വിഷന്‍ 2030 പ്രഖ്യാപനം: പ്രവാസികള്‍ക്ക് നെഞ്ചിടിപ്പും പ്രതീക്ഷയും
text_fieldsറിയാദ്: ലോകത്തിന്‍െറ മുക്കുമൂലകളില്‍ നിന്നുള്ളവര്‍ക്ക് തൊഴിലും ജീവിതവും നല്‍കുന്ന രാജ്യങ്ങളിലൊന്നെന്ന നിലയില്‍ സൗദി അറേബ്യയുടെ സാമ്പത്തിക പരിഷ്കരണ പദ്ധതി പ്രവാസികള്‍ക്ക് സമ്മാനിക്കുന്നത് നെഞ്ചിടിപ്പും പ്രതീക്ഷയും. തിങ്കളാഴ്ചയിലെ കരട് പ്രഖ്യാപനത്തിന് രാജ്യാന്തര പ്രാധാന്യമുണ്ടായതിന്‍െറ കാരണങ്ങളിലൊന്നിതാണ്. സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ കൂടിയ മന്ത്രിസഭായോഗം പരിഷ്കരണ പദ്ധതിക്ക് അംഗീകാരം നല്‍കിയത് ലോക മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പതിപ്പുകള്‍ വന്‍പ്രാധാന്യം നല്‍കിയാണ് പ്രസിദ്ധീകരിച്ചത്. വിശദാംശങ്ങള്‍ പുറത്തുവിട്ട അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍െറ ആദ്യ ടെലിവിഷന്‍ അഭിമുഖം തല്‍സമയം കാണാന്‍ ലക്ഷക്കണക്കിനാളുകളാണ് അല്‍അറബിയ ചാനലിന് മുന്നിലിരുന്നത്.
സൗദി ജനസംഖ്യയുടെ മൂന്നിലൊന്ന് വിദേശികളാണ്. പുതിയ കണക്കനുസരിച്ച് 33 ശതമാനം. ആകെ 3.80 കോടിയില്‍ 1.10 കോടിയും വിദേശികള്‍. അതില്‍ തന്നെ ഭൂരിപക്ഷവും തൊഴിലാളികളും. സ്വദേശികളുടെ തൊഴിലില്ലായ്മ നിലവിലെ 11.6 ശതമാനത്തില്‍ നിന്ന് എഴ് ശതമാനമാക്കി കുറക്കാനുള്ള തീരുമാനമാകും ഒന്നാമതായി വിദേശ തൊഴിലാളികളെ നേരിട്ട് ബാധിക്കുക. നിലവില്‍ തൊഴില്‍ മന്ത്രാലയം നടപ്പാക്കി വരുന്ന സ്വകാര്യ തൊഴില്‍ മേഖലയിലെ നിയന്ത്രണനടപടികള്‍ക്ക് ആക്കം കൂടും. സ്വദേശിവത്കരണം 75ശതമാനമായി ഉയര്‍ത്തുകയെന്ന തൊഴില്‍ ചട്ട ഭേദഗതി കര്‍ശനമായി നടപ്പാക്കാനാവും പുതിയ പരിഷ്കരണ നടപടികള്‍ ആവശ്യപ്പെടുക. ഇതോടെ നിരവധി വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകും. വിദേശ തൊഴിലാളി റിക്രൂട്ട്മെന്‍റിലും കാര്യമായ കുറവുണ്ടാകും.
സബ്സിഡി നിര്‍ത്തലാക്കുന്നത് രാജ്യത്തുള്ള വിദേശികളെ നേരിട്ടും അല്ലാതെയും ബാധിക്കും. ഏതൊക്കെ മേഖലയിലാണുണ്ടാകുക എന്ന് വ്യക്തമായിട്ടില്ളെങ്കിലും സബ്സിഡി ഇല്ലാതാകുന്നത് പൊതുവേ വിലക്കയറ്റമുണ്ടാക്കുകയും സ്വദേശികളെ പോലെ തന്നെ വിദേശികളെയും ബാധിക്കുകയും ചെയ്യും. സ്വദേശി സമ്പന്നരെ പ്രധാനമായും ലക്ഷ്യം വെക്കുന്ന സബ്സിഡി നിറുത്തലാക്കല്‍ തീരുമാനം അവര്‍ക്ക് കീഴില്‍ തൊഴിലെടുക്കുന്ന വിദേശികളെ ബാധിക്കുക സ്വാഭാവികമാണ്. കുടുംബമായി കഴിയുന്നവരുടെ വീട്ടുവാടക സാധാരണഗതിയില്‍ തൊഴിലുടമകളാണ് നല്‍കുന്നത്. എന്നാല്‍ ജലത്തിന്‍െറയും വൈദ്യുതിയുടെയും ചാര്‍ജ് അവരവര്‍ തന്നെ യാണ് നല്‍കിവരുന്നത്. ഈ മേഖലയിലെ സബ്സിഡി എടുത്തുകളഞ്ഞാല്‍ അതിന്‍െറ പ്രത്യാഘാതം വിദേശികള്‍ക്കുണ്ടാകും. സബ്സിഡിയിലൂടെയും മറ്റും സ്വദേശി സമ്പന്നര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക പ്രയോജനം ധൂര്‍ത്തടിച്ചുപോകാതിരിക്കാനുള്ള കരുതല്‍ നിര്‍ദേശവും പ്രവാസികളെ പരോക്ഷമായി ബാധിക്കും. സ്വദേശി തൊഴില്‍ സംരംഭകര്‍ നിയന്ത്രിക്കുന്ന സ്വകാര്യ മേഖലയില്‍ നിലവില്‍ വിദേശ തൊഴിലാളികള്‍ക്ക് ലഭിച്ചുപോരുന്ന ഫ്ളാറ്റ് വാടക, ഇന്‍ഷുറന്‍സ് തുടങ്ങിയ ആനുകൂല്യങ്ങള്‍ വെട്ടികുറക്കാന്‍ കമ്പനികള്‍ പ്രേരിതരാകും.
എന്നാല്‍ അമേരിക്കയിലും മറ്റും നിലവിലുള്ള മാതൃകയിലാണ് നിര്‍ദ്ദിഷ്ട ‘ഗ്രീന്‍ കാര്‍ഡ്’ സംവിധാനം നടപ്പാകുന്നതെങ്കില്‍ അതാവും വിഷന്‍ 2030 വിദേശികള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ പ്രതീക്ഷ. വിദേശ നിക്ഷേപകര്‍ക്കും തൊഴില്‍ സംരംഭകര്‍ക്കും തൊഴില്‍ വൈദഗ്ധ്യമുള്ളവര്‍ക്കും നിലവിലെ സ്പോണ്‍സര്‍ഷിപ് സംവിധാനത്തിന്‍െറ പരിമിതികളൊന്നുമില്ലാതെ രാജ്യത്ത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ തങ്ങി തങ്ങളുടെ മേഖലകളില്‍ സ്വാതന്ത്ര്യത്തോടെ ഇടപെടാനും മികച്ച ഫലമുണ്ടാക്കാനുമുള്ള സാഹചര്യമുണ്ടാകും. രാജ്യത്തിന്‍െറ കവാടങ്ങള്‍ വിനോദസഞ്ചാരത്തിനായി തുറന്നുകൊടുക്കുന്നതിന്‍െറ പരോക്ഷ ഗുണവും തൊഴിലവസരം ഉള്‍പ്പെടെയുള്ളവയില്‍ പ്രവാസികള്‍ക്കുണ്ടാവും. ഉംറ വിസകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും വിദേശികള്‍ക്ക് ഗുണം ചെയ്യുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.