സൗദി എണ്ണകമ്പനിയിൽ തീപിടിത്തം; മൂന്നുമലയാളികള്‍ അടക്കം 12 മരണം
text_fieldsജുബൈല്‍: സൗദി വ്യാവസായിക നഗരമായ ജുബൈലിലെ പെട്രോ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ മൂന്നു മലയാളികള്‍ അടക്കം 12 പേര്‍ മരിച്ചു. മരിച്ചവരില്‍ ഒമ്പതുപേര്‍ ഇന്ത്യക്കാരാണ്. 17 പേര്‍ക്ക് പരിക്കേറ്റു. ബെന്നി വര്‍ഗീസ്, വിന്‍സെന്‍റ് ലോറന്‍സ്, ലിജോണ്‍ എന്നിവരാണ് മരിച്ച മലയാളികളെന്നാണ് വിവരം. ഒൗദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ദേശസാത്കൃത സ്ഥാപനമായ സൗദി അറേബ്യന്‍ ബേസിക് ഇന്‍ഡസ്ട്രീസ് കോര്‍പറേഷന് (സാബിക്) കീഴിലുള്ള യുനൈറ്റഡ് പെട്രോകെമിക്കല്‍ കമ്പനിയിലാണ് സംഭവം. പതിവ് അറ്റകുറ്റപ്പണിക്കിടെ ശനിയാഴ്ച രാവിലെ 11.40 ന് റിയാക്ടറിലാണ് അഗ്നി പടര്‍ന്നതെന്ന് ജുബൈല്‍ റോയല്‍ കമീഷന്‍ വക്താവ് ഡോ. അബ്ദുറഹ്മാന്‍ അബ്ദുല്‍ ഖാദര്‍ അറിയിച്ചു.
അഗ്നിബാധയെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് അപകടം ഉണ്ടായത്. ഫാക്ടറിയിലെ ചൂളയില്‍ (ഫര്‍ണസ്) ജോലി ചെയ്ത 30 ഓളം സാങ്കേതിക വിദഗ്ധരും സഹായികളുമാണ് അപകടത്തില്‍പെട്ടത്. ഇവരില്‍ 12 തൊഴിലാളികള്‍ മരിക്കുകയും താഴെ തട്ടിലുണ്ടായിരുന്നവര്‍ പരിക്കുകളോടെ രക്ഷപ്പെടുകയമായിരുന്നു. പരിക്കേറ്റവരെ റോയല്‍ കമീഷന്‍ ആശുപത്രിയിലും അല്‍മന ആശുപത്രിയിലും പ്രവേശിപ്പിച്ചൂ. ഇതില്‍ ആറുപേരുടെ നില അതീവ ഗുരുതരമാണ്. മൃതദേഹങ്ങള്‍ റോയല്‍ കമീഷന്‍, മുവാസാത്ത്, അല്‍മന ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുന്നു. മരിച്ചവരില്‍ മൂന്നു ഫിലിപ്പീനികളുമുണ്ട്. പ്ളാന്‍ടെക് എന്ന കരാര്‍ കമ്പനി തൊഴിലാളികളാണ് മരിച്ചവര്‍. മുഹമ്മദ് അശ്റഫ്, ഇബ്രാഹിം, കാര്‍ത്തിക്, ഡാനിയല്‍ എന്നിവരാണ് മരിച്ച മറ്റ് ഇന്ത്യക്കാര്‍. കര്‍ണാടക സ്വദേശികളാണ് ഇവരെന്നാണ് വിവരം.
സംഭവം ഉണ്ടായതിന് പിന്നാലെ റോയല്‍ കമീഷന്‍ വക്താവ് ഡോ. അബ്ദുറഹ്മാന്‍ അബ്ദുല്‍ ഖാദറിനൊപ്പം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മസ്ലഹ് അല്‍ ഉതൈബി, അപകടം ഉണ്ടായ യുനൈറ്റഡ് പെട്രോകെമിക്കല്‍ കമ്പനി പ്രസിഡന്‍റ് എന്‍ജി. ആദില്‍ ശുറൈദി എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.