ഈ സീസണിൽ ഉംറ നിർവഹിച്ചത് 20 ലക്ഷം വിദേശ തീർഥാടകർ
text_fields റിയാദ്: നിലവിലെ സീസണിൽ ഉംറ നിർവഹിക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സൗദിയിലെത്തിയ തീർഥാടകർ 20 ലക്ഷത്തോളമെന്ന് ഔദ്യോഗിക കണക്ക്.
മുഹർറം ഒന്നിന് (ജൂലൈ 30) ആരംഭിച്ച ഉംറ സീസണിന്റെ തുടക്കം മുതൽ ഇതുവരെ എത്തിയ തീർഥാടകരുടെ എണ്ണമാണിത്. വ്യോമ, കര, കടൽ മാർഗേണ എത്തിയവരുടെ എണ്ണം അതത് എമിഗ്രേഷൻ കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയനുസരിച്ചുള്ള കണക്കാണ് മന്ത്രാലയം പുറത്ത് വിട്ടത്. 19,64,964 പേരാണ് ഇത്തരത്തിൽ രാജ്യത്തെത്തിയത്.
ഏറ്റവും കൂടുതൽ പേർ വ്യോമമാർഗമാണ് വന്നത്. 17,83,392 പേരാണ് വിമാനത്താവളങ്ങൾ വഴി എത്തിയത്. റോഡ് മാർഗം 1,80,363 തീർഥാടകർ എത്തിയപ്പോൾ, കടൽ വഴിയെത്തിയവരുടെ എണ്ണം 1,209 ആണ്.
മുസ്‌ലിം ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള ഇന്തോനേഷ്യയാണ് ഏറ്റവും കൂടുതൽ തീർഥാടകരെ അയച്ച രാജ്യം. നിലലവിലെ സീസണിൽ 5,51,410 ഇന്തോനേഷ്യൻ ഉംറ തീർഥാടകരാണ് രാജ്യത്ത് എത്തിയത്. 3,70,083 തീർഥാടകരുമായി പാകിസ്താൻ രണ്ടാം സ്ഥാനത്തും 230,794 തീർഥാടകരുമായി ഇന്ത്യ മൂന്നാം സ്ഥാനത്തും എത്തി. 1,50,109 തീർഥാടകരുമായി ഇറാഖും 1,01,657 തീർഥാടകരുമായി ഈജിപ്തുമാണ് ഇന്ത്യക്ക് തൊട്ടുപിന്നിലുള്ളത്. 11,984 തീർഥാടകരെ അയച്ച ബംഗ്ലാദേശാണ് അവസാന സ്ഥാനത്ത്.
അടുത്ത ഹജ്ജ് സീസണ് തൊട്ടുമുമ്പ് ദുൽഖഅദ് 29-ന് അവസാനിക്കുന്ന 10 മാസത്തെ ഉംറ സീസണിൽ തീർഥാടകർക്കും സന്ദർശകർക്കും ആവശ്യമായ സേവനങ്ങൾ നൽകുന്നതിന് ലൈസൻസുള്ള 470 സൗദി കമ്പനികളും സ്ഥാപനങ്ങളുമുണ്ട്.
ഉംറ വിസ കാലാവധി 30 ദിവസത്തിൽനിന്ന് മൂന്ന് മാസമായി നീട്ടിയത് സൗദിയിൽ, പ്രത്യേകിച്ചും ജിദ്ദ, മക്ക, മദീന നഗരങ്ങളിൽ ബന്ധുക്കളുള്ളവർക്ക് ഗുണകരമായിട്ടുണ്ട്. ഉംറ നിർവഹിച്ച ശേഷം അവരോടൊപ്പം താമസിച്ച് നാട്ടിലേക്ക് മടങ്ങാൻ സാധിക്കുമെന്നതാണത്. തീർഥാടകർക്ക് അവരുടെ വിസ കാലയളവിൽ രാജ്യത്തുടനീളം യാത്ര ചെയ്യാൻ അനുവാദവുമുണ്ട്. ഹജ്ജ് സീസൺ തുടങ്ങിയാൽ അതുവരെയുള്ള കാലാവധിയായിരിക്കും ഉംറ വിസയ്ക്ക് ലഭിക്കുക.
അതേസമയം 'നുസുക്' ആപ്ലിക്കേഷന്റെ (മുമ്പ് 'ഇഅ്തമർന' ആപ്) മൊത്തം ഗുണഭോക്താക്കളുടെ എണ്ണം 20 കോടിയിലേക്ക് എത്തിയെന്നും ഉംറ നിർവഹിക്കുന്നതിനും മദീനയിലെ പ്രവാചക കേന്ദ്രത്തിൽ സന്ദർശനവും പ്രാർഥനയും നടത്തുന്നതിനുമുള്ള അനുമതി ഇതിൽ ഉൾപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു.
ഹജ്ജ് ഉംറ മേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും തീർഥാടകരുടെ യാത്ര സുഗമമാക്കുകയും ചെയ്യുക എന്നത് 'വിഷൻ 2030'ന്റെ ലക്ഷ്യങ്ങളിൽ പെട്ടതാണെന്നും ഉംറ കമ്പനികളും സ്ഥാപനങ്ങളും ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധരാകേണ്ടതുണ്ടെന്നും മന്ത്രാലയം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.