റിയാദിലെ മസ്മക് കൊട്ടാരം പ്രധാനമന്ത്രി സന്ദര്‍ശിച്ചു
text_fieldsറിയാദ്: അനേകം നാട്ടുരാജ്യങ്ങളാല്‍ ചിതറിക്കിടന്ന സൗദി അറേബ്യയെ ഏകീകരിക്കാനുള്ള അബ്ദുല്‍ അസീസ് രാജാവിന്‍െറ ധീര പ്രയത്നങ്ങള്‍ക്ക് നാന്ദി കുറിച്ച റിയാദിലെ മസ്മക് കൊട്ടാരം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. ദ്വിദിന സന്ദര്‍ശനത്തിന് ശനിയാഴ്ച ഉച്ചക്ക് റിയാദിലത്തെിയ അദ്ദേഹം അതിഥി കൊട്ടാരത്തില്‍ വിശ്രമിച്ചതിന് ശേഷം സൗദി സന്ദര്‍ശനത്തിന് തുടക്കമിട്ടത് മസ്മക് കൊട്ടാരത്തില്‍ നിന്നാണ്. വൈകീട്ട് 4.45ഓടെയാണ് നഗര മധ്യത്തിലെ ദീറ ഗവര്‍ണറേറ്റിനോട് ചേര്‍ന്നുള്ള മണ്ണുകൊണ്ടുള്ള വിസ്മയ നിര്‍മിതിയായ കൊട്ടാരത്തില്‍ അദ്ദേഹവും സംഘവും എത്തിയത്.
സൗദി ടൂറിസം ആന്‍ഡ് നാഷനല്‍ ഹെരിറ്റേജ് കമീഷന് കീഴിലെ രാജ്യാന്തര സഹകരണ വിഭാഗം മേധാവി അമീര്‍ സഊദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല, പുരാവസ്തു-മ്യൂസിയം ജനറല്‍ അതോറിറ്റി വൈസ് ചെയര്‍മാന്‍ ഡോ. അലി ബിന്‍ ഇബ്രാഹിം അല്‍ഗബ്ബാന്‍, റിയാദ് മ്യൂസിയം ഡയറക്ടര്‍ നാസര്‍ അല്‍ആരിഫി എന്നിവര്‍ കൊട്ടാരത്തിലേക്ക് പ്രധാനമന്ത്രിയെ ആനയിച്ചു. സൗദി സാമ്പത്തികാസൂത്രണ മന്ത്രി എന്‍ജി. ആദില്‍ ബിന്‍ മുഹമ്മദ് ഫഖീഹ്, ഡോ. സഊദ് മുഹമ്മദ് അല്‍സാത്തി, ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ് തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു.
സൗദി അറേബ്യന്‍ രൂപവത്കരണ ഘട്ടത്തില്‍ നിര്‍ണായക വഴിത്തിരിവിന് സാക്ഷ്യം വഹിച്ച ചരിത്രമാണ് മസ്മക് കൊട്ടാരത്തിനുള്ളതെന്ന് ഡോ. അല്‍ഗബ്ബാന്‍ നരേന്ദ്ര മോദിക്ക് വിശദീകരിച്ചുകൊടുത്തു. പ്രാചീന ചരിത്രത്തിന്‍െറ പ്രൗഢിയോടെ നില്‍ക്കുന്ന മണ്‍കൊട്ടാരത്തിനുള്ളിലെ എല്ലാ ഭാഗങ്ങളും സന്ദര്‍ശിച്ച പ്രധാനമന്ത്രി രാജ്യസ്ഥാപനത്തിന്‍െറ ചരിത്രം, ചരിത്ര പുരുഷന്മാരുടെ വിവരങ്ങളും ചിത്രങ്ങളും, സാംസ്കാരിക ചിഹ്നങ്ങള്‍, ചരിത്ര ശേഷിപ്പുകള്‍, സാമൂഹിക ജീവിതം വെളിപ്പെടുത്തുന്ന രേഖാ-ഛായാചിത്രങ്ങള്‍ തുടങ്ങിയ പ്രദര്‍ശനങ്ങള്‍ അദ്ദേഹം സാകൂതം നോക്കി കണ്ടു.
എല്ലാം നടന്നുകണ്ട ശേഷം പ്രധാനമന്ത്രി ഡോ. അല്‍ഗബ്ബാന്‍ നീട്ടിയ കൊട്ടാരത്തിലെ അതിഥി പുസ്തകത്തില്‍ തന്‍െറ സന്ദര്‍ശന അനുഭവം ഏതാനും വാക്കുകളില്‍ കുറിച്ചിട്ടു.
സൗദി ടൂറിസം ആന്‍ഡ് നാഷനല്‍ ഹെരിറ്റേജ് കമീഷന്‍െറ അറബ് സംസ്കൃതിയുടെ അടയാളങ്ങള്‍ പേറുന്ന മൂല്യവത്തായ ഉപഹാരം പ്രസിഡന്‍റ് അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് നരേന്ദ്ര മോദിക്ക് കൈമാറി. സൗദി അറേബ്യ രൂപംകൊള്ളുന്നതിന് മുമ്പ് മുഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ റഷീദിന്‍െറ ഭരണകാലത്താണ് മസ്മക് കൊട്ടാരം നിര്‍മിക്കപ്പെട്ടത്.
റിയാദ് കീഴടക്കാനുള്ള അബ്ദുല്‍ അസീസ് രാജാവിന്‍െറ ചരിത്ര ദൗത്യം ആരംഭിക്കുന്നത് ഈ കൊട്ടാരം അധീനതയിലാക്കി കൊണ്ടായിരുന്നു. സൗദി അറേബ്യ എന്ന ആധുനിക രാഷ്ട്ര നിര്‍മാണത്തിന്‍െറ അസ്ഥിവാരമിട്ടത് ഈ കൊട്ടാരം പിടിച്ചടക്കാന്‍ കഴിഞ്ഞ വിജയത്തോടെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.