അനുമതിയില്ലാതെ ഹജ്ജിന് പോയ രണ്ട് മലയാളികള്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍
text_fieldsറിയാദ്: അനുമതി പത്രമില്ലാതെ ഹജ്ജിന് പോയി പിടിക്കപ്പെട്ട രണ്ടു മലയാളികള്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍. രണ്ടുവര്‍ഷം മുമ്പ് ത്വാഇഫിലെ ചെക് പോസ്റ്റില്‍ പിടിയിലായി വിരലടയാളമെടുത്ത ശേഷം ഇവരെ വിട്ടയച്ചിരുന്നുവെങ്കിലും ഇഖാമ പുതുക്കാനാവാതെ റിയാദിലെ ശുമൈസി നാടുകടത്തല്‍ കേന്ദ്രത്തിലത്തെുകയായിരുന്നു. സൗദി ഹജ്ജ് മന്ത്രാലയത്തില്‍ നിന്ന് ആഭ്യന്തര ഹജ്ജ് തീര്‍ഥാടകര്‍ക്ക് നല്‍കുന്ന അനുമതി പത്രമായ ‘തസ്രീഹ്’ ഇല്ലാത്തതിനാല്‍ മക്കയിലേക്കുള്ള യാത്രാമധ്യേയാണ് കൊല്ലം, മല്ലപ്പുറം സ്വദേശികള്‍ പിടിയിലായത്. വാദി ദവാസിറില്‍ 10 വര്‍ഷം ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശി അനധികൃത തീര്‍ഥാടക സംഘത്തിന്‍െറ ബസില്‍ പോകുമ്പോഴാണ് ത്വാഇഫിലെ ചെക്ക് പോസ്റ്റില്‍ പിടിയിലായത്. മറ്റുള്ളവരോടൊപ്പം തിരിച്ചയക്കപ്പെട്ട ഇയാളുടെ വിരലടയാളം പൊലീസ് രേഖപ്പെടുത്തിയിരുന്നു. 2600 റിയാല്‍ വാങ്ങിയാണ് ഏജന്‍റ് ഇയാളെ കൊണ്ടുപോയത്. പിന്നീട് നാട്ടില്‍ അവധിക്ക് പോയി തിരിച്ചത്തെിയപ്പോള്‍ റിയാദ് വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം ഇയാളെ തടഞ്ഞിരുന്നു. ഹജ്ജ് നിയമം ലംഘിച്ചതായി രേഖയിലുണ്ടെന്ന് പറഞ്ഞാണ് തടഞ്ഞുവെച്ചത്. സ്പോണ്‍സര്‍ എത്തി ജാമ്യത്തിലിറക്കുകയായിരുന്നു. ജോലിയില്‍ തുടരുന്നതിനിടെ ഇഖാമയുടെ കാലാവധി അവസാനിച്ച് പുതുക്കാന്‍ കൊടുത്തപ്പോഴാണ് നിയമലംഘന പ്രശ്നം തുടരുകയാണെന്ന് മനസിലായത്. സ്പോണ്‍സര്‍ ശ്രമിച്ചിട്ടും പുതുക്കാന്‍ കഴിഞ്ഞില്ല. നാടുകടത്തലാണ് ശിക്ഷയെന്ന് അപ്പോഴാണ് മനസിലാകുന്നത്. തുടര്‍ന്ന് സ്പോണ്‍സര്‍ ഇയാളെ ശുമൈസി നാടുകടത്തല്‍ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. മലപ്പുറം സ്വദേശി റിയാദില്‍ 30 വര്‍ഷമായി സ്വകാര്യ കമ്പനിയില്‍ ടീബോയി ആയിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഭാര്യ ഹജ്ജിന് വന്നപ്പോള്‍ കൂടെ പോകുന്നതിന് വേണ്ടിയാണ് അനുമതി പത്രത്തിനൊന്നും കാത്തുനില്‍ക്കാതെ അനധികൃത സംഘത്തോടൊപ്പം മക്കയിലേക്ക് തിരിച്ചത്. ത്വാഇഫില്‍ വെച്ചുതന്നെയാണ് ഇദ്ദേഹവും പിടിയിലായത്. വിരലടയാളമെടുത്ത ശേഷം വിട്ടയച്ചു. മറ്റൊരു സംഘത്തോടൊപ്പം അധികൃതരുടെ കണ്ണുവെട്ടിച്ച് മക്കയിലത്തെി ഹജ്ജ് നിര്‍വഹിച്ചു. ശേഷം റിയാദില്‍ തിരിച്ചത്തെി ജോലിയില്‍ തുടര്‍ന്നു. നാലുവര്‍ഷമായി നാട്ടില്‍ പോയിട്ടില്ല. ഏതാനും മാസം മുമ്പ് ഇഖാമയുടെ കാലാവധി കഴിഞ്ഞപ്പോഴാണ് നാടുകടത്തല്‍ കേന്ദ്രത്തെ സമീപിക്കാന്‍ നിര്‍ദേശം കിട്ടിയത്. രണ്ടാഴ്ചയായി ഇയാളും നാടുകടത്തല്‍ കേന്ദ്രത്തിലാണ്. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ക്ളിയറന്‍സ് ലഭിച്ചാലേ ഇവര്‍ക്ക് സ്വദേശത്തേക്ക് പോകാനും കഴിയൂ. നോര്‍ക കണ്‍സള്‍ട്ടന്‍റ് ശിഹാബ് കൊടുകാട് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഇവരുടെ മടക്കയാത്ര എളുപ്പത്തിലാക്കാനുള്ള ശ്രമമാരംഭിച്ചിട്ടുണ്ട്. സന്ദര്‍ശക വിസയിലത്തെി ഹജ്ജ് ചെയ്യുന്നവര്‍ തസ്രീഹില്ലാതെ പിടിക്കപ്പെട്ടാല്‍ ഇവരെ കൊണ്ടുവന്നവരെയും നാടുകടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.