ആരോഗ്യ ഇൻഷുറൻസിൽ 18 പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു
text_fieldsജിദ്ദ: സൗദിയിൽ ആരോഗ്യ ഇൻഷുറൻസ് പോളിസി ഉടമകളായ സ്വദേശികൾക്കും വിദേശികൾക്കും 18 പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. നിലവിലുള്ള ആനുകൂല്യങ്ങളിൽ 10 എണ്ണം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് അധികൃതർ അറിയിച്ചു. ഒക്ടോബർ ഒന്നിനും ശേഷവും ഇഷ്യൂ ചെയ്യുന്നതോ പുതുക്കുന്നതോ ആയ പോളിസികൾക്കാണ് ഇത് ബാധകമെന്ന് കൗൺസിൽ വക്താവ് നാസർ അൽ-ജുഹാനി പറഞ്ഞു.
ആനുകൂല്യങ്ങളുടെ പാക്കേജ് ആരംഭിക്കുന്നതിനും അടുത്തമാസം മുതൽ ഇൻഷുറൻസ് കവറേജ് പരിധികൾ അപ്ഡേറ്റ് ചെയ്യുന്നതിനുമുള്ള അന്തിമ തയാറെടുപ്പുകൾ നടത്തിവരുകയാണ്. വിട്ടുമാറാത്ത മാനസികരോഗങ്ങൾക്ക് പരമാവധി പരിരക്ഷ 15,000 റിയാലിൽനിന്ന് 50,000 റിയാലായി ഉയർത്തി.
ഹീമോഡയാലിസിസ് കവറേജിന്റെ മൂല്യവും ഉയർത്തിയിട്ടുണ്ട്. സ്ത്രീകളുടെ ആരോഗ്യം, പൊണ്ണത്തടി ശസ്ത്രക്രിയകൾ, വൃക്ക മാറ്റിവെക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപുറമെ, പര്യവേക്ഷണ പ്രതിരോധ പരിശോധനകൾ, വാക്സിനേഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട് അപ്ഡേറ്റ് ചെയ്ത നിരവധി നേട്ടങ്ങൾ പുതിയ പോളിസി നയത്തിൽ ചേർത്തിട്ടുണ്ടെന്നും അൽ-ജുഹാനി പറഞ്ഞു.
ഗുണഭോക്താക്കൾക്ക് രോഗം തടയൽ, ആരോഗ്യ പ്രോത്സാഹനം, രോഗത്തിന്റെ സങ്കീർണതകൾ കുറക്കൽ, ഗുണഭോക്താക്കളുടെ ശേഷി മെച്ചപ്പെടുത്തൽ, സേവന വിഭാഗത്തിലേക്കുള്ള പ്രവേശനം സുഗമമാക്കൽ, ഗുണഭോക്താക്കളെ ശാക്തീകരിക്കൽ, സേവന നിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തൽ എന്നിങ്ങനെ ഏഴ് പ്രധാന ലക്ഷ്യങ്ങളാണ് പുതുക്കിയ ആരോഗ്യ ഇൻഷുറൻസ് പോളിസി ലക്ഷ്യമിടുന്നത്. ബാരിയാട്രിക് സർജറിക്ക് ആരോഗ്യ ഇൻഷുറൻസിന്റെ പരിരക്ഷ ഉണ്ടാകും.
പൊണ്ണത്തടി കുറക്കുന്നതിനുള്ള കൗൺസിലിന്റെ ശ്രമങ്ങളിൽ ആരോഗ്യ ഇൻഷുറൻസ് ഗുണഭോക്താക്കൾക്ക് കൂടുതൽ ഉചിതമായ തെരഞ്ഞെടുപ്പുകൾ നൽകാനാണ് പൊണ്ണത്തടി പ്രവർത്തനങ്ങൾക്കുള്ള ഇൻഷുറൻസ് കവറേജ് ലക്ഷ്യമിടുന്നതെന്നും ഇൻഷുറൻസ് പരിരക്ഷയിൽ എല്ലാ പ്രായക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്നും അൽ-ജുഹാനി ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.