തബൂക്കില്‍ നാശം വിതച്ച് ശക്തമായ മഴ
text_fieldsതബൂക്ക്: കാലാവസ്ഥ പ്രവചനങ്ങള്‍ ശരിവെച്ച് തബൂക്കില്‍ ശക്തമായ മഴ. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടയിലാക്കി പല ഭാഗങ്ങളിലും മഴ ഇപ്പോഴും തുടരുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റോഡുകളില്‍ പലയിടങ്ങളിലും കല്ലും മണ്ണും ഇടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ദുബയിലും ശക്തമായ മഴ തുടരുകയാണ്. താഴ്വരകള്‍ മിക്കതും വെള്ളത്തിനടിയിലായിട്ടുണ്ട്.
സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ തബൂക്ക് സിവില്‍ ഡിഫന്‍സ് മേധാവി കേണല്‍ മംദൂഹ് അന്‍സിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. റോഡിലും മറ്റും അടിഞ്ഞു കൂടിയ പാറക്കല്ലുകളും മണ്ണും നീക്കം ചെയ്യാന്‍ സിവില്‍ ഡിഫന്‍സ് രംഗത്തുണ്ട്. അടിയന്തര സാഹചര്യമായതിനാല്‍ മറ്റു വകുപ്പുകളും സിവില്‍ ഡിഫന്‍സുമായി ചേര്‍ന്ന് ദുരിതാശ്വാസത്തിന് നേതൃത്വം നല്‍കുന്നുണ്ട്. ജനങ്ങളോട് താഴ്വരകളിലേക്കും മറ്റും പോകരുതെന്നും റോഡുകളില്‍ വെള്ളക്കെട്ടുള്ളതിനാല്‍ കാല്‍നടയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
റോഡില്‍ കെട്ടി നില്‍ക്കുന്ന വെള്ളം നീക്കം ചെയ്യാന്‍ ജലവകുപ്പിന്‍െറയും സിവില്‍ ഡിഫന്‍സിന്‍െറയും ജീവനക്കാര്‍ രംഗത്തുണ്ട്. ഗതാഗത കുരുക്കുകള്‍ പരിഹരിക്കുന്നതിന് ട്രാഫിക് മേധാവി കേണല്‍ മുഹമ്മദ് അതീഖിന്‍െറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു.
പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് ഉന്നത തല യോഗം വിളിച്ചു ചേര്‍ത്തു.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആശുപത്രികള്‍ സജ്ജമാക്കിയിട്ടുണ്ട്. കാലാവസ്ഥ സംബന്ധിച്ച അറിയിപ്പുകള്‍ എസ്.എം.എസ് വഴി വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അയക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ശക്തമായ മഴയില്‍ കിങ് ഫഹദ് ആശുപത്രിയില്‍ ചോര്‍ച്ച അനുഭവപ്പെട്ടതിനാല്‍ അത്യാഹിത വിഭാഗത്തിന്‍െറ പ്രവര്‍ത്തനം അവതാളത്തിലായതായി റിപ്പോര്‍ട്ടുണ്ട്. ചില വീടുകളിലും വിദ്യാലയങ്ങളിലും ചോര്‍ച്ച അനുഭവപ്പെടുന്നുണ്ടെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.