ചെങ്കടലിന്‍െറ സ്വപ്ന നഗരിക്ക് ചിറക് മുളക്കുന്നു
text_fieldsജിദ്ദ: ആധുനിക സൗദി അറേബ്യയുടെ മുഖഛായ മാറ്റിവരക്കാനുതകുന്ന കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിക്ക് ചിറകുവെക്കുന്നു. ജിദ്ദയില്‍ നിന്ന് 110 കിലോമീറ്റര്‍ വടക്കുമാറി റാബിഗിലെ ചെങ്കടല്‍ തീരത്ത് ഈ സ്വപ്ന നഗരത്തിന്‍െറ നിര്‍മാണം അതിദ്രുതം പുരോഗമിക്കുകയാണ്. മനുഷ്യവാസമില്ലാത്ത ഊഷരഭൂമിയില്‍ നിന്ന് 180 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മനോഹര ഉദ്യാന നഗരമായി പ്രദേശത്തെ മാറ്റിയെടുക്കാനുള്ള പദ്ധതി ആരംഭിച്ചത് 2005ലാണ്. അമേരിക്കയുടെ തലസ്ഥാനമായ വാഷിങ്ടണ്‍ ഡി.സിയേക്കാലും വിസ്തൃതിയിലാണ് ഈ വിസ്മയ സമുച്ചയത്തിന്‍െറ നിര്‍മാണം. സൗദി ഉറ്റുനോക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം 2020 ല്‍ പൂര്‍ത്തിയാകും. അര ലക്ഷം പേര്‍ക്ക് വസിക്കാവുന്ന സംവിധാനങ്ങള്‍ അതോടെ നിലവില്‍ വരും. എന്നാല്‍ പദ്ധതി പൂര്‍ണമാകാന്‍ 2035 വരെ കാത്തിരിക്കേണ്ടിവരും.
20 ശതമാനത്തിലേറെ നിര്‍മാണമാണ് നിലവില്‍ പൂര്‍ത്തിയായത്. ബേ ലാ സണ്‍ എന്ന ഹോട്ടല്‍ ശൃംഖലയും അനവധി കച്ചവട സ്ഥാപനങ്ങളും സുന്ദരമായ തീര നടപ്പാതയും ഉദ്യാനങ്ങളും സഞ്ചാരികളെ സ്വീകരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളാകുന്നു. കണ്ടതിലും വലുതു ഒളിപ്പിച്ച് വെച്ച് കണ്ണെത്താ ദൂരത്തോളം മറകള്‍ക്കുള്ളില്‍ പണികള്‍ നടക്കുന്നു.
വെറും ശൂന്യതയില്‍ നിന്നാണ് ഇതെല്ലാം ആരംഭിക്കുന്നത്, പത്തുവര്‍ഷം മുമ്പ്. അന്ന് സൗദി ഭരണാധികാരി ആയിരുന്ന അബ്ദുല്ല രാജാവിന്‍െറ ആശയമായിരുന്നു ചെങ്കടല്‍ തീരത്ത് വിവിധ സങ്കേതങ്ങള്‍ സമ്മേളിക്കുന്ന ഒരു ആധുനിക നഗരം. എണ്ണ അടിസ്ഥാനത്തിലുള്ള സമ്പദ്ഘടനക്ക് ബദല്‍ വരുമാന പദ്ധതികള്‍ സ്ഥാപിക്കുകയായിരുന്നു അദ്ദേഹത്തിന്‍െറ പ്രധാന ലക്ഷ്യം. ആധുനിക സൗകര്യങ്ങളോടെയുള്ള വാസമേഖലകള്‍, കച്ചവട, ഉല്ലാസ കേന്ദ്രങ്ങള്‍, കമ്പനി ആസ്ഥാനങ്ങള്‍, സമ്മേളന നഗരികള്‍, വിനോദസഞ്ചാര മേഖലകള്‍ തുടങ്ങി ഒരു നവനഗരത്തിനുള്ള എല്ലാ സൗകര്യങ്ങളുമുള്ള സംവിധാനമാണ് വിഭാവന ചെയ്തത്.
കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനൊപ്പം ആഫ്രിക്കയിലെയും ഏഷ്യയിലെയും നിരവധി രാഷ്ട്രങ്ങളെ അതിരിടുന്ന ചെങ്കടല്‍ തീരത്തിന്‍െറ തലസ്ഥാന നഗരിയാക്കി ഇതിനെ മാറ്റാനും ഉദ്ദേശ്യമുണ്ട്. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ചെങ്കടല്‍ മേഖലയുടെ ആസ്ഥാനമായി റാബിഗ് മാറുമെന്നുറപ്പാണ്. രാജ്യത്തെ 30 വയസിന് താഴെയുള്ള 65 ശതമാനം വരുന്ന വിഭാഗത്തെ ലക്ഷ്യമിട്ടാണ് പദ്ധതികള്‍ ആവിഷ്കരിക്കുന്നതെന്ന് നഗരത്തിന്‍െറ നിര്‍മാണം നിര്‍വഹിക്കുന്ന ഇമാര്‍ ഇക്കണോമിക് സിറ്റിയുടെ ഗ്രൂപ്പ് സി.ഇ.ഒ ഫഹദ് അല്‍ റഷീദ് ചൂണ്ടിക്കാട്ടുന്നു. ഏതാണ്ട് രണ്ടു ലക്ഷം സൗദി പൗരന്മാരാണ് വിദേശത്ത് പഠിക്കുന്നത്. അവര്‍ തിരിച്ചത്തെുമ്പോള്‍ രാഷ്ട്രത്തിന്‍െറ മുഖഛായ തന്നെ ഈ നഗരം മാറ്റിയിട്ടുണ്ടാകും. മറ്റൊരു സാധ്യതയെ കുറിച്ചും അവര്‍ക്ക് ആലോചിക്കേണ്ടി വരില്ല- ഫഹദ് അല്‍ റഷീദ് പറഞ്ഞു. ‘അതിബൃഹത്തായ ഈ പദ്ധതിക്ക് മൂര്‍ത്തരൂപം നല്‍കുകയെന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അതു പൂര്‍ത്തിയായാല്‍ ആകാശമാണ് ഞങ്ങളുടെ അതിര്‍ത്തി. ആ ഘട്ടത്തിലാണ് ഇപ്പോഴുള്ളത് ’ -ഫഹദിന്‍െറ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകള്‍.
ഭാവി വികസനത്തിനുള്ള ഏറെ സാധ്യതകള്‍ തുറന്നിട്ടുകൊണ്ട്, രണ്ടു ദശലക്ഷം ആളുകളെ ഉള്‍ക്കൊള്ളാനാകുന്ന തരത്തിലാണ് നഗരം ആസൂത്രണം ചെയ്തിരിക്കുന്നത്. നഗരത്തിന്‍െറ നാലിലൊന്ന്, അതായത് 45 ദശലക്ഷം ചതുരശ്ര മീറ്റര്‍ വികസിപ്പിച്ച് 50,000 താമസക്കാര്‍, 28,000 തൊഴില്‍ എന്നിവക്ക് വേണ്ട സംവിധാനങ്ങള്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരുക്കും. പുണ്യനഗരങ്ങളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന അതിവേഗ ഹറമൈന്‍ റെയില്‍വേ പദ്ധതിയും അപ്പോഴേക്കും പൂര്‍ത്തിയാകും. ഇരുനഗരങ്ങള്‍ക്കുമിടയിലെ രണ്ടുപ്രധാന സ്റ്റേഷനുകളിലൊന്ന് റാബിഗിലാണ്. ജിദ്ദയിലാണ് അടുത്തത്. കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയുടെ കൂടി സൗകര്യാര്‍ഥം വരുന്ന റാബിഗ് സ്റ്റേഷന്‍െറ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ഇതിനൊപ്പം സൗദിയുടെ എല്ലാ മേഖലകളിലേക്കുമുള്ള ഉപരിതല ഗതാഗത സൗകര്യവും ഒരുക്കുന്നുണ്ട്. സമീപത്തെ ജിദ്ദ വഴി തെക്കന്‍ മേഖലകളിലേക്കും റിയാദ് വഴി പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ തീരത്തെ ദമ്മാമിലേക്കും വടക്കന്‍ മേഖലകളിലേക്കുമൊക്കെ വിശാലമായ നിരത്തുകള്‍ വഴി റാബിഗിനെ ബന്ധിപ്പിക്കും.
