ഹജ്ജ്, ഉംറ വിസകള്‍ സൗജന്യം, മറിച്ചുള്ള പ്രചാരണം തെറ്റ്- മന്ത്രി
text_fieldsജിദ്ദ: ഹജ്ജ്, ഉംറ വിസകള്‍ സൗജന്യമായാണ് അനുവദിക്കുന്നതെന്നും വിവിധ രാജ്യങ്ങളില്‍ എംബസികള്‍ അതിന് ഫീസ് ഈടാക്കുന്നുവെന്ന പ്രചാരണം തെറ്റാണെന്നും ഹജ്ജ് മന്ത്രി ഡോ. ബന്ദര്‍ ഹജ്ജാര്‍. തീര്‍ഥാടനം എളുപ്പമാക്കുന്നതിന് രാജ്യം ശതകോടി റിയാലാണ് ഓരോ വര്‍ഷവും ചെലവഴിക്കുന്നത്. വിദേശരാജ്യങ്ങളില്‍ നിന്ന് ഉംറ തീര്‍ഥാടകരുടെ വരവ് തുടങ്ങിയതായി മന്ത്രി അറിയിച്ചു. മദീനയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മലേഷ്യയില്‍ നിന്നുള്ള ആദ്യ സംഘത്തില്‍ 489 പേരുണ്ട്.
തീര്‍ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ഗവണ്‍മെന്‍റിന്‍െറ നിര്‍ദേശമനുസരിച്ചായിരിക്കും. യാത്രാ നടപടികള്‍ എളുപ്പമാക്കാനും മികച്ച സേവനങ്ങള്‍ നല്‍കാനും ഇലക്ട്രോണിക് സാങ്കേതിക സംവിധാനങ്ങള്‍ നടപ്പാക്കുമെന്നും ഹജ്ജ് മന്ത്രി പറഞ്ഞു. അതീവ ശ്രദ്ധയോടെയാണ് സഫര്‍ മുതല്‍ ശവ്വാല്‍ പകുതി വരെ നീളുന്ന ഉംറ സീസണിലേക്കുള്ള പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നത്. 41 ഉംറ സര്‍വീസ് സ്ഥാപനങ്ങളാണ് രാജ്യത്തുള്ളത്. 81 വിദേശ രാജ്യങ്ങളിലായി 3,500 ഓളം ഏജന്‍സികളുമുണ്ട്.
വിദേശ രാജ്യങ്ങളില്‍ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ മികച്ചതാക്കുന്നതിനുള്ള നടപടികള്‍ ഹജ്ജ് മന്ത്രാലയത്തിനു കീഴില്‍ നടന്നുവരികയാണ്. ഇ ട്രാക്ക് പദ്ധതിയാണ് ഇതില്‍ പ്രധാനം. ഉംറ തീര്‍ഥാടകരുടെ എണ്ണം 60 ലക്ഷം വരെ വര്‍ധിപ്പിക്കാനും അനധികൃത താമസക്കാരുടെ എണ്ണം ആയിരത്തില്‍ ഒരാളെന്ന തോതില്‍ കുറക്കാനും ഇത് സഹായിച്ചിട്ടുണ്ട്. ഈ സീസണില്‍ തീര്‍ഥാടകരുടെ എണ്ണം 70 ലക്ഷം വരെയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹജ്ജ് ഉംറ സമിതി ഉപാധ്യക്ഷന്‍ എന്‍ജി. അബ്ദുല്ല ഖാദി പറഞ്ഞു. മുന്‍വര്‍ഷത്തേക്കാള്‍ 25ശതമാനം വര്‍ധനവുമുണ്ടാകും. റമദാനിലാണ് ഉംറ വിസക്ക് വര്‍ധിച്ച അപേക്ഷകരെന്നും ഇതുകാരണം റമദാനില്‍ തീര്‍ഥാടകരുടെ എണ്ണം കൂടുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.