന്നു.
2022 അധ്യയനവർഷത്തിൽ ഏകദേശം 871 വിദ്യാർഥികൾ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുണ്ട്. കൂടാതെ ഈ അധ്യയനവർഷത്തിലെ ചൈനീസ് ഭാഷാ പ്രോഗ്രാമുകളിൽനിന്ന് 207 വിദ്യാർഥികൾ ബിരുദം നേടുകയും ചെയ്തു. തന്ത്രപരവും സാമ്പത്തികവുമായ പ്രാധാന്യത്തെ അടിസ്ഥാനമാക്കി വിദ്യാഭ്യാസത്തിൽ ചൈനീസ് ഭാഷ ഉൾപ്പെടെ ഭാഷാപഠനം വൈവിധ്യവത്കരിക്കാൻ മന്ത്രാലയം ശ്രമംതുടങ്ങി.
വിദ്യാർഥികളുടെ സാംസ്കാരിക വൈവിധ്യം വർധിപ്പിക്കുന്നതിനായി ശാസ്ത്രത്തിന്റെ വിവിധ മേഖലകളും നൂതന സാങ്കേതിക വ്യവസായങ്ങളും സഹകരണത്തിൽ ഉൾപ്പെടുന്നതായും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.