ആറു പ്രധാന പദ്ധതികളായാണ് കിങ് അബ്ദുല്ല ഇകണോമിക് സിറ്റി വിഭജിക്കപ്പെട്ടിരിക്കുന്നത്. 63 ചതുരശ്ര കി.മീ വിസ്തൃതിയുള്ള ഇന്‍ഡസ്ട്രിയല്‍ വാലിയാണ് ഇതില്‍ ഏറ്റവും പ്രധാനം. 2,700 വ്യവസായ സംരംഭങ്ങള്‍ക്ക് ഇടമേകുന്ന തരത്തില്‍ 4,400 ഹെക്ടര്‍ ഭൂമിയിലാണ് ഇന്‍ഡസ്ട്രിയല്‍ വാലിയുടെ നിര്‍മാണം. വ്യവസായ പദ്ധതികള്‍, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് പദ്ധതികള്‍, ബിസിനസ്, ഓഫിസ് സമുച്ചയങ്ങള്‍, സേവനവിഭാഗം, ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം എന്നിവക്കൊപ്പം ഒരു പ്ളാസ്റ്റിക് വാലിയും ഇവിടെയുണ്ടാകും. 13.8 ചതുരശ്ര കിലോമീറ്ററില്‍ പരന്നുകിടക്കുന്ന കിങ് അബ്ദുല്ല പോര്‍ട്ട് ആണ് രണ്ടാമത്. പണി പൂര്‍ത്തിയാകുമ്പോള്‍ ഒരുകോടി ടി.ഇ.യു കണ്ടെയ്നറുകള്‍ പ്രതിവര്‍ഷം വഹിക്കാന്‍ ശേഷിയുണ്ടാകും. കേരളത്തിലെ വിഴിഞ്ഞം പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 17 ലക്ഷം ടി.ഇ.യു മാത്രമാണ് ശേഷിയെന്ന് അറിയുക. മൂന്നുലക്ഷം തീര്‍ഥാടകരെ സ്വീകരിക്കാന്‍ സൗകര്യമുള്ള ഒരു ഹജ്ജ് ടെര്‍മിനലും തുറമുഖത്തുണ്ടാകും. രണ്ടരലക്ഷം അപാര്‍ട്മെന്‍റുകളും 56,000 വില്ലകളുമുള്ള റെസിഡന്‍ഷ്യല്‍ ഏരിയയാണ് മൂന്നാം ഭാഗം. വിവിധ ഡിസ്ട്രിക്റ്റുകളായി തിരിച്ചിട്ടുള്ള ഇവിടെ അഞ്ചുലക്ഷം താമസക്കാര്‍ക്കും പതിനായിരത്തിലേറെ വിനോദ സഞ്ചാരികള്‍ക്കും വാസസ്ഥലമുണ്ടാകും. ഓരോ ഡിസ്ട്രിക്റ്റിലും പൊതുസൗകര്യങ്ങളും ഉദ്യാനങ്ങളും കളിയിടങ്ങളും ആരാധനാലയങ്ങളും കച്ചവട സ്ഥാപനങ്ങളുമുണ്ടാകും.
നാലാമത് വരുന്ന കടല്‍തീര റിസോര്‍ട്ട് ആണ് ഏറ്റവും ആകര്‍ഷകമായ മേഖല. മധ്യപൂര്‍വേഷ്യയിലെ ടൂറിസം രംഗത്തെ തിലകക്കുറിയായി മാറാന്‍ പോകുന്ന ഇവിടെ കാല്‍ ലക്ഷം ഹോട്ടല്‍ മുറികള്‍ ഉണ്ടാകും.
ചെറുതും വലുതുമായ 120 ലേറെ ഹോട്ടലുകളും. വിശാലമായ ഗോള്‍ഫ് കോഴ്സ്, ഡൈവിങ് റേഞ്ച്, അശ്വാഭ്യാസ ക്ളബ്, പായ്വഞ്ചി ക്ളബ് എന്നിവ ഇവിടത്തെ സംവിധാനങ്ങളില്‍ ചിലതുമാത്രം. ആഗോളനിലവാരത്തിലുള്ള വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന എജുക്കേഷനല്‍ സോണ്‍ ആണ് അഞ്ചാമത്. 3.8 ചതുരശ്ര കി.മീ വിസ്തൃതിയുള്ള സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റാണ് അവസാനത്തേത്. പണി പൂര്‍ത്തിയാകുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ധനകാര്യ സിരാകേന്ദ്രമായി ഇതുമാറും. മൊത്തം 86 ശതകോടി ഡോളറാണ് പദ്ധതിയുടെ മൊത്തം മതിപ്പുചെലവ്. പണിപൂര്‍ത്തിയായ മേഖലയിലുള്ള ബേ ലാ സണ്‍ ഹോട്ടല്‍ സമുച്ചയത്തിലാണ് കഴിഞ്ഞ ദിവസം ഇന്‍ഡോ- ജി.സി.സി വ്യാപാര സമ്മേളനം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.