നിയമവിരുദ്ധമായി കടത്തിയ 200 കിലോ മാംസം പിടികൂടി
text_fieldsദമ്മാം: നിയമവിരുദ്ധമായി വാഹനത്തിൽ കടത്തിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി. 200 കിലോയോളം മാംസം, മറ്റു ഭക്ഷ്യവസ്തുക്കൾ എന്നിവ വിതരണത്തിനായി കൊണ്ടുപോവുന്നതിനിടെയാണ് പിടിയിലായത്. കിഴക്കൻ പ്രവിശ്യ നഗരസഭയുടെ കീഴിൽ റാസ് തന്നൂറയിലാണ് സംഭവം. പ്രവിശ്യയിലെ ഭക്ഷ്യ സുരക്ഷ- ഗതാഗത വകുപ്പുകൾ, നഗരസഭ അധികൃതർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
മന്ത്രാലയം നിഷ്കർഷിക്കുന്ന നിയമ-നിർദേശങ്ങളുടെ ലംഘനം, മതിയായ രേഖകളുടെ അഭാവം, നിയമപരമായ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാതിരിക്കൽ, ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട നിയമലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി റാസ് തന്നൂറ നഗരസഭ മേധാവി സാലിഹ് ബിൻ മുഹമ്മദ് അൽഖർനി പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടന്നുവരുകയാണ്. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ അധികൃതർ നശിപ്പിച്ചു. കേസിൽ തുടർനടപടികൾ ബന്ധപ്പെട്ട വകുപ്പുകളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് വിതരണത്തിന് തയാറാക്കിവെച്ച 62 ടൺ പഴകിയ മത്സ്യ-ഭക്ഷ്യ ശേഖരം ദമ്മാമിൽ പിടികൂടിയത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച 16 സ്വകാര്യ സ്ഥാപനങ്ങൾ അധികൃതർ അടച്ചുപൂട്ടി. വാണിജ്യ സ്ഥാപനങ്ങൾ, മത്സ്യ- മാംസ മാർക്കറ്റുകൾ, ചെറുകിട കച്ചവട കേന്ദ്രങ്ങൾ തുടങ്ങി നഗരസഭയുടെ കീഴിലെ 1196ഓളം സ്ഥലങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.